കേൾക്കാത്ത പാതി – കേരളത്തിലെ മഴയും മുംബൈയിലെ കുടയും!

0

അന്തരീക്ഷത്തിൽ ചൂടിന്റെ അനുപാതത്തിലുള്ള ഗണ്യമായ വർദ്ധനവ് തിരഞ്ഞെടുപ്പ് വേദികളെ വിയർപ്പിച്ചു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ താപ നില കേരളത്തെ അപേക്ഷിച്ചു വളരെ കുറവാണെന്ന് പറയാം.

മഹാരാഷ്ട്ര കോൺഗ്രസിൽ ജോജോ തരംഗത്തിന്റെ സാധ്യതകളാണ് സ്വയം പ്രഖ്യാപിത മോദി തരംഗ അവകാശവാദങ്ങൾക്ക് വരെ വെല്ലുവിളിയാകുവാൻ പോകുന്നതെന്നാണ് സഞ്ജയ് നിരുപം അടക്കമുള്ള നേതാക്കൾ പറഞ്ഞു പരത്തുന്നത്. എന്തായാലും ജനസമ്പർക്ക പരിപാടികളെ സജീവമാക്കുവാനായി രണ്ടും കല്പിച്ചിറങ്ങിയിരിക്കയാണ് ജോജോയും അണികളും. മഹാരാഷ്ട്രയിലെ മലയാളി വോട്ടുകൾ കൊണ്ട് കോൺഗ്രസിൽ പൂക്കളം തീർക്കാനെത്തിയ ജോജോ നഗരത്തിലെ പൊള്ളുന്ന ചൂടിലും വാടാത്ത വോട്ടുകൾക്കായി പരക്കം പായുകയാണ്.

കേരളത്തിൽ മഴ പെയ്താൽ മുംബൈയിൽ കുട ചൂടുന്നവരാണ് ഇവിടുത്തെ മലയാളികളെന്നു പറഞ്ഞാൽ അതിശയോക്തിയുടെ അനുപാതമോന്ന് കുറച്ചാൽ കുറെയൊക്കെ സത്യമാണ്. പ്രളയമായാലും തിരഞ്ഞെടുപ്പായാലും മുംബൈ മലയാളികളുടെ നിലപാടിന് ഇക്കാര്യത്തിൽ വലിയ മാറ്റമില്ല. കേരളത്തിന് സമാനമായൊരു പ്രളയം മുംബൈയെ വിഴുങ്ങിയപ്പോൾ കാണിക്കാത്ത പ്രതിബദ്ധതയാണ് ജന്മനാടിനോട് മലയാളികൾ കാണിച്ചിട്ടുള്ളത്.

മുംബൈ നോർത്തിൽ മത്സരിക്കുന്ന സിനിമാ താരം ഊര്‍മിള മതോണ്ട്കറിന് എത്ര വോട്ടു കിട്ടുമെന്നൊന്നും മുംബൈയിലെ മലയാളികളെ ബാധിക്കുന്നില്ല. എന്നാൽ തൃശൂരിലെ സുരേഷ് ഗോപിയും തിരുവന്തപുരത്തെ കുമ്മനവും ചാലക്കുടിയിലെ ഇന്നസെന്റും വയനാട്ടിലെ രാഹുൽ ഗാന്ധിയുമെല്ലാം മുംബൈ മലയാളികളുടെ ദൈനംദിന ചർച്ചകളിൽ പ്രവചനങ്ങളുടെയും വിശകലനങ്ങളുടെയും ഭാഗമായി സജീവമാണ്.

ഷാരൂഖ് ഖാന്റെ ചിത്രമായ സിറോ എട്ടു നിലയിൽ പൊട്ടിയത് പലരും അറിഞ്ഞു പോലും കാണില്ല എന്നാൽ മോഹൻലാലിന്റെ ഒടിയൻ ചിത്രത്തിന്റെ പരാജയ കണക്കുകൾ വിശകലനം ചെയ്യാൻ സമയം കണ്ടെത്തിയവർ അനവധിയാണ് മുംബൈയിൽ.

ആഘോഷങ്ങളുടെ നഗരമായ മുംബൈയിൽ ഓണവും വിഷുവും ആഘോഷിക്കാൻ മലയാളി സംഘടനകൾ വരെ മത്സരിക്കുന്നത് പതിവ് കാഴ്ചയാണ്. ദീപാവലിക്ക് പൊട്ടിക്കുന്ന പടക്കത്തേക്കാൾ മുംബൈ മലയാളികൾ ഉന്മാദം കൊള്ളുന്നത് വിഷു തലേന്ന് കത്തിക്കുന്ന പൂത്തിരികളിലാണെന്നതിന്റെ പൊരുളറിയാൻ പി സി ജോർജിന് പഠിക്കേണ്ട കാര്യമൊന്നുമില്ല.


പ്രേംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here