സന്നാലന്‍

0

“സന്നാലന്‍” എന്ന ഇരിഞ്ഞാലക്കുടക്കാരൻ കുടുംബി മൂപ്പനെ ലോകത്തിനു പരിചയപ്പെടുത്തിയതു തന്നെ ഖസാക്കിന്റെ ഇതിഹാസം ഏഴുതിയ പാലക്കാടന്‍ സാഹിത്യക്കാരന്‍ ആയിരുന്നു. അദ്ദേഹം അറുപത്തി നാലിലോ മറ്റോ ആണ് അന്നത്തെ പ്രശസ്ത വാരികയായിരുന്ന മാതൃഭൂമിയില്‍ ഈ കഥ എഴുതിയത്. കഥയുടെ പേര് തന്നെ “ഇരിഞ്ഞാലക്കുട” എന്നായിരുന്നു.

ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറന്‍ കടലോരത്ത് ഒരു ഫോര്‍വേഡ് ഏരിയയില്‍ ജോലി ചെയ്തിരുന്ന കാലം ആയിരുന്നു അത്. പഴയ മീറ്റര്‍ ഗേജ് റയില്‍വേ സ്റ്റേഷന്നു അടുത്തുള്ള “തീന്‍ ബത്തി” എന്ന – മൂന്നു വിളക്കുകള്‍ ഉള്ള – മൂന്നും കൂടുന്ന വഴിയില്‍ അതിപുരാതനമായ “മദ്രാസ് ഹോട്ടല്‍” നടത്തിക്കൊണ്ടിരുന്ന, പത്രമാസികകളുടെ ഏജന്‍റും കൂടിയായ, തിരുവില്വാമാലക്കാരന്‍ സ്വാമിയാണ് വിളിച്ചു പറഞ്ഞത്:

“ഓയ്, നാരായണയ്യര്‍, ഒങ്ക ഊരെ പറ്റി എങ്ക പാലക്കാട്ടുകാരന്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുക്കാന്‍ മാതൃഭൂമിലെ; വാശിച്ചു പാരും ഓയ് ; ജമായ്ച്ചിരുക്കാന്‍ അന്ത വിജയന്‍!”.

സ്വാമിയുടെ അപോസ്തലന്‍ കൃഷ്ണന്‍കുട്ടി, ഹോട്ടലിനടുത്തു നിര്‍ത്തിയിരുന്ന എന്‍റെ ജീപ്പില്‍, കൊണ്ടുതന്ന വാരിക മറിച്ചു നോക്കി, സാഹിത്യകാരനെയും, അദ്ദേഹം എഴുതിയ “ഇരിഞ്ഞാലക്കുടയെയും” കണ്ടു പിടിച്ചു, ജീപ്പില്‍ ഇരുന്നു തന്നെ ഒരു റൌണ്ട് വായിച്ചു തീര്‍ക്കുകയും ചെയ്തു.

എന്‍റെ നാടിന്റെ ചരിത്രവും, കഥകളും എല്ലാം “സന്നാലന്‍” എന്ന കുടുംബി മൂപ്പനില്‍ കൂടി പറഞ്ഞു തരികയാണ് പാലക്കാടന്‍ സാഹിത്യകാരന്‍. തെക്കേ കുളത്തിലെ മുതലകളും, നാടിന്റെ സ്പെഷ്യാലിറ്റിയായ, പെനിസില്ലിന്‍ എന്ന ആന്റിബയോട്ടിക്കും, പോളി ബ്രദര്‍സ് തുടങ്ങിയ ഇംഗ്ലിഷ് മരുന്ന് കടകളും, ഡാണാവിലെ പോലീസുകാരനും, വരീദും, ഈനാശുവും, ഔസേപ്പ് ഏട്ടനും എല്ലാം സംസാരിച്ചിരുന്ന പ്രത്യേക മലയാളവും മറ്റും അദ്ദേഹത്തിന്‍റെ ഈ സാഹിത്യത്തില്‍ പെട്ടിരുന്നു. ഇവിടുത്തെ ചുറ്റുപാടുകള്‍ കണ്ടപ്പോള്‍, സാഹിത്യക്കാരന്, ഈ സ്ഥലം കേരളത്തില്‍ തന്നെ ഉള്ളതാണോ എന്നു വരെ സംശയവും ഉണ്ടായിയത്രേ.

ഈ കഥകള്‍ എല്ലാം പ്രത്യക്ഷമായോ, പരോക്ഷമായോ നമ്മളില്‍ എത്തിക്കുന്നത് കൊങ്കിണി ഭാഷ സംസാരിക്കുന്ന സാഹിത്യക്കാരന്റെ ഗൈഡായ – മാര്‍ഗ്ഗ ദര്‍ശിയായ – സന്നാലന്‍ എന്ന കുടുംബി മൂപ്പന്‍ വഴിയാണ്.

പുണ്യപുരാതന പട്ടണത്തിന്റെ ചരിത്രവും, പുരാണവും, ഐതിഹ്യങ്ങളും എല്ലാം അത്യാവശ്യം അറിയാവുന്ന സന്നാല മൂപ്പന്‍ ഒരു വന്‍ ചരിത്രക്കാരനും കൂടി ആകുന്നു എന്നും തെളിയുന്നു ഇവിടെ.. അമ്പലത്തിന്റെ തെക്കെകുളത്തില്‍ ധാരാളം മുതലകള്‍ ഉണ്ടായിരുന്നതും, അവയില്‍ ഒന്നു മൂപ്പന്റെ ഭാര്യ – മൂപ്പത്തി – കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അവരെ കൊണ്ട് പോയി തിന്നതും, കരയില്‍ കയറി നിന്ന് സന്നാലന്‍ മൂപ്പന്‍ മുതലയെ ഖണ്ടശ: ചീത്ത പറഞ്ഞതുകൊണ്ട്, ലജ്ജിച്ചു പോയ, ആ മുതല പിന്നീട് കാണപ്പെട്ടിട്ടില്ല എന്നും ഉള്ള പല കഥകളും ഉണ്ട് ഈ പുരാണത്തില്‍.

ഒരു കാലത്ത് ഇരിഞ്ഞാലക്കുടയില്‍ ധാരാളം ഉണ്ടായിരുന്ന ഒരു കൂട്ടരാണ് കുടുംബി മൂപ്പന്മാര്‍. ഇപ്പോള്‍ അവരുടെ ജനസംഖ്യ വളരെ കുറഞ്ഞു പോയി എന്ന് തോന്നുന്നു. ഒരു പക്ഷെ, മലയാളികളുടെ തൊഴിലിനു വേണ്ടിയുള്ള ദേശാന്തരo തന്നെ ആയിരിക്കാം ഇതിനു കാരണം.
ഏഴെട്ടു ദശകങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ കുട്ടിക്കാലത്ത്, നാട്ടില്‍ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള അവില്‍, പപ്പടം മുതലായ പദാര്‍ഥങ്ങള്‍ ഉണ്ടാക്കിയിരുന്നത് ഇക്കൂട്ടര്‍ ആയിരുന്നു. കൂടാതെ, പുര മേയല്‍, കല്യാണപ്പന്തലുകള്‍, അമ്പലങ്ങളിലെ ഉത്സവങ്ങള്‍ മുതലായ വിശേഷങ്ങള്‍ക്ക് വേണ്ട സംവിധാനങ്ങള്‍, പന്തല്‍ കെട്ടല്‍ തുടങ്ങിയ ജോലികള്‍ എല്ലാം ഇവരുടെ കുത്തകയായിരുന്നു.

ഇവരുടെ പൂര്‍വ്വീകം മഹാരാഷ്ട്രത്തിന്‍റെ തെക്കുo തുളുനാടിന്റെ വടക്കുമായി കിടക്കുന്ന തീരപ്രദേശമായ കൊങ്കണ ദേശമായാതുകൊണ്ട്, ഇവരുടെ ഭാഷ കൊങ്കണി എന്നറിയപ്പെടുന്ന ദ്രാവിഡ ഭാഷയാണ്‌. ഈ ഭാഷക്ക് ലിപികള്‍ ഇല്ലാത്തത് കൊണ്ട് അതൊരു “ഡയലക്ക്റ്റ്” മാത്രമാണ്. അതുകൊണ്ട്, കൊങ്കിണികള്‍ പൊതുവേ അവര്‍ ജീവിക്കുന്ന രാജ്യങ്ങളിലെ കന്നടം, മലയാളം, മറാത്തി, തുടങ്ങിയ ഭാഷകളുടെ ലിപികള്‍ ആണ് അവരുടെ ഭാഷ എഴുതുവാന്‍ ഉപയോഗിച്ചിരുന്നത്.

ഇവര്‍ കേരളത്തില്‍ വന്നത് ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണത്രേ. പതിനാറും, പതിനേഴും നൂറ്റാണ്ടുകളില്‍ ദക്ഷിണ മഹാരാഷ്ട്രവും, കൊങ്കണ ദേശവും പോര്‍ട്ടു ഗീസുകാരുടെ ഭരണത്തില്‍ കീഴില്‍ ആയിരുന്നു. പോര്‍ത്തുഗീസ് ഭരണാധികാരികളും, പാതിരിമാരും, അവിടെ കൃസ്തുമതം ബലം പ്രയോഗിച്ചു പ്രചരിപ്പിച്ചു കൊണ്ടിരുന്നുവത്രേ. അതുകൊണ്ട്, ആ പ്രദേശത്തു ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ നിര്‍വാഹമില്ലാതായി തീരുകയും, ഒരുപാട് ഹിന്ദുക്കള്‍ക്ക് കൃസ്തുമതം സ്വീകരിക്കേണ്ടി വരുകയും ചെയ്തുവത്രേ.

മതം മാറാന്‍ വിസമ്മതിച്ചവര്‍ക്ക് സ്വരക്ഷക്കായി കൊങ്കണ ദേശം വിട്ട് അന്യ ദേശങ്ങളിലേക്ക് പാലായനം ചെയ്യേണ്ടി വരുകയും ഉണ്ടായി. അങ്ങിനെ പഴയ കൊച്ചി രാജ്യത്തില്‍ എത്തിയവര്‍ ആയിരുന്നു, കൊങ്ങിണി ബ്രാഹ്മണരായ ഗൌഡ സാരസ്വതരും, അവരുടെ പിണിയാളുകളായ കുടുംബി മൂപ്പന്മാരുമൊക്കെ. ഗൌഡസാരസ്വതര്‍ സമൂഹത്തില്‍, ബ്രാഹ്മണരുടെ സ്ഥാനം ആവശ്യപ്പെട്ടു; എങ്കിലും, മത്സ്യം ഭക്ഷിച്ചിരുന്ന അവര്‍ക്ക് ബ്രാഹ്മണരുടെ സ്ഥാനം കൊടുക്കാന്‍ കൊച്ചി തമ്പുരാക്കന്‍മാരും, നമ്പൂതിരി ബ്രാഹ്മണരും സമ്മതിച്ചില്ലത്രേ.
പക്ഷെ പ്രോളിട്ടെരിയറ്റ് ആയ കുടുംബി മൂപ്പന്മാര്‍ക്കു ഈ സ്ഥാനമാനാധികള്‍ ഒന്നും ആവശ്യം ഇല്ലാതിരുന്നതുകൊണ്ട്‌, അവര്‍ കൊച്ചി രാജ്യത്തും, അവരുടെ ശാശ്വതമായ ജോലികള്‍ ചെയ്തു തന്നെയാണ് ജീവിച്ചിരുന്നത്.

ഒരുപാടു കുടുംബി മൂപ്പന്‍ സമുദായക്കാര്‍ സ്കൂളില്‍ കൂടെ പഠിച്ചിരുന്നു-ചൈന ഗോപാലന്‍, ലക്ഷ്മണന്‍, തുടങ്ങിയ പലരും. അവരെല്ലാം ഇപ്പോള്‍ എവിടെപ്പോയി എന്നറിഞ്ഞൂടാ. ഞങ്ങളുടെ, കുട്ടിക്കാലത്ത്, അയ്യങ്കാവ് റോഡിന്‍റെ ഒരു വശത്തുള്ള തോടില്‍ കൈകൊണ്ടു ബ്രാല്‍ മത്സ്യം പിടിച്ചിരുന്ന, ഒരു മൂപ്പനെ മറക്കാന്‍ പറ്റില്ല! മീനെന്നു വിചാരിച്ചു അയാള്‍ കൈകൊണ്ടു പിടിച്ചത് ഒരു മൂര്‍ഖനെ ആയിരുന്നു. പാമ്പില്‍ നിന്നും അയാളെ രക്ഷിക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമങ്ങളൊന്നും ഇതിഹാസക്കാരന് അറിയില്ലല്ലോ !


K.R. NARAYANAN – സഹജമായ നർമ്മ ബോധത്തോടെ പ്രസാദ മധുരമായ ഭാഷയിലൂടെ കഥകളും ലളിതമായ ഭാഷയിൽ ശാസ്ത്ര ലേഖനങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് കെ ആർ നാരായണൻ.

LEAVE A REPLY

Please enter your comment!
Please enter your name here