ഡോംബിവ്‌ലി, കല്യാൺ, മുളുണ്ട് എന്നിവിടങ്ങളിലായി ജ്വല്ലറി ഷോറൂമുകൾ ഉണ്ടായിരുന്ന വി ജി എൻ ജ്വല്ലറി ഉടമ വി ജി നായർക്കും ഭാര്യ വത്സലക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കേസിലാണ് വി ജി നായർ അറസ്റ്റിലായത്. പ്രായം, ആരോഗ്യസ്ഥിതി, ദീർഘകാല ജയിൽവാസം എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എൺപതും, എഴുപത്തി ആറും വയസ്സുള്ള വൃദ്ധ ദമ്പതികൾ മൂന്ന് വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്.
വിജിഎൻ ജ്വല്ലറി പ്രൈവറ്റ് ലിമിറ്റഡിന്റെയും വിജിഎൻ ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടർമാരായിരുന്നു ദമ്പതികൾ. ഉയർന്ന വരുമാനമുള്ള സ്വർണ്ണാഭരണങ്ങളും പണവും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുന്നതിനായി വിവിധ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പരാതികൾ.
2021 ഒക്ടോബർ 5നാണ് വി ജി നായർ അറസ്റ്റിലാകുന്നത്. 2022 ജൂൺ 7ന് ഭാര്യ വത്സലയും. പോൻസി സ്കീം നടത്തിയതിനാണ് വിശ്വാസ വഞ്ചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി താനെ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവരെ അറസ്റ്റ് ചെയ്തത്. താനെ ജില്ലയിൽ നിന്നുള്ള 13 പേർ കല്യാണിലെ കോൾസേവാഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വി ജി നായരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇഒഡബ്ല്യു അന്വേഷണം ഏറ്റെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.