നാടകം എവിടെയുണ്ടോ അവിടെയൊക്കെ രാമകൃഷ്ണനും ഉണ്ടെന്നാണ് മുംബൈ നാടക ലോകം വിലയിരുത്തുന്നത്. നടനായും സംവിധായകനായും രചയിതാവായും രാമകൃഷ്ണന്റെ സാന്നിധ്യം മുംബൈ നാടക വേദിയെ സജീവമാക്കുന്നു. നല്ലൊരു സംഘാടകൻ കൂടിയായ രാമകൃഷ്ണൻ മുംബൈയിലെ ഒട്ടു മിക്ക നാടക പരിപാടികളിലും ഓടിയെത്തുന്നു. നാടകമെന്നാൽ ജീവിതമാണ് ഈ കലാകാരന്.
മുംബൈയിൽ ഇത്രയേറെ നാടകത്തോട് അഭിനിവേശമുള്ള മറ്റൊരു നാടക പ്രവർത്തകനെ ചൂണ്ടി കാണിക്കാനാകില്ലെന്നാണ് ഈ രംഗത്തു സജീവമായ നടന്മാരും പറയുന്നത്. മുംബൈയിൽ കേരള സംഗീത നാടക അക്കാദമിയുടെ ഇടപെടൽ ഈ മേഖലക്ക് പുത്തൻ ഉണർവാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രിയ വർഗീസ്, കേളി രാമചന്ദ്രൻ, സുരേന്ദ്രബാബു, പി ഡി ജയപ്രകാശ്, തുടങ്ങിയവർ മുംബൈയിലെ നാടക വേദിയെ സമ്പന്നവും സജീവവുമാക്കുമ്പോൾ രാമകൃഷ്ണനെ പോലുള്ള നാടക പ്രവർത്തകരാണ് ഈ അവസരങ്ങളെ ആഘോഷമാക്കുന്നത്. നിരവധി യുവ പ്രതിഭകളും ഈ മേഖലയിലേക്ക് കടന്നു വരുവാൻ തുടങ്ങിയതോടെ മുംബൈ നാടകവേദി ആവേശത്തിലാണ് .
മുംബൈയിൽ കവികളേക്കാൾ കൂടുതൽ നാടക പ്രവത്തകരെയാണ് കാണുവാൻ കഴിയുന്നതെന്നാണ് എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര ഈയിടെ തന്റെ കുഞ്ഞി കവിതയിലൂടെ ഈ മാറ്റത്തോട് പ്രതികരിച്ചത്.

സജേഷും വിവേകാനന്ദനും സാബു ഡാനിയലും വനിതാ വിഭാഗവും അസംഖ്യം യുവപ്രതിഭകളും ഖാർഘർ/CBD സമാജം പ്രവർത്തകരും ചേർന്ന് നടകങ്ങളുടെ വർണ്ണ കുടമാറ്റം ഉത്സവമാക്കി മാറ്റിയെങ്കിലും മുന്നിൽ നിന്ന് മികച്ച സംഘാടനം നടത്തിയ രാമകൃഷ്ണൻ എന്ന നിസ്വാർഥനായ അതുല്യ നാടക സ്നേഹി പ്രത്യേകം പരാമർശം അർഹിക്കുന്നു. നാടകമെവിടെയുണ്ടോ അവിടെയൊക്കെ പല ഭാവത്തിൽ, പല റോളിൽ രാമകൃഷ്ണനുണ്ട്- സാജേഷ് നമ്പ്യാർ അവതാരകനായിരുന്നു.
സി ബി ഡി കൈരളി സമാജവുമായി കൈകോർത്താണ് ഇക്കുറി ലോക നാടക ദിനത്തെ ആഘോഷമാക്കിയത്.
മുംബയിലെ കലാ- സാംസ്കാരിക രംഗത്തെ പ്രഗത്ഭരും പ്രതിഭാശാലികളും തിങ്ങിനിറഞ്ഞ സദസ്സിൽ നാടകവേദിയിലെ പുത്തൻ തലമുറയും നാടകത്തെ കഴിഞ്ഞ പതിനേഴു വർഷങ്ങളായി നെഞ്ചോട് ചേർത്തു പിടിച്ച ഖാർഘറിലെ നാടക പ്രേമികളും ഒത്തു ചേർന്നു . കൂടെ ബേലാപ്പൂരിലെ നാടക സ്‌നേഹികളും, ഇതര സമാജം പ്രവർത്തകരും കൂടി കൈകോർത്തതോടെ അത് നാടിന്റെ ഇടമായി മാറുകയായിരുന്നു.
ഖാർഘർ കേരള സമാജത്തിന്റെ ഗായക സംഘം ആഘോഷങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ‘മധുരിക്കും ഓർമ്മകൾ’* എന്ന സംഗീത വിരുന്നുമായി പിന്നണി ഗായകരായ പ്രേംകുമാർ, ബാബുരാജ് എന്നിവർ വേദിയിൽ ഈണങ്ങൾ പകർന്നാടി.
പ്രവാസി നാടക -സാംസ്‌കാരിക വേദിയുടെ പട്ടുപാവാടയിൽ കത്തുന്ന മെഴുകുതിരികളേന്തിയ കുട്ടികൾ ഭാരത മാതാവിനെ വന്ദിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ യഥാർഥ ദേശ സ്നേഹത്തിന്റെ അലയൊലികളാൽ മുഖരിതമാക്കുകയായിരുന്നു വേദിയും സദസ്സും.
രവിവർമ്മയുടെ മുല്ലപ്പൂ ചൂടിയ മലയാളി പെൺകൊടിയും, ദമയന്തിയും, ശകുന്തളയും, സരസ്വതിയുമെല്ലാം നിരവധി കഥാപാത്രങ്ങളായി ഖാർഘർ സമാജത്തിന്റെ വനിതാ വിഭാഗത്തിന്റെ അണിയറ പ്രവർത്തകരിലൂടെ അരങ്ങിലെത്തിയപ്പോൾ പെൺപെരുമയിൽ മറ്റൊരു കലാരൂപം അരങ്ങിനെ കീഴടക്കി.
സീവുഡ്‌സ് തിയേറ്റർ സ്റ്റേജ് ഉപയോഗിക്കാതെ ‘ശവങ്ങൾ’ എന്ന പരീക്ഷണ നാടകത്തിലൂടെ പി. ആർ. സഞ്ജയും കുട്ടരും നമ്മുടെ ചിന്തകൾ നമ്മളെ പ്രതിഫലിപ്പിക്കുന്നു എന്നത് ശക്തമായി പ്രകടിപ്പിച്ചത് കാണികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.
ടീം നിരഞ്ജ് തനതായ രീതിയിൽ ‘പശു’ വിലൂടെ അരങ്ങിനെ ഉണർത്തിയപ്പോൾ, മുംബയിലെ നാടക തുടർച്ച ഇത്തരം കൈകളിൽ സുരക്ഷിതമാണെന്ന ബോധം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. പ്രതിഭകളുടെ മിന്നലാട്ടം കാണികളെ കീഴടക്കി.

‘രാധിക’ – പേരു പോലെ മനസ്സിനിമ്പമേകിയ മനോഹരമായ കലാരൂപമായിരുന്നു. കാണാത്തവർക്ക് നഷ്ടബോധത്തിന്റെ വലിയ വിടവ് നിലനിർത്തിയ നാടകം, വേദിയിലെത്തിച്ചത് ബോംബെ ബ്ലാക് ബോക്സ് തീയേറ്റേഴ്‌സായിരുന്നു. ഉണർവ് നാടകമത്സരത്തിലെ ഈ സമ്മാനാർഹരെ ഹർഷാരവത്തോടെയാണ് കാണികൾ അഭിനന്ദനങ്ങൾ ചൊരിഞ്ഞത്.
ദേശീയവും അന്തർദേശീയവുമായ നിരവധി തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗവും കമ്പനി തീയേറ്റേഴ്സിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറുമായ അതുൽകുമാർ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ പ്രശസ്ത നാടക പ്രവർത്തക ടി എസ് ആശാദേവി, കെ എസ് എൻ എയുടെ വെസ്റ്റേൺ റീജിയൺ ചെയർ പേഴ്‌സൺ പ്രിയ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായെത്തി ചടങ്ങിനെ സമ്പന്നമാക്കി.
നാല് വർഷത്തോളം കേരളത്തിലുണ്ടായിരുന്ന തനിക്ക് കഥകളിയും കൂടിയാട്ടവുമൊക്കെ ഗുരു കാവാലത്തിന്റെ കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞുവെന്ന് അതുൽ കുമാർ പറഞ്ഞു. പട്ടുപാവാടയിലെ കൊച്ച് പ്രതിഭകളുടെ പ്രകടനം തിയേറ്ററുടെ ശക്തിയെ ഓർമിപ്പിച്ചുവെന്നും ഭാവി പ്രവർത്തനത്തിലേക്കുള്ള ഊർജ്ജം പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ണൂറുകളിൽ മുംബൈ നാടകരംഗത്തെ നിറസാന്നിധ്യമായിരുന്ന ആശാദേവിയും സംഘവും അവതരിപ്പിച്ച തിയേറ്റർ സ്കെച്ചസ് മുംബയിലെ കാണികൾക്ക് ഹൃദ്യമായ അനുഭവമായിരുന്നു .നാലു ഭാഗങ്ങളിലൂടെ തികച്ചും സാധാരണമായ സംഭവങ്ങൾ വളരെ ആഴത്തിൽ നമ്മളിലേക്കെത്തിക്കാനും ഓരോ പ്രേക്ഷകനെയും പൂർണമായും നാടകത്തിലേക്കു ഇഴുകിച്ചേർക്കാനും അതിനു കഴിഞ്ഞു.
ആശാദേവിയുടെ നേതൃത്വത്തിലുള്ള പെണ്ണരങ്ങിന്റെ ഫേസ്ബുക് പേജിന്റെ ഉദ്‌ഘാടനം അതുൾ കുമാർ നിർവഹിച്ചു.
കെ ഏസ് എൻ എ പ്രവാസി അമേച്ചർ നാടക മത്സരത്തിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാസ്ഥാനം നേടിയ NBKS നെരൂളിന്റെ ബോംബെ സ്കെച്ചസിനെയും അഖിലേന്ത്യാ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് നേടിയ കുമാരി വിഷ്ണുപ്രിയയെയും നാടക ലോകം അഭിനന്ദിച്ചു . മേഖലാതലത്തിൽ മികച്ച നടനായി തെരഞ്ഞെടുത്ത നിഖിൽ ഇളയിടത്തെയും, ഖാർഘർ കേരള സമാജത്തിന്റെ ഈർപ്പം എന്ന നാടകത്തിൽ പ്രേക്ഷക പ്രശംസ നേടിയ കുമാരി നിള വാര്യരെയും ശ്രീമതി മീനാമ്മയെയും ആദരിച്ചു..

പാട്ടുപാവാട ഹൃദയത്തിൽ തൊട്ടെന്ന് സാബു ഡാനിയൽ
പട്ടുപാവാട കാണുമ്പോൾ പലരംഗങ്ങളിലും കണ്ണു നിറഞ്ഞു പോയെന്നാണ് സി ബി ഡി കൈരളി ചെയർമാൻ സാബു ഡാനിയൽ അഭിപ്രായപ്പെട്ടത്. ഈ നാടകത്തിന് കൂടുതൽ വേദികളൊരുക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിയായ തന്റെ ജവാനായ ബന്ധുവിനെ നാടകം ഓർമിപ്പിച്ചുവെന്നും രണ്ടു പെൺകുട്ടികളുള്ള അവരുടെ ജീവിതം തന്നെയാണ് അരങ്ങിൽ കോരിയിട്ടതെന്നും സാബു വികാരാധീനനായി. വലിയ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം നാടകങ്ങൾ ഇനിയുമുണ്ടാകണമെന്നും സാബു ഡാനിയൽ ഓർമിപ്പിച്ചു.