അരങ്ങിനെ ആഘോഷമാക്കി അച്ഛനും മകളും (Watch Video)

0

കല്യാൺ ശ്രുതിലയ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിലാണ് സീതാപഹരണത്തിന്റെ നൃത്താവിഷ്കാരവുമായി ഡോ സജീവ് നായരും മകൾ വിദ്യാ നായരും സദസ്സിനെ വിസ്മയിപ്പിച്ചത്. മുംബൈയിൽ റിലൈൻസ് ഇൻഡസ്ട്രീസിലെ വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഡോ സജീവ് നായർ ഗുരു ഗോപിനാഥിന്റെ ശിഷ്യനാണ്. മകൾ വിദ്യയും അച്ഛനെപ്പോലെ ക്ലാസ്സിക്കൽ ഡാൻസിൽ പ്രാവീണ്യം നേടിയ കലാകാരിയാണ്.

പ്രശസ്ത നൃത്താദ്ധ്യാപകൻ ജിജിയാണ് വിദ്യയുടെ ഡാൻസ് ഗുരു. ഇപ്പോൾ ഗുരു ചന്ദ്രലേഖയുടെ കീഴിൽ ഭരതനാട്യം പഠിക്കുന്ന വിദ്യ അച്ഛനോടൊപ്പം വേദി പങ്കിടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുൻപ് മീരാ റോഡിലായിരുന്നു അച്ഛനും മകളും അരങ്ങിൽ തിളങ്ങിയത്.

നിരവധി നൃത്ത പരിപാടികളും നാടകവും സംവിധാനം ചെയ്തിട്ടുള്ള സജീവ് നായർ ഇതാദ്യമായാണ് വേട നൃത്തം മുംബൈ വേദിയിൽ അവതരിപ്പിക്കുന്നത്. കല്യാണിൽ കലാസ്നേഹികളുടെ പ്രശംസ പിടിച്ചു പറ്റിയ നൃത്താവിഷ്കാരം നൂതന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തിയാണ് സജീവ് നായർ അവതരിപ്പിച്ചത്. ആദ്യ സീനിൽ രാവണ പ്രഭുവിന്റെ പ്രതാപവും ഗാംഭീര്യവും പകർന്നാടിയ സജീവ് തൊട്ടടുത്ത സീനിൽ ഹനുമാനായി രംഗ പ്രവേശം ചെയ്യുമ്പോഴുള്ള ഭാവമാറ്റവും ശരീര ഭാഷയും തിളക്കമുള്ള പ്രകടനത്തിലൂടെ ഗംഭീരമാക്കി. തുടർന്ന് വേടനായി അരങ്ങ് വാഴുകയായിരുന്നു അനുഗ്രഹീതനായ കലാകാരനായ ഈ മുംബൈ മലയാളി. നടന നൃത്ത വൈഭവത്തിന്റെ വിവിധ ഭാവങ്ങൾ സജീവിന്റെ കൈകളിൽ ഭദ്രമായിരുന്നു. കോർപ്പറേറ്റ് രംഗത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലയ്ക്ക് വേണ്ടി സമയം കണ്ടെത്തുന്ന സജീവ് നായർ മുംബൈയിലെ സാംസ്‌കാരിക ലോകത്തിന് ഒരു മുതൽക്കൂട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here