നഗരത്തിലെ എഴുത്തുകാരല്ലെങ്കിലും പുറത്ത് നിന്നുള്ള ചില പുതു എഴുത്തുകാർ അവരുടെ എഴുത്തുകൾ വാട്‍സ് ആപ്പിൽ അയച്ചു തന്ന് എന്തെങ്കിലും തിരുത്തലുകൾ വേണോ എന്ന് എന്നോട് ആവശ്യപ്പെടാറുണ്ട്, സമയം കിട്ടുകയാണെങ്കിൽ എന്റെ അറിവ് വച്ച് ഞാൻ തിരുത്തിക്കൊടുക്കാറും ഉണ്ട്. പലരും ഗ്രൂപ്പുകളിൽ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ നമ്പർ എടുത്തായിരിക്കും ഇതയക്കുന്നത്. അതിനാൽ തന്നെ, നമ്പർ എന്റെ ഫോണിൽ സേവ്ഡ് ആയിരിക്കില്ല. അങ്ങനെ ഒരു കവിതയിൽ ചില തിരുത്തലുകൾ നടത്തുമ്പോഴാണ് ഒരു ഫോൺ വരുന്നത്, പരിചയമുള്ള ഒരു പഴയ സുഹൃത്താണ് . അദ്ദേഹം ഓൺലൈനായി മൽസ്യം മാംസം എന്നിവ വിൽക്കുന്ന ഒരു സംരംഭം തുടങ്ങിയിരിക്കുന്നു. അത് പറയാനാണ് വിളിച്ചത്, മാർക്കറ്റ് വിലയേക്കാൾ ലാഭത്തിൽ തരാം, കട്ട് ചെയ്തു വൃത്തിയാക്കി അയക്കും, മൽസ്യത്തിന്റെയും മാംസത്തിന്റെയും ഫോട്ടോയും വാട്‍സ് ആപ്പിൽ അയച്ചിട്ടുണ്ടത്രെ, നോക്കി ഇഷ്ടമുള്ളത് ഓർഡർ ചെയ്യാനാണ് ഫോൺ. ശരി നോക്കാം എന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ച് വീണ്ടും കവിത തിരുത്തലിലേക്ക് തിരിഞ്ഞു.
കവിതയിൽ വരികൾ മുറിച്ചതൊന്നും ശരിയായിരുന്നില്ല, അതിനാൽ ഞാൻ പറഞ്ഞു ഇത് മുറിച്ചത് ഒട്ടും ശരിയല്ല, ഒന്നുകൂടി ചെറുതാക്കണം.
ഉടനെ അങ്ങേ തലക്കൽ നിന്ന് മറുപടി വന്നു, ഇനി ചെറുതാക്കാൻ പറ്റില്ല സാർ, ഇത് സ്റ്റാൻഡേർഡ് സൈസ് ആണല്ലോ
സ്റ്റാൻഡേർഡ് സൈസ് ആണത്രേ, അഹങ്കാരി, എന്നോട് തിരുത്താൻ പറഞ്ഞിട്ട് എന്റെ തിരുത്തൽ സ്വീകരിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്തിനാണ് എന്നോട് ആവശ്യപ്പെട്ടത് എന്ന് മനസ്സിൽ പറഞ്ഞു ഞാൻ അടുത്ത തിരുത്തലിലേക്ക് കടന്നു.
ഒന്നുകൂടി വൃത്തി ആക്കണം എന്ന് തോന്നുന്നു, എങ്കിലേ സുഖമുണ്ടാകൂ
വൃത്തി ആക്കിയതാണ് ആണ് സാർ, വാട്സ്ആപ്പിൽ അല്ലെന്ന് തോന്നുന്നതാണ് സാറിന്
ആ അഭിപ്രായവും സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല.
ശരി വാലറ്റം എപ്പോഴും കാമ്പുള്ളതായിരിക്കണം. എങ്കിലേ ആസ്വാദനം കിട്ടൂ.. ഇതെന്റെ അവസാനത്തെ തിരുത്തലായിരുന്നു
സാർ, അത് ഓരോന്നിനും അനുസരിച്ചിരിക്കില്ലേ, മാന്തൾ ആണെങ്കിൽ വാലറ്റം ശുഷ്കിച്ചത് ആയിരിക്കും, സ്രാവ്, മത്തി ഇതൊക്കെ കാമ്പുള്ളതായിരിക്കും.
സ്രാവും മത്തിയും എവിടന്നു വന്നു, കവിതക്കിടയിൽ, ഞാൻ ചോദിച്ചു.
ഞാൻ കവിതയല്ല സാർ, സുഷമയാണ്, അവൾ പറഞ്ഞു.
പെട്ടെന്ന് ഞാൻ തിരുത്തലുകൾ ചെയ്തുകൊണ്ടിരുന്ന ഇൻബോക്സ് സ്ക്രോൾ ചെയ്തു നോക്കി, അവിടെ മൽസ്യം, മട്ടൻ, ചിക്കൻ ഇവയുടെ കുറെ പീസാക്കിയ ചിത്രങ്ങളും വിലയും കൊടുത്തിരിക്കുന്നു.
തിരുത്തലിനിടയിൽ ഫോൺ വന്നപ്പോൾ താൻ ബോക്സ് മാറി ഇതുവരെ സംസാരിച്ചത് മീൻകാരിയോടാണെന്ന് അപ്പോഴാണ് അയാൾക്ക് ബോധ്യമായത്.
ഫോൺ ഓഫ് ചെയ്തു രക്ഷപെടാൻ നോക്കുമ്പോൾ അവളുടെ ഒരു മെസ്സേജ് കൂടി, ചിക്കൻ രണ്ടു കിലോ അയക്കട്ടെ സാർ, ക്യാഷ് ഓൺ ഡെലിവറി ഉണ്ട്.

രാജൻ കിണറ്റിങ്കര (+91 73049 70326)