ശെത്ത കാളേജ് !

സഹജമായ നർമ്മ ബോധത്തോടെ പ്രസാദ മധുരമായ ഭാഷയിലൂടെ കഥകളും ലളിതമായ ഭാഷയിൽ ശാസ്ത്ര ലേഖനങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് കെ ആർ നാരായണൻ.

0

പുരാതന മദ്രാസ് പട്ടണം “ചെന്നൈ” ആയി മാറിയിരുന്ന കാലഘട്ടം. ഇംഗ്ലിഷ് പദങ്ങളെയെല്ലാം ഇടം വലം നോക്കാതെ തമിഴാക്കി കൊണ്ടുള്ള ഭരണം തുടങ്ങിയ സമയം. ആ കാലഘട്ടത്തിൽ ആണ് അവിടെ നിന്നും ഒരു ക്ഷണം വരുന്നത്, ഒരു ശാസ്ത്ര- ഗവേഷണ ഗ്രന്ഥം ഉണ്ടാക്കാൻ. സ്ഥലം നഗരത്തിലെ പ്രസിദ്ധമായ മുസിയവും, പുരാതന ഗ്രന്ഥശാലയും ഉൾക്കൊണ്ട കോമ്പ്ലെക്സില്‍. മുസിയത്തിന്റെ ഡയറക്ടർ ആണ് പ്രോജെക്ടിന്റെ ചെയർമാൻ. ആ കളിയിലെ മുഖ്യ എഴുത്തുകാരൻ ആയ ശാസ്ത്ര – സാഹിത്യ ലേഖകന്റെ വേഷമായിരുന്നു ഈയുള്ളവന്. സഹായിക്കാൻ മറ്റു പല വേഷങ്ങളും ഉണ്ടായിരുന്നു.

അഞ്ചു യുറോപ്യന്‍ ഭാഷകൾ പുല്ലുപോലെ എഴുതാനും, വായിക്കാനും, കഴിവുള്ള അഭിരാമി എന്ന വെളുത്തു കൊഴുത്ത അയ്യങ്കാർ പെണ്ണ്, ആംഗല ഭാഷയെ വളച്ചും, ഒടിച്ചും, തിരിച്ചും എഴുതാനും, വ്യാഖ്യാനിക്കാനും എക്സ്പെര്ട്ട് ആയ സ്റ്റെല്ല എന്ന തൂത്തുക്കുടിക്കാരി, ഡോക്യുമെൻണ്ടേഷന്നു പാലാക്കാരി ത്രേസ്സ്യാമ്മ, സെക്രട്ടറി ആയി അന്നത്തെ അസ്സിസ്റ്റന്റ് ഡയറക്ടർ ..അങ്ങിനെ പലരും. പ്രോജക്ടിന്റെയും ടീമിന്റെയും വിവരങ്ങളെല്ലാം വളരെ നേരത്തെ തന്നെ പഴയ ചങ്ങാതിയും, അവിടുത്തെ അസിസ്റ്റന്റ് ഡയറക്ടറും (തുണൈ ഇയക്കുനന്‍” എന്നു ശെന്തമിഴ്) ആയ “തിരു.” അറുമുഖം അറിയിച്ചിരുന്നു. (ശ്രീ, ശ്രീമാന്‍ “മിസ്റ്റർ” തുടങ്ങിയ സംസ്കൃത-ആംഗലേയ പദങ്ങൾ എവിടെയും കണ്ടു പോകരൂത് എന്നാണു സർക്കാരിന്റെ കൽപ്പന. തിരു’ ഉണ്ടായിത്തീരുന്നത് അതു കൊണ്ടാണത്രേ!).

പുതിയ ശെന്തമിഴ്നാട് നേരില്‍ കണ്ടനുഭവിക്കാൻ തയ്യാറെടുത്തുകൊണ്ട്, ഒരു പൂർവാഹ്നത്തിൽ ചെന്നയിലെ മീനംപക്കത്തിൽ എത്തുന്നു ശാസ്ത്രലേഖകൻ. എയർ പോർട്ടിൽ നിന്നും ടാക്സി ഡ്രൈവർക്ക് പോകേണ്ട സ്ഥലത്തിന്റെ പേരും വിവരവും കൊടുത്തു.

“ശെത്ത കാലെജു താനേ സാർ?” ടാക്സി “ഒട്ടുനന്‍” (ഡ്രൈവർ) അണ്ണാച്ചി ചോദിച്ചു.

നിങ്ങൾ എല്ലാരും ചേർന്ന് അതിനെ കൊന്നു കയ്യിൽ കൊടുക്കാതിരുന്നാൽ മതി എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും, “ആമ, ആമ” എന്ന് കൊടും തമിഴില്‍ പറഞ്ഞു.

പിന്നെയാണ് സംശയം തോന്നിയത്, ‘ശെത്ത കാലെജു’ എന്ന് പറഞ്ഞു ഇവൻ വല്ല മെഡിക്കൽ കൊളേജിന്റെയും മോർച്ചറിയിൽ കൊണ്ടു ഇറക്കുമോയെന്ന് . അത് കൊണ്ടു അവനു വഴിയെല്ലാം കുറച്ച നന്നായി മനസ്സിലാകാൻ വേണ്ടി തമിഴില്‍ ഒരു മിനി ലെക്ചർ തന്നെ കൊടുത്തു:

“അതാന്‍ അയ്യാ , എഗ്മോരിലെ പോയീ, രയിട്ടിലെ ട്ടേണ്‍ പണ്ണി പോനാ ഇരുക്കിറ റെഡ് കളർ സര്‍ക്കാർ കട്ടിടം”. കൃത്യം രണ്ടു മിനിറ്റ് നീണ്ട തമിഴ് പേച്ചിൽ സ്വൽപ്പം അഭിമാനം തോന്നാതിരുന്നില്ല. മനസ്സില്‍ സ്വയം അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു : “ഭേഷ്, ഭേഷ്, തമിഴിലെ നല്ലാ ജമായ്ക്കരാന്‍ മലയാളത്താന്‍” (മ്മടെ മലയാളീസ് തമിഴില് പെടക്കണ പെട കണ്ടാ?)

പക്ഷെ ‘അത്രയൊന്നും ഷയിൻ ചെയ്യണ്ടഡാ മലയാളത്താനെ’ എന്ന മട്ടിൽ ഡ്രൈവർ സ്വല്‍പ്പം ചൂടായി തന്നെ പറഞ്ഞു:.

“നാന്‍ ശോന്നെനില്ലേ ശത്ത കൊല്ലെജിന്നു?(ഞാന്‍ പറഞ്ഞില്ലെടോ, ചെത്ത കോളേജെന്നു).

കൂട്ടത്തിൽ, “ശുമ്മ ഉക്കാരയ്യ” (മുണ്ടാണ്ട്‌ കുത്തിരിക്കഡാ, ഹമുക്കെ) എന്നു ഒരു വിരട്ടും വിരട്ടി.

“കോളേജു ഇന്നം ശാകലെ” (കാളേജ് മരിച്ചിട്ടില്ലാ) എന്ന എന്റെ വിശ്വാസത്തെ വീണ്ടും ഉറപ്പിച്ചു പറഞ്ഞപ്പോള്‍, വീര തമിഴന്‍ കണ്ണുരുട്ടി ശിവാജി ഗണേശനെ പോലെ ഒറ്റ നോട്ടം! പിന്നെ ശബ്ദിച്ചില്ല ശാസ്ത്ര ലേഖകൻ .

ഭാഗ്യവശാൽ കൃത്യ സ്ഥലത്തു തന്നെയാണ് ടാക്സിക്കാരൻ കൊണ്ടു ചെന്നത്. പുറത്തു വന്നു സ്വീകരിച്ച, പഴയ സുഹൃത്ത് ആറുമുഖം എന്ന ‘തുണൈ ഇയക്കുനൻ’ അവർകളോട് ചോദിച്ചു:

“ടെൽ മീ , അറുമുഖം, ഈസ് ദിസ്‌ ഇൻസ്റ്റിട്യൂഷൻ നോട്ട് അലൈവ് നവ്?” (ഈ സ്ഥാപനം ഇപ്പോൾ ജീവിച്ചിരിപ്പില്ലെ?) .

“എന്ത് വിഡ്ഢിത്തരം ആണ് പറയുന്നത്?” എന്ന് അറുമുഖം.

ഡ്രൈവറും ആയുള്ള അനുഭവം വിസ്തരിച്ചു പറഞ്ഞപ്പോൾ അയാൾ ഉറക്കെ ചിരിച്ചു കൊണ്ടു പറഞ്ഞു:

“പോടാ മുട്ടാൾ, തമിഴില്‍ ആ വാക്കിന്നു മ്യുസിയം അഥവാ അജൈവ/പുരാ വസ്തുക്കൾ സൂക്ഷിക്കുന്ന സ്ഥലം എന്നാണ് അർഥം”.

ജീവൻ തുടിക്കുന്ന “ചത്ത കോളെജിനു” വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് അവിടേക്ക് വലതു കാൽ എടുത്തു വച്ചു ശാസ്ത്ര ലേഖകന്‍ !


K.R. Narayanan


LEAVE A REPLY

Please enter your comment!
Please enter your name here