ബൃഹത്തായ ഒരു സംസ്കൃതിയുടെ ഉടമകളാണ് നമ്മള്‍ മലയാളികള്‍. അതില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനം വളരെ വലുതാണ്. പക്ഷെ അതൊന്നും ഏറെക്കാലം നിലനില്‍ക്കുമെന്ന് പ്രത്യാശിക്കാന്‍ പറ്റാത്ത ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഒരു മതം രാഷ്ട്രമായി മാറിയാല്‍ എന്താണ് സംഭവിക്കുന്നത് എന്നതിന് ഉത്തമോദാഹരണമാണ് അഫ്ഘാനിസ്ഥാന്‍. മതം ഏതു രാജ്യത്തെ വിഴുങ്ങിയാലും ഇത് തന്നെ സംഭവിക്കും. അതുകൊണ്ട് സ്ത്രീ സങ്കല്പങ്ങളെ ഏറെ കരുതലോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകണം.
അന്താരാഷ്‌ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച അദ്ധ്യാപക സംഗമത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രശസ്ത കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട.

എഴുത്തച്ഛനെപ്പോലെ മഹാനായൊരു കവി ലോകത്തിലെ മറ്റേതെങ്കിലും അന്തര്‍ദ്ദേശീയ ഭാഷയിലാണ് എഴുതിയിരുന്നതെങ്കില്‍ ഇന്നദ്ദേഹം ലോക ഭാഷകളുടെ പിതാവായി അറിയപ്പെടുമായിരുന്നുവെന്നും കേരളമല്ലാതെ, മറുനാടുകളില്‍ ജീവിക്കുന്നവരെ സ്വന്തം ഭാഷ പഠിപ്പിക്കാന്‍ വേണ്ടി ബഡ്ജറ്റില്‍ നിന്ന് പണം ചെലവാക്കുന്ന മറ്റൊരു സർക്കാരും ലോകത്തെവിടെയുമില്ലെന്നും കാട്ടാക്കട ചൂണ്ടിക്കാട്ടി. മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച് ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്ററുകള്‍ക്ക് മാതൃകയാവുന്ന മുംബൈ ചാപ്റ്ററിനെ അദ്ദേഹം അഭിനന്ദിച്ചു. മറ്റൊരു ചാപ്റ്ററും നടത്താത്ത ഗൃഹസന്ദര്‍ശനം പോലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളെയും പുകഴ്ത്തി സംസാരിച്ചു.
മാര്‍ച്ച് 9 ന് രാവിലെ 10 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ മലയാളം മിഷന്‍ അവതരണ ഗാനത്തോടെ ആരംഭിച്ച ശക്തിസംഗമത്തില്‍ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് രാജശ്രീ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി റീന സന്തോഷ് സ്വാഗതമാശംസിച്ചു. രുഗ്മിണി സാഗര്‍ (ചാപ്റ്റര്‍ ഉപദേശക സമിതി ചെയര്‍പേഴ്സന്‍), ടി.എന്‍.ഹരിഹരന്‍ (ചാപ്റ്റര്‍ ഉപദേശക സമിതി അംഗം, കെ.കെ.എസ് പ്രസിഡന്റ്), കാദര്‍ ഹാജി (ചാപ്റ്റര്‍ ഉപദേശക സമിതി അംഗം), പി.കെ.ലാലി (ചാപ്റ്റര്‍ ഉപദേശക സമിതി അംഗം), പ്രിയ വര്‍ഗ്ഗീസ് (ചാപ്റ്റര്‍ ഉപദേശക സമിതി അംഗം, സെക്രട്ടറി, കെയര്‍ ഫോര്‍ മുംബൈ), ഡോ.വേണുഗോപാലന്‍ (ചാപ്റ്റര്‍ ചെയര്‍മാന്‍) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മുംബൈ ചാപ്റ്ററിലെ വനിതാ ഭാരവാഹികളായ ലതിക ബാലകൃഷ്ണന്‍, നിഷ പ്രകാശ്, സജിനി സുരേന്ദ്രന്‍, സുമ ശശിധരന്‍, സിന്ധു വിജയന്‍ എന്നിവരും സി.എന്‍. ബാലകൃഷ്ണന്‍ (ചാപ്റ്റര്‍ വിദഗ്ദ്ധ സമിതി ചെയര്‍മാന്‍), ആര്‍.ഡി.ഹരികുമാര്‍ (ചാപ്റ്റര്‍ പ്രസിഡന്റ്), രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (ചാപ്റ്റര്‍ സെക്രട്ടറി) എന്നിവരും വേദി പങ്കിട്ടു.
കേരളത്തിലെ എസ്എസ്എല്‍സി പരീക്ഷക്ക് തത്തുല്യമായ മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയ മുംബൈ ചാപ്റ്ററിലെ 21 പഠിതാക്കളെ വേദിയില്‍ ആദരിച്ചു. മലയാളം മിഷന്‍റെ ഈ വര്‍ഷത്തെ ബോധി അധ്യാപക പുരസ്കാരം നേടിയ നിഷ പ്രകാശിനെ മുഖ്യാതിഥി മൊമെന്റോ നല്‍കി ആദരിച്ചു. നിഷ പ്രകാശ് തന്റെ മലയാളം മിഷന്‍ അനുഭവങ്ങള്‍ സദസുമായി പങ്കു വച്ചു.
2023, 2024 വര്‍ഷങ്ങളിലെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ മേഖലാ തലത്തിലും ചാപ്റ്റര്‍ തലത്തിലും വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. പി.ടി.ഭാസ്കര പണിക്കര്‍ സ്മാരക ബാലശാസ്ത്ര പരീക്ഷ 2024 ല്‍ പങ്കെടുത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. നിസ്വാര്‍ഥ സേവനം നടത്തുന്ന ചാപ്റ്ററിലെ നിലവിലുള്ള അദ്ധ്യാപകരെ വേദിയില്‍ ആദരിച്ചു.

മുംബൈ ചാപ്റ്റര്‍ നടത്തിയ “എഴുത്തുശാല” കയ്യെഴുത്തു പുസ്തക മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ (“തേന്മൊഴി”) കൊങ്കണ്‍ മേഖല പഠന കേന്ദ്രങ്ങള്‍ക്കും, രണ്ടാം സമ്മാനം നേടിയ (“അക്ഷരവണ്ടി”) വിക്രോളി മലയാളി സമാജം പഠനകേന്ദ്രത്തിനും, മൂന്നാം സമ്മാനം നേടിയ (“അക്ഷരതീരം”) ടി.ടി.എഫ്.എ.സി പഠനകേന്ദ്രത്തിനും സര്‍ട്ടിഫിക്കറ്റുകളും സമ്മാനത്തുകയും സമര്‍പ്പിച്ചു. ഈ മത്സരത്തില്‍ ലഭിച്ച 24 കയ്യെഴുത്തു പുസ്തകങ്ങള്‍ രചിച്ച പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. റിപബ്ലിക് ദിനത്തില്‍ മുംബൈ ചാപ്റ്റര്‍ സംഘടിപ്പിച്ച 6 മണിക്കൂര്‍ നീണ്ടു നിന്ന ഓണ്‍ലൈന്‍ ഭരണഘടന വിജ്ഞാന പരിപാടികള്‍ അവതരിപ്പിച്ച ഓരോ മേഖലയില്‍ നിന്നുള്ള പഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
രാമചന്ദ്രന്‍ മഞ്ചറമ്പത്ത് നന്ദി പ്രകാശിപ്പിച്ചു. രാജലക്ഷ്മി ഹരിദാസ് അവതാരകയായിരുന്നു.