1988 ൽ ഇറങ്ങിയ സിനിമയാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. അതിൽ മോഹൻലാൽ ശ്രീനിവാസനോട് പറയുന്നൊരു ഡയലോഗുണ്ട്, “ഞാനൊരു സത്യം പറയട്ടെ, ഞാൻ വെള്ളമടിച്ചിട്ടുണ്ട് , സൈമണിൻ്റെ സെൻ്റ് ഓഫ് പാർട്ടിക്ക് ഒരു ഗ്ലാസ് ബിയർ” എന്ന് .
അതെ, അന്ന് അഭ്യസ്ഥവിദ്യനായ തൊഴിലുള്ള ഒരു ചെറുപ്പക്കാരൻ ഒരു ഗ്ലാസ് ബിയർ അടിക്കുന്നതും ഉറ്റ സുഹൃത്തിനോട് രഹസ്യമായി പറയുന്ന ഒരു കാര്യമായിരുന്നു. കാലം മാറിയിരിക്കുന്നു, നമ്മൾ കാലത്തെ തഴഞ്ഞ് കാലക്കേടിനെ കൊണ്ടുവന്നു എന്നതാവും ശരി.
ആ സിനിമ ഇറങ്ങിയ കാലത്ത് ഞാൻ കൗമാരം കഴിഞ്ഞ് യൗവനത്തിലേക്ക് പകച്ച് നോക്കുകയായിരുന്നു. നാടൻ കള്ള് ഷാപ്പിന് മുന്നിൽ കൂടെ നടന്ന് പോകാൻ പോലും വിലക്കുള്ള കാലം. റോഡിലൂടെ പോകുമ്പോൾ അങ്ങോട്ട് നോക്കുന്നത് പോലും ചീത്ത കുട്ടി എന്ന സ്ഥാനപ്പേർ ചാർത്തി തരും. ഉപദേശിക്കാനും ശാസിക്കാനും വീട്ടുകാരേക്കാൾ അധികാരം നാട്ടുകാർക്കുണ്ടായിരുന്നു. ഒരിക്കൽ അങ്ങാടിയിൽ പോയി 100 രൂപക്ക് ചില്ലറ വാങ്ങി കൊണ്ടുവരാൻ അച്ഛൻ പറഞ്ഞു, നാട്ടിലെ കടകളിലൊന്നും ചില്ലറ കിട്ടാതെ ഞാൻ തെക്ക് വടക്ക് നടക്കുന്നത് കണ്ട് ഒരാൾ പറഞ്ഞു, കുട്ട്യേ, ആ ഷാപ്പിലെ വാസൂനോട് ചോദിച്ചാൽ കിട്ടില്ലേ ചില്ലറ ? ഞാൻ അത് കേട്ട് ഷാപ്പിൻ്റെ മുന്നിലെത്തി, അതിന് മുന്നിലൂടെ പല തവണ പോയിട്ടുണ്ടെങ്കിലും തല ഉയർത്തി ഷാപ്പിനെ നോക്കുന്നത് ആദ്യമായിട്ടായിരുന്നു.
അങ്ങോട്ട് ചുവടുകൾ വയ്ക്കാൻ ഒന്നറച്ചു. പക്ഷെ ചില്ലറ ഇല്ലാതെ അച്ഛൻ്റെ അടുത്ത് ചെല്ലാനും ഒരു മടി. അതിനാൽ ഷാപ്പിലേക്കുള്ള രണ്ട് പടികൾ ചവിട്ടി, പുളിച്ച കള്ളിൻ്റെ ഗന്ധം എൻ്റെ നാസാദ്വാരങ്ങൾ ആദ്യമായറിഞ്ഞു. “വേണ്ട, അരുത്, മനസ്സ് പറഞ്ഞു, ” ചില്ലറ കിട്ടിയില്ലെങ്കിലും വേണ്ടില്ല, ഞാൻ തിരിച്ചിറങ്ങി, എന്തോ അരുതാത്തത് ഞാൻ ചെയ്ത തോന്നൽ, പിന്നെ ഒരോട്ടമായിരുന്നു വീട്ടിലേക്ക് .
ഗോട്ടികളിച്ച് നടക്കേണ്ട പ്രായത്തിൽ അവർ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ്.
വീടിൻ്റെ പടി കടക്കുമ്പോഴേ കണ്ടു. വീട്ടിലെ അംഗങ്ങളെല്ലാം ഉമ്മറത്ത് നിരന്ന് നിൽക്കുന്നു, ഒരു നൂറിൻ്റെ ചില്ലറ വാങ്ങി വരുന്നവനെ സ്വീകരിക്കാൻ ഇത്രയധികം ആളുകളോ, ഞാനൊന്ന് അന്തിച്ചു.
പടി കടന്ന് മുറ്റത്ത് എത്തും മുന്നെ ചേച്ചിയുടെ ചോദ്യം, നീ എന്തിനാ, ഷാപ്പിൽ പോയത് ? ഞാൻ ഷാപ്പിലെ പടി ഇറങ്ങി വരുന്നത് എനിക്ക് മുന്നേ ആരോ വീട്ടിലെത്തിച്ചിരിക്കുന്നു. ”ഞാൻ ഷാപ്പിലേക്കൊന്നും പോയില്ല. ചില്ലറ എവിടേം കിട്ടാത്തപ്പോൾ അവിടെ കിട്ടും എന്ന് ആരോ പറഞ്ഞപ്പോൾ രണ്ടടി അങ്ങോട്ട് വച്ചുന്നെ ഉള്ളു , പിന്നെ തിരിച്ചു പോന്നു. ” എൻ്റെ സ്വരത്തിൽ സങ്കടവും ഭയവും ഉണ്ടായിരുന്നു.
”എന്നാലിനി കള്ള് ഷാപ്പിന്ന് വാങ്ങിയ ചില്ലറയുമായി ഇങ്ങോട്ട് വരണ്ട, ” അതൊരു ശാസനയായിരുന്നില്ല, കരുതലിൻ്റെ താക്കീതായിരുന്നു.
അന്ന് എട്ടും പത്തും മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ചത് ഒരച്ഛനും ഒരമ്മയും ആയിരുന്നു. അവരൊന്നും വഴി തെറ്റിയില്ല. ഇന്ന് ഒരു കുട്ടിയെ ശ്രദ്ധിക്കാൻ പോലും മാതാപിതാക്കൾക്ക് സമയമില്ല, അവരെന്ത് ചെയ്യുന്നു, എവിടെ പോകുന്നു, ആരുമായി കൂട്ടുകൂടുന്നു, എന്ത് കഴിക്കുന്നു എന്നൊന്നും മാതാപിതാക്കൾ അറിയുന്നില്ല, അവർ ചോദിക്കുന്ന പോക്കറ്റ് മണി കൊടുത്ത് കഴിഞ്ഞാൽ തൻ്റെ ഉത്തരവാദിത്വം കഴിഞ്ഞു എന്നാണ് മിക്ക രക്ഷിതാക്കളുടേയും ചിന്ത.
ഗോട്ടികളിച്ച് നടക്കേണ്ട പ്രായത്തിൽ അവർ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമാണ്. സ്കൂൾ പറമ്പിൽ നിന്ന് ഇളനീർ എറിഞ്ഞു വീഴ്ത്തി കുടിക്കേണ്ട പ്രായത്തിൽ അവർ ബിവറേജ് ക്യൂവിലാണ് . അവരുടെ മസ്തിഷ്കത്തിൽ ഹിസ്റ്ററിയും സയൻസുമല്ല , എംഡിഎമ്മും പിന്നെ പേരറിയാത്ത എന്തൊക്കെയോ ആണ്.
എല്ലാ രക്ഷിതാക്കൾക്കും അവരുടെ കുട്ടി ലോകത്തെ ഏറ്റവും മാതൃകാ കുട്ടിയാണ്. അതുകൊണ്ട് തന്നെ അവരെ ഗുണദോഷിച്ചാൽ ശത്രുത പിടിച്ചു പറ്റാം എന്നേയുള്ളു. “ഹേയ്, എൻ്റെ കുട്ടിയുണ്ടല്ലോ — ഇങ്ങനെ പോകുന്ന മറ്റുള്ളവരുടെ മുന്നിൽ വച്ച് സ്വന്തം മക്കളെ പുകഴ്ത്തുമ്പോൾ അവരുടെ മനസ്സിൽ തോന്നുന്നത്, താനിനി എന്ത് വൃത്തികേട് കാണിച്ചാലും മാതാപിതാക്കൾ അത് വിശ്വസിക്കില്ല എന്നാണ് .
എന്തെങ്കിലും കുറ്റകൃത്യങ്ങളിൽ പെട്ട് രക്ഷിതാക്കളുടെ അടുത്തെത്തിയാൽ “ഹേയ്, എൻ്റെ കുട്ടി അത് ചെയ്യില്ല, അങ്ങനെയല്ല ഞാനവനെ വളർത്തിയത് ‘ എന്ന് പറയുന്ന രക്ഷിതാവ് ചിന്തിക്കുന്നില്ല, താൻ അവനെ വളർത്തിയതല്ലല്ലോ, അവനങ്ങ് വളർന്നതല്ലേ എന്ന് . മക്കൾക്ക് ഐഫോണും ലാപ്ടോപ്പും വാങ്ങി കൊടുക്കുന്നതാണ് ചിലർ വളർത്തുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദാരിദ്ര്യത്തിൽ വളർന്ന മാതാപിതാക്കൾ കരുതുന്നത് തങ്ങൾ അനുഭവിച്ച കഷ്ടപ്പാട് എൻ്റെ കുട്ടിക്ക് വരരുത് എന്നാണ്, ആ ചിന്ത തെറ്റാണ്, കഷ്ടപ്പാടിൻ്റെയും കണ്ണീരിൻ്റെയും ചൂട് നമ്മുടെ കുട്ടികളും അറിയണം, എങ്കിലേ സ്നേഹം, നന്മ, കരുണ, മനുഷ്യത്വം, സഹനം, സഹിഷ്ണുത ഈ വികാരങ്ങൾ കുട്ടികളിൽ ഉണ്ടാവൂ.
വീട്ടിൽ ഒരു കോഴിയെ കൊല്ലുന്ന സമയം അതിൻ്റെ പിടച്ചിൽ കേട്ട് തളരുന്നവരായിരുന്നു നമ്മൾ. ആ തലമുറയിൽ നിന്ന് അഞ്ചും ആറും പേരെയൊക്കെ ഒറ്റക്ക് വകവരുത്തുന്ന, കളിയാക്കിയതിന് സഹപാഠിയെ കൊല്ലുന്ന, ഓംലറ്റിൽ ഉള്ളി കുറഞ്ഞതിന് ഹോട്ടലുകാരന മർദ്ദിക്കുന്ന, അന്ധവിശ്വാസം മൂത്ത് അയൽവാസിയെ കൊല്ലുന്ന …… അങ്ങനെ നിരന്തരം വരുന്ന മർദ്ദനങ്ങളുടേയും കൊലപാതക വാർത്തകളിലും പകച്ച് നിൽക്കുകയാണ് ഒരു സമൂഹം. ഈ മനുഷ്യത്വമില്ലായ്മക്കും ക്രൂരതകൾക്കും എല്ലാം പുറകിൽ മദ്യമോ ലഹരിയോ ആണെന്നതാണ് സത്യം. ആരാണെന്ന് ഓർമ്മയില്ല, ഒരു മഹാൻ പറഞ്ഞിട്ടുണ്ട്, ക്ഷമിക്കാൻ കഴിയുന്നവരാണ് യഥാർത്ഥ ധീരർ, പകയും പ്രതികാരവും ഭീരുക്കളുടെയാണ് . അതിനാൽ കൊല്ലും കൊലയും ചെയ്യുന്നവരോർക്കുക, നിങ്ങൾ ധീരരല്ല, മറിച്ച് ഭീരുക്കളാണ്.
നമുക്ക് നമ്മുടെ കുട്ടികളെ വീണ്ടെടുക്കണം, അത് വാർത്തകളിൽ ഇടം പിടിക്കാനുള്ള പ്രഖ്യാപനമാകരുത്. കർശനമായ ശിക്ഷകൾ മാത്രമല്ല പരിഹാരം, ഓരോ രക്ഷിതാവും തൻ്റെ കുട്ടി തൻ്റെ നിയന്ത്രണത്തിലാണെന്ന് ഉറപ്പു വരുത്താൻ സ്വയം തീരുമാനമെടുക്കണം. വൈകിട്ട് തിരിച്ചെത്തുന്ന കുട്ടിയെ അടുത്ത് പിടിച്ച് അന്നുണ്ടായ സംഭവങ്ങൾ ചോദിച്ചറിയണം. നമ്മുടെ കുട്ടികളെ മറ്റുള്ളവർ ശാസിക്കാനിടം കൊടുക്കും മുന്നെ നമ്മൾ സ്നേഹ ശാസനകൾ നൽകി നേർവഴി കാട്ടണം.
എം ഡി എം എന്ന് കേട്ടാൽ അതെന്താണെന്ന് നിഷ്കളങ്കമായി ചോദിക്കുന്ന ഒരു തലമുറ നമുക്ക് വാർത്തെടുക്കാം. പഴയ മോഹൻലാലിൻ്റെ ” ഒരു ഗ്ലാസ് ബിയർ ‘ കേട്ട് അവർക്ക് നിഷ്കളങ്കമായി പൊട്ടിച്ചിരിക്കാൻ കഴിയട്ടെ. ഒന്നിനും സമയം ഇനിയും വൈകിയിട്ടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

രാജൻ കിണറ്റിങ്കര (Mob. 7304970326)