മഹാരാഷ്ട്രയിൽ മുംബൈ, നവി മുംബൈ, പൂനെ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരമാണ് നാസിക്. ഇക്കഴിഞ്ഞ ഞായറാഴ്ച മലയാളി സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ക്രിക്കറ്റ് മാമാങ്കം മികച്ച പ്രകടനങ്ങൾ കൊണ്ട് തിളങ്ങി.
ഞായറാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് മണി വരെ നടന്ന എൻ എം സി എ ജില്ലാതല ക്രിക്കറ്റ് ടൂർണമെന്റ് നാസിക്കിലെ മലയാളി സമൂഹത്തിന് ആവേശവും അഭിമാനവും പകരുന്നതായിരുന്നു.
മഹാരാഷ്ട്രയുടെ വിവിധ ജില്ലകളിൽ നിന്നും, കൂടാതെ ഗുജറാത്തിലെ വാപിയിൽ നിന്നും എത്തിച്ചേർന്ന മലയാളി സംഘടനകളുടെ ക്രിക്കറ്റ് റ്റീമുകൾ നാസിക്കിലെ BYK കോളേജ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാറ്റുരച്ചു
മത്സരത്തിൽ കേരളീയ സമാജം സംഭാജി നഗർ (ഔറംഗാബാദ്) ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എൻഎംസിഎ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. കൃഷ്ണ ലാൻഡ് ഡെവലപ്പേഴ്സ് ആൻഡ് ബിൽഡേഴ്സ് സ്പോൺസർ ചെയ്ത ട്രോഫി വിജയികൾക്ക് സമ്മാനിച്ചു.
ഗുജറാത്തിലെ വാപി മലയാളീ വെൽഫെയർ അസോസിയേഷൻ റണ്ണർ അപ്പ് ആയിട്ട് ട്രോഫി കരസ്ഥമാക്കി. റണ്ണർ അപ്പ് ട്രോഫി വിജയലക്ഷ്മി ഗോപാലകൃഷ്ണപിള്ള ടീച്ചറിന്റെ സ്മരണാർത്ഥമാണ് കൈമാറിയത്.
NMCA പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ, വൈസ് പ്രസിഡണ്ട് വിശ്വനാഥൻ പിള്ള, ജോയിൻറ് സെക്രട്ടറി കെ.പി.എസ് നായർ, ജോയിൻറ് ട്രെഷറർ രാജേഷ് കുറുപ്പ്, ശശിധരൻ നായർ, ശശികുമാർ, സന്തോഷ് നായർ, ശ്രീനിവാസൻ നമ്പ്യാർ,അജിൽ അലക്സാണ്ടർ, പ്രവീൺ പ്രഭാകർ,തേജ് നായർ, പ്രേം, അമൽ രാമചന്ദ്രൻ, ഹർജീത് പിള്ള, ശ്രീ നായർ, രഞ്ജി ചാക്കോ, നിഖിൽ ശശി കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
മലയാളി സംഘടനകളുടെ സഹകരണവും പിന്തുണയുമാണ് ക്രിക്കറ്റ് മാമാങ്കം വിജയിപ്പിക്കുവാൻ സഹായിച്ച ഘടകമെന്ന് NMCA ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ പറഞ്ഞു.