മുംബൈയിൽ താനെ ലേക് സിറ്റി മലയാളി വെൽഫെയർ അസോസിയേഷൻ ലോക വനിതാദിനം ആഘോഷിച്ചു. മാർച്ച് 9 ന് ലോക്പുരം ഫെഡറേഷൻ ഹാളിലായിരുന്നു പരിപാടികൾ. ഡയറ്റീഷ്യൻ അപൂർവ ഷിൻഡെ നടത്തിയ “മാസ്റ്റർ ദി മെനോപോസ്” എന്ന തലക്കെട്ടോടെ ആഹാരശീലങ്ങേളയും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിവരിച്ച സെമിനാർ ശ്രദ്ധേയമായി.
നിസ്സാരമായി സ്ത്രീകൾ തള്ളിക്കളയുന്ന ലക്ഷണങ്ങൾ അവരുടെ ആരോഗ്യത്തെ പിന്നീട് എങ്ങനെ ബാധിക്കുമെന്നും അതിനെ ഭക്ഷണശീലത്തിൽ കൂടി എങ്ങനെ തടയാമെന്നും ഷിൻഡെ വിശദീകരിച്ചു. പോഷണത്തെ കുറിച്ചുള്ള പല മിഥ്യാ ധാരണകൾ ഉടച്ചു മാറ്റിയാണ്, ആരോഗ്യത്തെ അവഗണിക്കുന്ന പ്രവണതയെ ഇനി മുതൽ എങ്ങനെ നോക്കിക്കാണമെന്ന് അപൂർവ ഷിൻഡെ വിവരിച്ചത്.
എല്ലാ പ്രായത്തിൽപെട്ട വനിതകൾക്കും ഉപകാരപ്രദമായിരുന്നു സെമിനാർ. തുടർന്ന് സംശയ നിവാരണവും നടന്നു.
മികച്ച പ്രതികരണമാണ് പങ്കെടുത്ത വനിതകൾ പങ്ക് വച്ചത്. ഇതുപോലെയുള്ള ബോധവത്കരണ സെമിനാറുകൾ ലേക് സിറ്റി അസ്സോസ്സിയേഷൻ യഥാസമയം നടത്തി വരാറുണ്ടെന്നും വനിതാ ദിനമെന്ന പ്രത്യേകത പരിഗണിച്ചാണ് സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചതെന്നും അസ്സോസ്സിയേഷൻ പ്രസിഡൻ്റ് ബീന കാണി വ്യക്തമാക്കി. സെമിനാറിനെ തുടർന്ന് കളികളും കലാപരിപാടികളുമായാണ് ലോക വനിതാദിനത്തെ ഇവരെല്ലാം ആഘോഷമാക്കിയത്.
.
കമ്മിറ്റി മെമ്പർ രേഖ വർമ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഴ്സി അലക്സ് സ്വാഗതവും ലാലി സുനിൽ കുമാർ നന്ദിയും പറഞ്ഞു.