മലപ്പുറം താനൂരിൽ നിന്ന് കാണാതായ കുട്ടികളെ കേരളത്തിൽ നിന്നെത്തിയ പോലീസ് സംഘത്തിന് കൈമാറി പൂനെയിലെ ആർ പി എഫ് ഉദ്യോഗസ്ഥർ. കേരള പോലീസിന്റെ സമർഥമായി ഇടപെടലും മുംബൈ പോലീസും മലയാളി സമാജം പ്രവർത്തരും ചേർന്ന് നടത്തിയ ശ്രമങ്ങളുമാണ് ഫലം കണ്ടത്.
പെൺകുട്ടികളെ നാളെ ഉച്ചയോടെ നാട്ടിലെത്തിയ്ക്കും.
നോർക്ക ഡെവലപ്മെന്റ് ഓഫീസർ റഫീഖ്, മുംബൈയിലെ സാമൂഹിക പ്രവർത്തകരായ മനോജ് കുമാർ, സുധീർ, കൂടാതെ പൂനെയിൽ എം വി പരമേശ്വരൻ എന്നിവരടക്കം നിരവധി മലയാളി സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകൾ ശ്ലാഘനീയമായിരുന്നു.
മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് ചെന്നൈ – എഗ്മോർ എക്സ്‌പ്രസ് ട്രെയിനിൽ ലോണാവാലയിൽ വച്ച് കണ്ടെത്തിയത്. കേരള പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മുംബൈ പോലീസിന്റെ പഴുതടച്ച അന്വേഷണം. മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരുടെ കരുതലും ജാഗ്രതയും ഫലം കണ്ടു.
ബോംബെ കേരള മുസ്ലിം ജമാ അത് ജനറൽ സെക്രട്ടറി സി എച്ച് അബ്ദുൽ റഹ്മാനും കേരള പോലീസിനോടൊപ്പം പുനെയിലെത്തിയാണ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയത്. തുടർന്നാണ് ആർ പി എഫ് ഉദ്യോഗസ്ഥർ പെൺകുട്ടികളെ കേരള പൊലീസിന് കൈമാറിയത് . പൻവേലിൽ നിന്ന് ഗരീബ് രഥ് ട്രെയിനിൽ പുറപ്പെടുന്ന സംഘം നാളെ ഉച്ചയോടെ പാനൂരിലെത്തും. പെൺകുട്ടികൾ ഇന്ന് വീട്ടുകാരുമായി ഫോണിലും വീഡിയോ കാളിലും സംസാരിച്ചിരുന്നു.
അതെ സമയം ഇവരോടൊപ്പമുണ്ടായിരുന്ന റഹിം കേരളത്തിലേക്ക് മടങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞത്. റഹീമിനെ കേരളത്തിൽ കസ്റ്റഡിയിൽ എടുത്തായിരിക്കും ചോദ്യം ചെയ്യുക. പെൺകുട്ടികളുടെ മുംബൈ യാത്രയിൽ റഹീമിന്റെ പങ്ക് പോലീസ് അന്വേഷിക്കും. കൂടാതെ വേറെ ആരുടെയെങ്കിലും പ്രലോഭനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നോ എന്നും വ്യക്തത വരുത്തും.