പാഴ്സികളുടെ കഥ

സഹജമായ നർമ്മ ബോധത്തോടെ പ്രസാദ മധുരമായ ഭാഷയിലൂടെ കഥകളും ലളിതമായ ഭാഷയിൽ ശാസ്ത്ര ലേഖനങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് കെ ആർ നാരായണൻ.

0

ജൂതന്മാരെപോലെ തന്നെ ശത്രുക്കളില്‍ നിന്നും രക്ഷ നേടാനായി സ്വന്തം ജന്മഭൂമി ഉപേക്ഷിച്ചു, ഇന്ത്യാ മഹാരാജ്യത്തിന്റെ പശ്ചിമതീരത്ത് കുടിയേറി പാര്‍ത്ത ഒരു സമുദായം ആണ് പേര്‍ഷ്യ – ഇറാന്‍ – കാരായ പാഴ്സികള്‍. ജുതന്മാര്‍ “സെമിറ്റിക്ക്” വംശജര്‍ ആയിരുന്നപ്പോള്‍, പാഴ്സികള്‍ ആര്യ വംശജര്‍ ആയിരുന്നു. ഇവര്‍ രണ്ടുപേരുടെ രാജ്യങ്ങളും ഇസ്ലാമുകളുടെ ആക്രമണത്തിനു അധീനമാവുകയും, ഇവര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ചു ഇന്ത്യയില്‍ അഭയം തേടേണ്ടി വരികയും ചെയ്തു.

മഹാനായ സൈറസ് ചക്രവര്‍ത്തി, കൃസ്തുവിനു മുമ്പ് 550-ല്‍ സ്ഥാപിച്ചതായിരുന്നു പേര്‍ഷ്യന്‍ (പാരസ്) സാമ്രാജ്യം. മെഡിറ്റരേനിയന്‍, ഈജിയന്‍, കരിങ്കടല്‍, ചെങ്കടല്‍, കാസ്പിയന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം, എന്നീ കടലുകള്‍ വരെ വ്യാപിച്ചു കിടന്നിരുന്നു ഈ സാമ്രാജ്യം (550 BC – 330 BC). യൂഫ്രട്ടീസ്, ടൈഗ്രിസ്‌, സിന്ധു, ജകാര്‍ട്ടസ്, ഒക്സസ്, നൈല്‍ തുടങ്ങിയ ആറു വളരെ വലിയ നദികള്‍ ഈ സാമ്രാജ്യത്തെ ഫലഭുയിഷ്ടമാക്കിയിരുന്നു. സൈറസ്സിന്റെ നേതൃത്വത്തില്‍ ഈ സാമ്രാജ്യം വളര്‍ന്നു വികസിച്ചു.

അവിടെ എല്ലാ ദൈവങ്ങള്‍ക്കും വിശാസങ്ങള്‍ക്കും ബഹുമാനവും, സ്ഥാനവും ഉണ്ടായിരുന്നു. സൈറസ്സിന്റെ കാലശേഷം, അദ്ദേഹത്തിന്റെ പിന്‍ ഗാമിയായിരുന്ന ദാരിയസും അത്രയ്ക്ക് തന്നെ നന്നായി ഭരിച്ചു, ഈ സാമ്രാജ്യത്തെ. ഏഷ്യാ മൈനര്‍, ഗ്രീസിന്റെ ചില ഭാഗങ്ങള്‍, ആര്‍മീനിയ, അസര്‍ബൈജാന്‍, സിറിയ, പാലസ്തീന്‍, ഈജിപ്റ്റ്‌ ഉത്തര അറേബിയ, മേസപ്പോട്ടെമിയാ പെര്‍സ്യാ, ആഫ്ഗാനിസ്ഥാന്‍, തുര്‍ക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, സോവിയറ്റ്‌ റഷ്യയുടെ ചില ഭാഗങ്ങള്‍, പശ്ചിമ പാക്കിസ്ഥാന്‍, സിന്ധുനദീ പ്രദേശം മുതലായവ ഉള്‍ക്കൊണ്ട ഒരു മഹാസാമ്രാജ്യമായി തീര്‍ന്നിരുന്നു ഇക്കാലത്ത് ഈ പ്രദേശം.

ദാരിയസ്സിന്റെ കാലശേഷം ഈ പേര്‍ഷ്യന്‍ സാമ്രാജ്യം ക്ഷയിച്ച് തുടങ്ങുകയും, ഇസ്ലാമുകളുടെയും (ഏ.ഡീ. 651), പിന്നീട് മംഗോളിയരുടെയും ആക്രമണങ്ങള്‍ക്കു വിധേയമാവുകയും, പേര്‍ഷ്യന്‍ സംസ്കാരവും, വിശ്വാസങ്ങളും നശിച്ചു തുടങ്ങുകയും ചെയ്തു. എഴാം നൂറ്റാണ്ടോടുകൂടി ഇസ്ലാംമതം അവിടെ പ്രബലമാവുകയും, ഈ പ്രദേശങ്ങള്‍ മുസ്ലിം ഖലീഫമാരുടെ ഭരണത്തിന്‍ കീഴില്‍ ആവുകയും ചെയ്തു. അതിനു ശേഷം വളരെക്കാലം കഴിഞ്ഞു, 1979-ല്‍ ഈ പേര്‍ഷ്യന്‍ പ്രദേശങ്ങള്‍ ഇസ്ലാമിക്ക് സ്റ്റേറ്റായ ഇറാന്‍ ആയി തീര്‍ന്നു.

വിദേശീയ ആക്രമണങ്ങള്‍ തുടര്‍ന്നതോടെ, പേര്‍ഷ്യന്‍ സമുദായികള്‍ കടല്‍ മാര്‍ഗ്ഗം, സിന്ധുനദീ തീര പ്രദേശങ്ങളിലേക്കും, ഇന്ത്യയില്‍ ഗുജറാത്തിന്റെ സൌരാഷ്ട്രതീരത്തെ ഡ്യൂയിലേക്കുo, “ഇറാന്‍ ഷാ”
എന്ന വിശുദ്ധ അഗ്നിയുമായി, സ്വരക്ഷാര്‍ഥo പാലായനം ചെയ്തു. അന്നു സൌരാഷ്ട്രത്തില്‍ വന്നു ചേര്‍ന്നവര്‍ ആണ് ഇന്നു നാം പാഴ്സികള്‍ എന്ന് വിളിക്കുന്ന “സോറാഷ്ട്രിയന്‍ ” സമുദായക്കാര്‍ അഥവാ “ശരതുഷ്ട്ര സമുദായക്കാര്‍”.

ഇവര്‍ പത്തൊന്‍പതു കൊല്ലക്കാലം (സൌരാഷ്ട്രത്തിലെ) ഡ്യൂയില്‍ താമസിച്ച ശേഷം, അവിടെ നിന്നും കടല്‍മാര്‍ഗ്ഗം ദക്ഷിണ ഗുജറാത്തു തീരത്തെ “സഞ്ജാന്‍” എന്ന സ്ഥലത്ത് വന്നു ചേരുകയും (ഏ.ഡീ.936), അവിടുത്തെ ഹിന്ദു രാജാവായിരുന്ന ജാദവ് റാണായുടെ അനുവാദത്തോടെ അവിടെ താമസം ആക്കുകയും ചെയ്തു. “പാരസ്” എന്ന് ഇന്ത്യന്‍ ഭാഷക്കാര്‍ വിളിച്ചിരുന്ന പേര്‍ഷ്യയില്‍ നിന്ന് വന്നവര്‍ ആയതു കൊണ്ട് ഇവര്‍ക്ക് പരസീകള്‍ അഥവാ പാര്‍സികള്‍ എന്ന് പേരും കിട്ടി. സഞ്ജാനില്‍ മുന്നോറോളം കൊല്ലങ്ങള്‍ സമാധാനപരമായ് കഴിച്ചു കൂട്ടി ഇവര്‍.

സഞ്ജാനില്‍ ഇവര്‍ താമസം തുടങ്ങിയതിന്റെ പിന്നില്‍ ഒരു രസകരമായ കഥയുണ്ട്. അവര്‍ അവിടെ താമസിക്കാന്‍ അനുവാദം വേണം എന്നപേക്ഷിച്ചപ്പോള്‍ മഹാരാജാവായ ജാദവ് രാണാ, ഒരു ഗ്ലാസ്സ് നിറയെ പാല്‍ അവരുടെ തലവനു കൊടുത്തുവത്രേ. (ഈ സ്ഥലം പൂര്‍ണ്ണമായും നിറഞ്ഞിരിക്കുകയാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ സൂചന).

പാല്‍ തുളുമ്പുന്ന ഗ്ലാസ് സ്വീകരിച്ച പാരസീക തലവന്‍ അതില്‍ കുറച്ചധികം പഞ്ചസാര ചേര്‍ത്തു രാജാവിന് തന്നെ തിരിച്ചു കൊടുത്തുവത്രേ. (ഞങ്ങള്‍ നിങ്ങളില്‍ അലിഞ്ഞു ചേര്‍ന്നു ഒന്നായി ജീവിക്കാം എന്നാണു നേതാവ് സൂചിപ്പിച്ചത്).

ജാദവ് റാണാ ഈ പാല്‍ സന്തോഷത്തോടെ കുടിക്കുകയും, ഇരുകയ്യം നീട്ടി പാര്സികളെ സ്വീകരിക്കുകയും ചെയുതുവത്രേ .

അന്ന് പാര്‍സികള്‍ ജാദവ് റാണക്കു കൊടുത്ത വാഗ്ദാനം ഇന്നും ആത്മാര്‍ഥതയോടെ നിറവേറ്റിക്കൊണ്ടിരിക്കുന്നു, എന്ന് പാര്‍സികള്‍ ഇന്ത്യയുടെ വ്യവസായ പുരോഗതിക്കു ചെയ്തിട്ടുള്ള സേവനങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

[സിന്ധില്‍ താമസിക്കാന്‍ ചെന്ന പാര്‍സികളെ അവിടം ഭരിച്ചിരുന്ന ഇബ്രാഹിം ഗസ്നാവിദും, പഴയ മുംബയിലെ താനയില്‍ പോര്‍ത്തുഗീസ് ക്രിസ്ത്യാനികളും ആക്രമിച്ചു നശിപ്പിച്ചു എന്നാണു ചരിത്രം പറയുന്നത്].

മുംബൈ ഡി എൻ റോഡിൽ സ്ഥിതി ചെയ്യുന്ന പാഴ്സികളുടെ ആരാധനാലയം

സഞ്ജാനില്‍ താമസം ആയി അഞ്ചു കൊല്ലത്തിനകം അവര്‍ തങ്ങളുടെ “ധര്‍-ഏ-മെഹര്‍” അഥവാ “അഗ്യാരി” അഥവാ “അഗ്നി മന്ദിരം” (Fire Temple) ഉണ്ടാക്കി, തങ്ങള്‍ കൊണ്ടുവന്നിരുന്ന വിശുദ്ധ അഗ്നിയെ അവിടെ സ്ഥാപിക്കുകയും ചെയ്തു. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ പാര്‍സി അഗ്യാരി (പാര്‍സി ദേവാലയം).

പിന്നീടു സഞ്ജാന്‍ മുസ്ലിം ആക്രമണങ്ങള്‍ക്ക് വിധേയമായപ്പോള്‍, വളരെയധികം പാര്‍സികള്‍ രാജാവിനു വേണ്ടി യുദ്ധം ചെയ്തു വീര ചരമം കൈവരിച്ചു. ശേഷിച്ചവര്‍, തങ്ങളുടെ “വിശുദ്ധ അഗ്നിയും” കൊണ്ട് ദക്ഷിണ ഗുജറാത്തിലെ “ഉദുവാഡാ” എന്ന സ്ഥലത്തേക്ക് കടല്‍ മാര്‍ഗ്ഗം പോയി അവിടെ “അഗ്യാരി” (ദേവാലയം) സ്ഥാപിച്ചു താമസിച്ചു. അതിനുശേഷം, അതിന്നടുത്തു “നവസാരി”യിലും ചെന്ന് അവിടെയും വളരെ പ്രധാനപ്പെട്ട ഒരു അഗ്യാരി സ്ഥാപിക്കുകയും ചെയ്തു (1516).

ജനസംഖ്യ വര്‍ദ്ധിച്ചതോടെ, കാലക്രമത്തില്‍ പാര്‍സികള്‍ ഖംഭാത്ത് (ക്യാമ്പേ), നവസാരി, അങ്ക്ലെസ്വര്‍, വാരിയാവ്, വാങ്കാനീര്‍, സൂറത്ത് തുടങ്ങിയ ഗുജറാത്ത് പ്രദേശങ്ങളിലേക്കും, തെക്കോട്ട്‌ താനേ, ചവുള്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും, സിന്ധ്, ദേരാദൂന്‍, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

ഇന്ത്യയിലെ പാര്‍സികള്‍ക്കു കാലക്രമത്തില്‍ അവരുടെ സ്വന്തമായ പേര്‍ഷ്യന്‍ ഭാഷ നഷ്ടപ്പെടുകയും, അവര്‍ ഇന്ത്യക്കാരെ പോലെ വസ്ത്രധാരണം തുടങ്ങുകയും ചെയ്തു. പാര്‍സി സ്ത്രീകള്‍ ഗുജറാത്തി ഹിന്ദു സ്ത്രീകളെ പോലെ വേഷം ധരിക്കുകയും, “”മൂക്കുത്തി” തുടങ്ങിയ ആഭരണങ്ങളും മറ്റും ധരിച്ചു തുടങ്ങുകയും ചെയ്തു. ഗുജറാത്തില്‍, സ്ഥിരതാമസക്കാര്‍ ആയി തീര്‍ന്നതുകൊണ്ടു, കാലക്രമത്തില്‍, ഗുജറാത്തി ഭാഷയെ മാതൃഭാഷയായി സ്വീകരിക്കുകയും ചെയ്തു ഇവര്‍.

ഇവര്‍ ഇറാനില്‍ നിന്നും കൊണ്ട് വന്ന വിശുദ്ധ “അഗ്നിയെ” ആണ് ഇവരുടെ അമ്പലങ്ങളില്‍ ആരാധിക്കുന്നത്. ആര്‍ത്തവ സമയത്തെ സ്ത്രീകള്‍ക്കും, അന്യവംശജരെ/അന്യമതസ്ഥരേ വിവാഹം കഴിച്ചവര്‍ക്കും പവിത്ര അഗ്നിയുള്ള സ്ഥലത്തേക്ക് കടക്കാന്‍ അനുവാദമില്ല.

മുംബൈയിലെ പാഴ്‌സി ഹോട്ടലുകൾ

പതിനാറാം നൂറ്റാണ്ടില്‍ ദക്ഷിണ ഗുജറാത്തിലെ “സൂറത്ത്“ തുറമുഖം വളര്‍ന്നു വന്നതോടെ, ധാരാളം പാര്‍സികള്‍ അങ്ങോട്ട്‌ ചെന്ന് വ്യവസായങ്ങളും, കച്ചവട കേന്ദ്രങ്ങളും മറ്റും സ്ഥാപിച്ചു, അവിടെ താമസം ആക്കി.

പിന്നീട്, ബോംബെ (മുംബൈ) തുറമുഖവും, പട്ടണവും വികസിച്ചു തുടങ്ങിയതോടെ പാര്‍സികള്‍ ബോംബെയിലേക്ക് കുടിയേറുകയും, അവിടുത്തെ, പ്രമുഖ വ്യവസായികളും, കച്ചവടക്കാരും മറ്റും ആയിത്തീരുകയും ചെയ്തു. മുംബൈയില്‍ ആദ്യമായി എത്തിയ പാര്‍സി, ഡോരാബ്ജി നാനാഭായ് ആയിരുന്നുവത്രേ. (1640).

പൊതുവേ നല്ല വിദ്യാഭ്യാസവും, മിടുക്കും, അത്മാര്‍ഥയും ഉള്ള ഈ സമുദായക്കാര്‍ ഇന്ത്യയുടെ പല തുറകളിലുമുള്ള വികസനത്തിന്‌ കാരണഭൂതര്‍ ആയിട്ടുണ്ട്‌. ടാറ്റാ, ഗോദ്രെജ്, വാഡിയ, കാമാ എന്നു തുടങ്ങിയ കുടുംബക്കാര്‍ ഇക്കൂട്ടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ഇന്ത്യയിൽ വ്യവസായങ്ങൾക്ക് അടിത്തറ പാകിയ ജെ ആർ ഡി ടാറ്റ

ഇന്ത്യന്‍ വ്യവസായങ്ങളുടെ അടിത്തറ പാകിയത്‌ തന്നെ ജാംശേത്ജി ടാറ്റയും, അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ആയിരുന്ന ഡോറാബ്ജി ടാറ്റയും, രത്തന്‍ജി ടാറ്റയും, ജെ.ആര്‍.ഡീ. ടാറ്റയും ആയിരുന്നല്ലോ.

അതുപോലെ തന്നെ സാമുദായിക വിദഗ്ധര്‍ ആയിരുന്ന ഫോരോസ്ഷ മേത്താ, ദാദാഭായ് നവറോജി, ദിന്‍ഷാ വാച്ച, ഭിക്കാജി കാമാ തുടങ്ങിയവരും, അണുശക്തി ശാസ്ത്രജ്ഞന്‍ ആയിരുന്ന ഹോമി ബാബയും, ഇന്ത്യയുടെ രണ്ടാം പാക്കിസ്ഥാന്‍ യുദ്ധത്തിലെ ഇന്ത്യന്‍ പട നായകന്‍ ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ സാം മാനെക്ക്ഷാ തുടങ്ങിയവരും ഈ സമുദായക്കാര്‍ ആണ്.

പാഴ്സികളുടെ മുംബൈയിലെ നിശബ്ദ ഗോപുരങ്ങൾ എന്നറിയപ്പെടുന്ന ദഖ്മ വളരെ പ്രസിദ്ധമാണ്.

മദ്ധ്യപൂര്‍വേഷ്യയില്‍ നിന്നും വന്നവരാണെങ്കിലും, ആര്യ വംശജര്‍ ആയതുകൊണ്ട്, പാര്‍സികള്‍ പഞ്ച ഭൂതങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. അതുകൊണ്ട് അവര്‍ വായു, തീ, ഭൂമി, വെള്ളം തുടങ്ങിയവയെ അശുദ്ധമാക്കുവാന്‍/ മലിനമാക്കുവാന്‍ ഇഷ്ടപ്പെടാത്തവര്‍ ആണ്. അതുകൊണ്ട്, ഇവര്‍ ഹൈന്ദവരെപോലെ പരേതരുടെ ശരീരം ദഹിപ്പിക്കാറില്ല. ജൂതന്‍മാരെയും, കൃസ്ത്യാനികളെയും, ഇസ്ലാമുകളെയും പോലെ മൃതശരീരം ഭൂമിയില്‍ കുഴിച്ചിടാറൂം ഇല്ല.

പ്രത്യുത, മൃതദേഹങ്ങളെ “ദഖ്മാ” എന്നറിയപ്പെടുന്ന – മുകള്‍ഭാഗം തുറന്ന സൂര്യതാപം ഏല്‍ക്കുന്ന – “നിശബ്ദ ഗോപുരങ്ങളില്‍” (സൈലന്‍റ് ടവേര്സ്) കഴുകന്‍ തുടങ്ങിയ മാംസഭുക്കുകളായ പക്ഷികള്‍ക്ക് തിന്നാനായി വയ്ക്കുന്നു. പക്ഷികള്‍ തിന്നു തീര്‍ത്ത ശേഷമുള്ള എല്ലുകള്‍ ഗോപുരങ്ങളുടെ മദ്ധ്യേയുള്ള കിണറ്റില്‍ പോയ്‌ ചേരുന്നു.

പാര്‍സികള്‍ താമസിക്കുന്ന നവസാരി, ഉദ്വാഡാ, ബിലിമോര, അഹമ്മദാബാദ്, ഭരൂച്, പുണെ തുടങ്ങിയ അനവധി പട്ടണങ്ങളില്‍ എല്ലാം ഇത്തരം ദഖ്മകള്‍ ഉണ്ട്. മുംബൈ നഗരത്തിനു, പ്രകൃതി അനുഗ്രഹിച്ചു തന്നിട്ടുള്ള “മലബാര്‍ ഹില്ലിലെ” “ഹാങ്കിംഗ് ഗാര്‍ഡന്” പുറകിലായി സ്ഥിതിചെയ്യുന്ന പച്ചപ്പുകളുടെ മദ്ധ്യത്തിലുള്ള പാര്‍സികളുടെ “ടവര്‍ ഓഫ് സൈലന്‍സ്” എന്ന ദഖ്മ വളരെ പ്രസിദ്ധമാണ്.

ലോകത്തില്‍ പാര്‍സികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യ കേവലം ഒരു ലക്ഷത്തോളമേയുള്ളൂ. അതില്‍ ബഹുഭൂരിഭാഗവും മുംബൈയിലും ആണ്. 2020-ആവുന്നതോടെ ഈ സംഖ്യ കേവലം 30,000 ത്തോളം കുറയുമെന്നാണ് കണക്കു കൂട്ടല്‍. ഒരു പാര്‍സി പുരുഷനും പാര്‍സി സ്ത്രീക്കും തമ്മില്‍ ഉണ്ടാകുന്ന കുട്ടികളെ മാത്രമേ ശരിയായ പാര്‍സികളായി സമുദായം സ്വീകരിക്കുള്ളൂ എന്നത് കൊണ്ടും, മിശ്ര വിവാഹങ്ങള്‍ക്ക് സമുദായത്തിന്റെ അനുമതി ലഭിക്കാറില്ല എന്നതു കൊണ്ടും ആണത്രേ ഈ സമുദായം നന്നേ ചെറുതായി തീരാനുള്ള കാരണം.


K.R. Narayanan

LEAVE A REPLY

Please enter your comment!
Please enter your name here