മുംബൈയിലെ ഭാരതി ആരോഗ്യ നിധി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ബിജോയ് ഡാനിയലാണ് കഴിഞ്ഞ വർഷം ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. 34 വയസ്സായിരുന്നു
2024 ഫെബ്രുവരിയിലാണ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന അറിയിപ്പ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്നത്. തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇല്ലാതെയാണ് മൃതദേഹം നാട്ടിലെത്തിയതെന്നാണ് ഡാനിയലും ഭാര്യ സൂസമ്മയും പറയുന്നത്.
അതെ സമയം മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ ആരോപിക്കുന്നു. മുംബൈയിലെ സർക്കാർ ആശുപത്രിയിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയതെങ്കിലും റിപ്പോർട്ട് ഇത് വരെ ലഭിച്ചിട്ടില്ലെന്ന് കുടുംബം വേവലാതിപ്പെടുന്നു. മൃതദേഹത്തിൽ നിന്ന് കരൾ തുടങ്ങിയ അവയവങ്ങൾ എടുത്തതായാണ് കുടുംബം ആരോപിക്കുന്നത്. ബിജോയുടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നുവെന്നും കൈയ്യിൽ കാണപ്പെട്ട വലിയ മുറിവും ദുരൂഹത വർധിപ്പിക്കുന്നുവെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. കൂടാതെ ശരീരത്തിൽ കയർ ഉപയോഗിച്ച് വലിഞ്ഞു കെട്ടിയതിന്റെ പാടുകളും കണ്ടതായി മാതാപിതാക്കൾ പറയുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി അന്ന് മുതൽ ശ്രമിക്കുന്നതാണെന്നും മുട്ടാത്ത വാതിലുകളില്ലെന്നും വൃദ്ധരായ മാതാപിതാക്കൾ സങ്കടപ്പെടുന്നു. മകന്റെ മരണ കാരണം അറിയണമെന്നും മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
മകന്റെ ദുരൂഹ മരണത്തിൽ അമ്മയ്ക്ക് പറയാനുള്ളത് >>>