ആംചി മുംബൈ ‘ന്യൂസ് മേക്കർ ഓഫ് ദി ഇയർ’ പ്രഖ്യാപിച്ചു.

ആംചി മുംബൈ മ്യൂസിക് റിയാലിറ്റി ഷോയോട് അനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക ചടങ്ങിൽ വച്ച് പുരസ്‌കാരം കൈമാറും

0

മുംബൈ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലൂടെ സമാന്തരമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആംചി മുംബൈ 500 എപ്പിസോഡുകൾ പിന്നിട്ടിരിക്കുകയാണ്. ഈ ജൈത്രയാത്രയുടെ ആഘോഷവേളയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിനാണ് മുംബൈ മലയാളിയായ കൃഷ്ണൻ കുട്ടി നായർ അർഹനാകുന്നത് . പോയ വർഷം മുംബൈ മലയാളികൾക്കിടയിൽ വാർത്തകളിൽ ഇടം നേടിയ നിരവധി വ്യക്തികളിൽ നിന്നാണ് കൃഷ്ണൻകുട്ടി നായരെ തിരഞ്ഞെടുക്കുന്നത്.

മകളുടെ വിവാഹത്തിന് അനാവശ്യ ചിലവുകളും ധൂർത്തും ഒഴിവാക്കി നിർദ്ദനരായ13 കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കുള്ള ചികിത്സാ ചിലവുകൾ വഹിച്ച കൃഷ്ണൻകുട്ടി നായർ മുംബൈ മലയാളികൾക്ക് മാത്രമല്ല ലോക മലയാളികൾക്ക് കൂടി മാതൃകയാണ്. മുംബൈയില്‍ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു ജീവിക്കുന്ന കൃഷ്ണൻകുട്ടി നായർ എന്ന സാമൂഹിക സേവകനാണ് ആംചി മുംബൈ ന്യൂസ് മേക്കർ ഓഫ് ദി ഇയർ 2018 ബഹുമതിക്ക് അർഹനാകുന്നത് .

ഇക്കഴിഞ്ഞ വർഷം അമൃത ഹോസ്പിറ്റലില്‍ ഡോ ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു ഹൃദയശസ്ത്രക്രിയകളിലൂടെ പാവപ്പെട്ട 13 പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പുതുജീവന്‍ സമ്മാനിച്ചത്. ആദ്യം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 7 കുട്ടികളുടെ ചികിത്സാ ചിലവുകൾ വഹിക്കുവാനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് തനിക്ക് ലഭിച്ച 13 കുട്ടികളുടെയും അപേക്ഷകൾ പരിഗണിക്കുകയായിരുന്നു കൃഷ്ണൻകുട്ടി നായർ.

സമൂഹത്തിന് നന്മയുടെ സന്ദേശം പകർന്നാടിയ വാർത്തയായിരുന്നു അത്. കൈരളി ടി വി, പീപ്പിൾ ടി വി കൂടാതെ ആംചി മുംബൈയിലും വളരെ പ്രാധാന്യത്തോടെയാണ് ഈ വാർത്ത പ്രക്ഷേപണം ചെയ്തിരുന്നത്. രാജ്യത്തും വിദേശത്തുമുള്ള നിരവധി പ്രമുഖരും പ്രശസ്തരും കൃഷ്ണൻകുട്ടി നായർ ചെയ്ത നന്മയെ പ്രകീർത്തിച്ചു സന്ദേശങ്ങൾ അയച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് ഈ വാർത്ത ഷെയർ ചെയ്തു നന്മയുടെ സന്ദേശത്തിന് പ്രചാരം നൽകിയത്. സമൂഹ മാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു ഈ സൽപ്രവർത്തി.

ആദർശം വിളമ്പുന്ന ജനപ്രതിനിധികൾ വരെ മക്കളുടെ വിവാഹത്തിനായി കോടികൾ ധൂർത്തടിക്കുന്ന കാലത്താണ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കൃഷ്ണൻ കുട്ടി നായർ എന്ന മനുഷ്യ സ്‌നേഹി സ്വന്തം മകളുടെ വിവാഹ ചിലവ് ചുരുക്കി 13 കുട്ടികൾക്ക് പുതുജീവൻ നൽകുവാൻ തയ്യാറായത്. ഉല്ലാസനഗറിലാണ് കൃഷ്ണൻ കുട്ടി നായർ കുടുംബ സമേതം താമസിക്കുന്നത്. പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ഈ പാലക്കാട്ടുകാരൻ.മകൾ അഞ്ജുഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞയുടൻ കൃഷ്ണൻകുട്ടി നായർ എടുത്ത ആദ്യം തീരുമാനം അനുഗ്രഹമായത് നിർദ്ധനരായ 13 ഹൃദയരോഗികൾക്കായിരുന്നു. ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ ചിലവുകൾ വഹിക്കുവാനുള്ള സന്നദ്ധത അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാരുമായി പങ്കു വച്ചതോടെ കാര്യങ്ങൾ വേഗത്തിലായി. ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുൻപേ കൈവിട്ടു പോയ ജീവിതമാണ് ഈ കുരുന്നുകൾക്കെല്ലാം തിരികെ നൽകി ഈ മുംബൈ മലയാളി മാതൃകയായത്.

ഇച്ഛാശക്തിയും അർപ്പണബോധവും കൈമുതലായുള്ള കൃഷ്ണൻകുട്ടി നായർ ഉല്ലാസ് നഗറുകാർക്കു സ്വന്തം ഉണ്ണിയേട്ടനാണ്. ലക്ഷ്യ ബോധത്തോടെയുള്ള യാത്രയിൽ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും ജീവിതത്തിലെ മൂല്യങ്ങൾ കൈമോശം വരാതെ ഇപ്പോഴും സൂക്ഷിക്കുന്നു. നവി മുംബൈയിലെ ഒരു പരസ്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ കൃഷ്ണൻകുട്ടി നായർ പ്രാരാബ്ദം നിറഞ്ഞ വലിയൊരു കുടുംബത്തിന്റെ അത്താണിയായാണ് ജീവിത മാർഗം തേടി മുംബൈയിലെത്തുന്നത്.

ആംചി മുംബൈ മ്യൂസിക് റിയാലിറ്റി ഷോയോട് അനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക ചടങ്ങിൽ വച്ച് പുരസ്‌കാരം കൈമാറും. എൽ ഐ സി മാനേജിങ് ഡയറക്ടർ ബി വേണുഗോപാൽ മുഖ്യാതിഥിയായ ചടങ്ങിൽ പ്രശസ്ത ഗായകൻ കാവാലം ശ്രീകുമാർ, ചലച്ചിത്ര താരം ശ്രീധന്യ തുടങ്ങിയ പ്രശസ്തർ വിശിഷ്ടാതിഥികളായിരിക്കും. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും.


Venue : Kairali Cultural ComplexSector 8, CBD Belapur, Navi Mumbai
Date : Sunday, 7th April 2019 . time . 5 p.m.


LEAVE A REPLY

Please enter your comment!
Please enter your name here