കൈയിൽ ലൈക്കാകർഷണ യന്ത്രം കെട്ടിയിട്ടും പോസ്റ്റുകൾക്ക് വേണ്ട വിധം ലൈക്കുകൾ കിട്ടാത്തതിനാൽ അയാൾ യന്ത്രം ഉണ്ടാക്കി കൊടുത്ത മന്ത്രവാദിയെ സമീപിച്ചു.
യന്ത്രം കെട്ടിയപ്പോൾ നല്ല ഫല സിദ്ധി ഉണ്ടായിരുന്നതാ… പോസ്റ്റ് ഇട്ട് സെക്കന്റുകൾക്കുള്ളിൽ ആളുകൾ ലൈക്കുമായി വരുമായിരുന്നു. ഇതിപ്പോൾ ഒരു ദിവസം മുഴുവൻ നോക്കി ഇരുന്നാലും ഒന്നോ രണ്ടോ ലൈക്കുകൾ. അയാൾ പരാതി ബോധിപ്പിച്ചു.
യന്ത്രം ശുദ്ധമായി സൂക്ഷിക്കുന്നില്ലേ, ഈ യന്ത്രം കെട്ടിയാൽ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. രാവിലെ കുളിച്ച് ശുദ്ധമായി ഓം വാട്‍സ് ആപ്പായ നമഃ , ഓം ഫെയ്‌സ്ബുക്കായ നമഃ എന്ന് പതിനെട്ട് തവണ കിഴക്കോട്ട് നോക്കി ചൊല്ലണം.
ചൊല്ലാറുണ്ട് തിരുമേനി, കുറച്ച് ദിവസം മുന്നേ അറിയാതെ ഒരു കെയ്ക്കിന്റെ കഷ്ണം കഴിച്ചു. എഗ്ഗ്‌ലെസ്സ് കേയ്ക്ക് എന്നാണ് പറഞ്ഞത്, പക്ഷെ കഴിച്ചു കഴിഞ്ഞാണ് അറിയുന്നത് എഗ്ഗ്‌ലെസ്സ് എന്നാൽ ലെസ്സ് എഗ്ഗ് (കുറച്ച് എഗ്ഗ്) ഉള്ള കെയ്ക്കാണെന്ന്
ശുദ്ധിഭംഗം, അത് തന്നെ പ്രശ്നം, ഈ ലൈക്കുകളുടെ ഭാവാധിപൻ ആയ വ്യാഴം കർമ്മസ്ഥാനത്ത് വരികയും ശനി കമന്റ് പഥത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന മാസമാണ് ഇത്, പോരാത്തതിന് ജന്മ മാസവും.. ഒരുപാട് അരിഷ്ടതകൾ ലൈക്കിന്റെ കാര്യത്തിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.
ഇതിന് എന്തെങ്കിലും പരിഹാരം തിരുമേനി ?
ഒരു പരിഹാരമാർഗമേ ഞാൻ കാണുന്നുള്ളൂ, പോസ്റ്റിനടിയിൽ ലൈക്കുകൾ സ്വീകരിക്കുന്നതല്ല, എന്നെഴുതുക
എന്നാലെന്താണ് ഗുണം. ?
അങ്ങനെ എഴുതിയാൽ ആളുകൾ കൂട്ടത്തോടെ ലൈക്കിടും, കല്യാണത്തിന്റെ ക്ഷണക്കത്തിൽ ഉപഹാരങ്ങൾ സ്വീകരിക്കില്ല എന്നെഴുതാറില്ലേ, കൊടുക്കാൻ വിചാരിക്കാത്തവനും അപ്പോൾ ഗിഫ്റ്റ് കൊടുക്കും.
ഞാനൊരു ഭസ്മം തരാം, ഇത് രാവിലെയും വൈകീട്ടും കഴിക്കുക. എല്ലാ വിഷമങ്ങളും മാറും . മന്ത്രവാദി പറഞ്ഞു.
എന്തിനാണ് ഭസ്മം? അയാൾ ചോദിച്ചു.
ഇത് ഉറക്കത്തിനുള്ളതാണ്, ഇത് കഴിച്ചാൽ എപ്പോഴും ഉറക്കം തൂങ്ങി ഇരിക്കും . ഒന്നും എഴുതാൻ പറ്റില്ല, അപ്പോൾ ലൈക്കിന്റെ വിഷമവും മാറും.
രാജൻ കിണറ്റിങ്കര (Mob +91 73049 70326 )