എം എൽ എ ആരിഫിന് നൽകിയ അവാർഡ്; ഡി സി സി പ്രസിഡന്റിന് ചുട്ട മറുപടിയുമായി പ്രിൻസ് വൈദ്യൻ

0

ആരിഫ് ഇന്ത്യയിലെ മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് ജേതാവെന്നത് വ്യാജ പ്രചാരണമെന്ന ഡിസിസി പ്രസിഡണ്ട് അഡ്വ. എം ലിജുവിന്റെ പ്രസ്താവന പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും എൽ ഡി എഫ് ആവശ്യപ്പെട്ടതിന് പുറകെയാണ് കെ ആൻഡ് കെ ഫൌണ്ടേഷൻ പ്രസിഡണ്ട് പ്രിൻസ് വൈദ്യൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കാശ്മീർ ടു കേരള ഫൗണ്ടേഷൻ എന്ന മുംബൈ ആസ്ഥാനമായ സംഘടനയുടെ പേരിലാണ് എഎം ആരീഫ് അവാർഡ് രണ്ടു വർഷം മുൻപ് ഏറ്റുവാങ്ങുന്നത്. ഈ ചിത്രമായിരുന്നു എൽഡിഎഫ് ഇറക്കിയ നേർക്കാഴ്ച എന്ന ലഘുലേഖയിലും ദേശീയപാതയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലും ഉണ്ടായിരുന്നത്. ഇതിനെ ചൊല്ലിയാണ് അവാർഡിന്റെ മാനദണ്ഡവും അവാർഡ് നൽകിയ സംഘടനയെയും വിമർശിച്ചു കൊണ്ട് ആരാണീ ഇന്ത്യയിലെ മികച്ച എംഎൽഎയെന്ന അവാർഡ് നൽകിയ സംഘടനയ്ക്ക് പിന്നിലെന്നു ആരിഫ് വ്യക്തമാക്കണമെന്നു പറഞ്ഞു ഡിസിസി പ്രസിഡന്റ് ലിജു പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടത്.

ഇന്ത്യയിൽ ആരിഫിന് നൽകിയ ഈ അവാർഡിന് മുമ്പോ ശേഷമോ ഇത്തരത്തിൽ അവാർഡ് നൽകിയതായി കേട്ടിട്ടില്ലെന്നും ആരീഫിന് അവാർഡ് നൽകാൻ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കടലാസ് സംഘടനയാണിതെന്നുമായിരുന്നു ലിജുവിന്റെ ആരോപണം ഇതിനു പിന്നിലുള്ള വസ്തുത ആരിഫ് വ്യക്തമാക്കണമെന്നും ഡിസിസി പ്രസിഡണ്ട് ആവശ്യപ്പെട്ടു.

എന്നാൽ അവാർഡ് സമ്മാനിച്ചത് ജസ്റ്റിസ് കമാൽ പാഷയും രാജ്യസഭാംഗം പി ജെ കുര്യനുമാണെന്ന വാദവുമായി എൽഡിഎഫ് രംഗത്തെത്തി. രമേശ് ചെന്നിത്തലയും ബിന്ദുകൃഷ്ണയും വീരേന്ദ്രകുമാറുമൊക്കെ നേരത്തെ കാശ്മീർ ടു കേരള അവാർഡിന് അർഹരായിട്ടുണ്ടെന്നും സംഭവത്തിൽ ഡിസിസി പ്രസിഡൻറ് മാപ്പ് പറയണമെന്നുമാണ് എൽഡിഎഫ് ആവശ്യം

കോൺഗ്രസിലെ പ്രമുഖ നേതാക്കൾ കൈപ്പറ്റിയ അവാർഡിനെയാണ് ലിജു തള്ളിപ്പറഞ്ഞതെന്ന് പ്രിൻസ്

സംഗതി വിവാദമായതോടെയാണ് കെ ആൻഡ് കെ ഫൌണ്ടേഷൻ പ്രസിഡണ്ട് പ്രിൻസ് വൈദ്യൻ വിശദീകരണവുമായി രംഗത്തെത്തിയത്. കോൺഗ്രസിലെ സമുന്നതരായ നേതാക്കളിൽ പലരും കെ ആൻഡ് കെ സോഷ്യൽ ഫൗണ്ടേഷന്റെ അവാർഡുകൾ സ്വീകരിച്ചവരാണെന്നു പ്രിൻസ് പറഞ്ഞു. അവാർഡ് കൈപ്പറ്റിയിട്ടുള്ള കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പ്രമുഖരുടെ പേരുകൾ ഒന്നൊന്നായി നിരത്തി ലിജുവിന്റെ വാദത്തെ പ്രിൻസ് വൈദ്യൻ പൊളിച്ചടുക്കി. കോൺഗ്രസിന്റെ ഉന്നത നേതാവായിരുന്ന ഡോ കരൺ സിംഗാണ് ആദ്യമായി കെ ആൻഡ് കെയുടെ അവാർഡ് കൈപ്പറ്റിയതെന്നും പ്രിൻസ് പറഞ്ഞു. കൂടാതെ രമേശ് ചെന്നിത്തല, ശിവകുമാർ, രാജ്‌മോഹൻ ഉണ്ണിത്താൻ, പന്തളം സുധാകരൻ തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കൾ ഈ സംഘടനയിൽ നിന്നും പലപ്പോഴായി അവാർഡുകൾ കൈപ്പറ്റിയവരാണെന്നും പ്രിൻസ് വ്യക്തമാക്കി.

ഡോ ഫാറൂഖ് അബ്ദുള്ള, യെദ്യൂരപ്പ, അൽഫോൻസ് കണ്ണന്താനം, ടി കെ എ നായർ, എം എ ബേബി, പ്രിയദർശൻ, കെ മധു, സിബി മലയിൽ, ബ്ലെസി, വീരേന്ദ്ര കുമാർ, പി ജെ കുര്യൻ തുടങ്ങി കാശ്മീർ മുതൽ കേരളം വരെയുള്ള ഉന്നതരായ പല നേതാക്കളും ഐ പി എസ് ഉദ്യോഗസ്ഥരും കെ ആൻഡ് കെ സോഷ്യൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് സ്വീകരിച്ചവരാണെന്നും പ്രിൻസ് പറഞ്ഞു. ഈ സന്നദ്ധ സംഘടനയുടെ അധികാരിത അറിയണമെങ്കിൽ ലിജോയുടെ നേതാവായ രമേശ് ചെന്നിത്തലയോട് ചോദിച്ചാൽ മതിയെന്നും പ്രിൻസ് കൂട്ടിച്ചേർത്തു.

അധോലോക ബന്ധം ശുദ്ധ അസംബന്ധം

അധോലോകവുമായി ബന്ധമുള്ളയാളാണെന്ന് ലിജോ തന്നെ കുറിച്ച് പറഞ്ഞത് ഏതു അർഥത്തിലാണെന്നു വ്യക്തമാക്കണമെന്നും പ്രിൻസ് ആവശ്യപ്പെട്ടു. മുംബൈയിലെ അറിയപ്പെടുന്ന റിക്രൂട്ട്മെന്റ് ഏജൻസിയായ മാത്യു ഇന്റർനാഷണൽ ചില നിയമക്കുരുക്കുകളിൽ പെട്ടപ്പോൾ ഈ സ്ഥാപനത്തിന്റെ ഉടമസ്ഥനായ മാത്യു ആവശ്യപ്പെട്ട പ്രകാരം കേരളത്തിലെ പ്രമുഖരായ നിയമോപദേശകർ വഴി സഹായങ്ങൾ നൽകിയെന്നത് ശരിയാണെന്ന് പ്രിൻസ് പറഞ്ഞു. എന്നാൽ ഈ ദിവസങ്ങളിൽ മാത്യുവിനോടൊപ്പം താനുമുണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതനുസരിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാനാണ് തന്നെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും പ്രിൻസ് വിശദീകരിച്ചു . തുടർന്ന് തന്റെ അക്കൗണ്ടുകളും, വിദേശ യാത്രയുടെ വിശദാംശങ്ങളുമെല്ലാം പരിശോധിക്കുകയുണ്ടായെന്നും പ്രിൻസ് പറഞ്ഞു. മാത്യു ഇന്റർനാഷണലിന്റെ കേസ് പിന്നീട് സി ബി ഐ വരെ അന്വേഷിച്ചെങ്കിലും തെററ്റായിട്ടൊന്നും കണ്ടുപിടിച്ചിട്ടില്ലെന്നും പിന്നെ എങ്ങിനെയാണ് തന്നെയൊരു കുറ്റാരോപിതനായി ലിജോ ചിത്രീകരിച്ചതെന്നും പ്രിൻസ് വൈദ്യൻ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here