ഈയടുത്തകാലത്താണ്, ഞങ്ങളുടെ തൃശ്ശൂര്‍ ജില്ലയില്‍ സ്വല്‍പ്പം വടക്കായി, തലപ്പിള്ളി താലൂക്കുമായി അടുത്തു കിടക്കുന്ന കുന്നംകുളം എന്ന പട്ടണത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. അവിടത്തുകാരനായ ഒരു സുഹൃത്തിന്റെ, നൊസ്റ്റാള്‍ജിസ്റ്റിക്ക് ആയ ഒരു ലേഖനം ആയിരുന്നു കാരണം. മറ്റൊരു കുന്നംകുളത്തുകാരന്‍ ചങ്ങാതിയും ഇടയ്ക്കും തലക്കുമായി ഈ സ്ഥലത്തെക്കുറിച്ചുള്ള ചിന്തകളെ തട്ടി ഉണര്‍ത്തുക പതിവാണ്.
ഇവരെല്ലാം, പുസ്തകങ്ങള്‍ അച്ചടിക്കുന്നവരും, ബൈന്‍ഡ് ചെയ്യുന്നവരും ആയിരുന്ന അക്കാലത്തെ കുന്നംകുളത്തെ അനവധി കൃസ്ത്യാനി കച്ചവടക്കാരെ ഓര്‍മ്മയില്‍ കൊണ്ടു വരാറുണ്ട്. പഴയ കാലത്തു ചില പ്രഖ്യാതരായ പുസ്തക കച്ചവടക്കാര്‍ ഉണ്ടായിരുന്നു – ഇട്ടൂപ്പ്, ചുമ്മാര്‍, വാറു തുടങ്ങിയ പേരുള്ളവര്‍. അവര്‍ ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട്.
ഇരിഞ്ഞാലക്കുടയിലെ വല്യങ്ങാടിയിലെ സ്കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍, ചക്കച്ചാമ്പറമ്പന്‍ ലോനപ്പേട്ടന്‍ എന്ന മുത്തഛന്റെ പ്രായം ഉള്ള ഒരു കൃസ്ത്യാനി കാരണവര്‍ നടത്തിയിരുന്ന എന്റെ നാട്ടിലെ ഏക പുസ്തക – സ്റ്റെഷണറി കടയില്‍ വച്ചായിരുന്നു കുന്നംകുളത്തെക്കുറിച്ചു ആദ്യമായി കേള്‍ക്കുന്നത്.
“മ്മടെ കൊച്ചിരാജ്യത്തിനു വേണ്ട പുസ്തകൊക്കെ വരണത് കുന്നംകൊളത്തീന്നാ, ന്‍റെ സാമിക്കുട്ട്യെ..!!” എന്ന ലോനപ്പേട്ടന്റെ വാക്കുകള്‍ ഇന്നും ചിലപ്പോള്‍ ചെവിയില്‍ മുഴങ്ങാറുണ്ട് . കൂട്ടത്തില്‍, ഒരു സംഗതിയും കൂടി പറഞ്ഞു തന്നു ലോനപ്പേട്ടന്‍, “ങ്ങടെ അപ്പാപ്പന്‍ കെ. ജീ. മാഷോട് ചോയിക്ക്; അപ്പൊ അറിയാം കുന്നംകുളത്തെ വിശേഷങ്ങള്‍!”.
പല തവണയായി, ഒരു പാട് കാലം കുന്നംകുളത്ത് പഠിപ്പിച്ചിരുന്ന മുത്തച്ഛന്റെ ഒരു അനിയന്‍, നാട്ടിലും പുറത്തും “കെ. ജീ. മാഷ്” എന്നറിയപ്പെട്ടിരുന്ന കെ. ജീ. നാരായണ അയ്യര്‍ ആയിരുന്നു കുന്നംകുളത്തിന്റെ ചില ചരിത്രങ്ങളും കഥകളും ഒക്കെ അന്ന് പറഞ്ഞു തന്നിരുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, കൊച്ചിരാജ്യത്തെ ഏറ്റവും “എന്റര്‍പ്രൈസിംഗ്” ജനങ്ങള്‍ ആയിരുന്നു കുന്നംകുളത്തെ ക്രിസ്ത്യാനികള്‍! അദ്ദേഹം പഠിപ്പിച്ച, അദ്ദേഹം അറിയുന്ന ധാരാളം കുന്നംകുളത്തുകാര്‍ അദ്ദേഹത്തെ പതിവായി കാണാനും വരാറുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞാണറിയുന്നത്, ഞങ്ങളുടെ പഴയ കൊച്ചിരാജ്യത്തിലെ സ്കൂളുകളുടെ ടെക്സ്റ്റ് പുസ്തകങ്ങളും, നൂറും, നൂറ്റമ്പതും, ഇരുനൂറും, നാനൂറും പേജുകള്‍ ഉള്ള നോട്ടു പുസ്തകങ്ങളും (എക്സര്‍സൈസ് ബുക് എന്നാണ് ഇതിന്റെ മറ്റൊരു പേര്) കുന്നംകുളത്ത് നിന്നാണ് വന്നിരുന്നത് എന്ന് മാത്രമല്ലാ, വസ്തു-വഹകളുടെ വരവു – ചിലവുകളുടെ നാള്‍ വഴികളും മറ്റും എഴുതാനായി പല കുടുംബക്കാരും ഉപയോഗിച്ചിരുന്ന പച്ച – ചുകപ്പു നിറങ്ങളില്‍ കുറുകെയും നെടുകെയും വരകള്‍ ഉള്ള പച്ച നിറത്തില്‍ പേജുകള്‍ ഉള്ള, നല്ല കനത്തില്‍ ബൈന്‍ഡ് ചെയ്ത, നീളന്‍ കണക്കു പുസ്തകങ്ങളും, ലെഡ്ജറൂകളും എല്ലാം അക്കാലത്ത് വന്നിരുന്നതും കുന്നംകുളത്തു നിന്നുമായിരുന്നു എന്ന വിവരം അറിയുന്നതും ഈ കാരണവരില്‍ നിന്നായിരുന്നു

ക്രിസ്ത്യാനികള്‍ കൊടികുത്തി വാണിരുന്ന കുന്നംകുളത്ത്, എന്നും രാവിലെ തന്നെ അമ്പലക്കുളത്തില്‍ കുളിച്ചു – തൊഴുതു, പ്രസാദവുമായി, മുണ്ടും, മേല്‍മുണ്ടും, പൂണൂലും ധരിച്ചു, കെ.ജീ. മാഷ് എന്ന ഞങ്ങളുടെ കാരണവര്‍ നാട്ടുകാരോട് കുശലവും പറഞ്ഞു നടന്നു വരുന്ന കാഴ്ച കാണാന്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും അവരുടെ കുടുംബക്കാരും കാത്തിരിക്കാറൂണ്ടെന്ന കഥ പറഞ്ഞതു, പഴയ കാലത്തെ അവിടത്തെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ ഒരു അംഗമായിരുന്നു .ആയിടക്കാണ് വെളുത്തു കൊഴുത്ത ഫ്രാന്‍സിസ് എന്ന ഒന്നാം തരം സുറിയാനി ക്രിസ്ത്യാനി കുന്നംകുളത്തുകാരന്‍ മാഷ് ഞങ്ങളുടെ സ്കൂളില്‍ ട്രാന്‍സ്ഫര്‍ ആയി വരുന്നത്. ധാരാളം ബിബ്ലിക്കല്‍ കഥകള്‍ പറഞ്ഞുതന്നിരുന്ന മാഷ് ഒരു സുന്ദരനായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കുന്നംകുളം ഭാഷ ഞങ്ങളുടെ ഇരിഞ്ഞാലക്കുട ഭാഷയെക്കാള്‍ കുഴപ്പം പിടിച്ചതായിരുന്നു. എങ്കിലും “ഞങ്ങ കുന്നോളത്തുകാര്….” എന്ന് തുടങ്ങുന്ന മാഷിന്റെ കഥകള്‍ കേള്‍ക്കാന്‍ എന്നും ഇഷ്ട്ടമായിരുന്നു ഞങ്ങള്‍ക്ക്. തോമാശ്ലീഹ കാണിച്ച അത്ഭുതങ്ങളും, പാലയൂരില്‍ പള്ളി സ്ഥാപിച്ചതും, കുളത്തില്‍ കുളിച്ചിരുന്ന ബ്രാഹ്മണരെ ജ്ഞാനസ്നാനം കഴിപ്പിച്ചു ക്രിസ്ത്യാനികള്‍ ആക്കിയതും ആയ അനവധി കഥകളാണ് മാഷുടെ കൈവശം ഉണ്ടായിരുന്നത് !
കഥകളുടെ എല്ലാം അവസാനം മാഷ് അഭിമാനത്തോടെ പറയുന്ന ഒരു വാചകം ഉണ്ട്: “ഞങ്ങ നസ്രാണിയോള് ശരിക്കും പട്ടമ്മാരാ ട്ടാ….തോമശ്ലീഹാ പറഞ്ഞപ്പോ പൂണൂലാ അഴിച്ചു, കൊന്തയാ ഇട്ടു…അത്രേള്ളോ സംഗതി !!”.
ഉത്തര-പശ്ചിമ തീരത്തെ ഒരു തുറമുഖത്തു, ജോലിയില്‍ ചേര്‍ന്നപ്പോള്‍ ആയിരുന്നു ഈ കുന്നംകുളം എന്‍റെ ജീവിതത്തില്‍ വീണ്ടും കടന്നു വന്നത് – ഏ.വീ.തോമസ് എന്ന തോമാച്ചന്റെ രൂപത്തില്‍. ഒബ്സര്‍വേറ്ററിയിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു, ഈ പാവം നാടന്‍ കുന്നംകുളം കൃസ്ത്യാനി. ഒരു തരത്തില്‍ പറഞ്ഞാല്‍, അന്ന് വെറും പത്തൊന്‍പതുകാരനായ എന്റെ ഗാര്‍ഡിയനും/കാരണവരും, ചപ്പാത്തിയും, കറിയും മുടങ്ങാതെ ഉണ്ടാക്കിതന്നിരുന്ന അന്നദാതാവും കൂടി ആയിരുന്നു തോമാച്ചന്‍. ദിവസവും, പഴയ നിയമത്തിലെയും, പുതിയ നിയമത്തിലെയും സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള തോമാച്ചന്റെ കൊച്ചു കൊച്ചു കഥകള്‍ കേട്ടായിരുന്നു അന്നെല്ലാം ഞാന്‍ ഉറങ്ങിയിരുന്നത്.
കുന്നംകുളത്തെ പുസ്തക കച്ചവടക്കാരും, അവരുടെ ഭാഷയും, ജീവിതരീതികളും, കച്ചവടതന്ത്രങ്ങളും എല്ലാം അവരുടെ തൊട്ടടുത്ത നാട്ടുകാരന്‍ ആയ തിരുവില്വാമലക്കാരന്‍ വീ.കെ.എന്‍. എന്ന വടക്കേ കൂട്ടാലെ നാരായണന്‍ കുട്ടി നായരെ ഒരുപാട് ആകര്‍ഷിച്ചിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ലെന്നു തോന്നാറുണ്ട്. അതാണല്ലോ ഈ അഭിനവ കുഞ്ചന്‍റെ പ്രൊട്ടോഗോണിസ്റ്റുകളില്‍ മുഖ്യനായ ഇട്ടൂപ്പ് മുതലാളിക്കു പയ്യന്‍സിന്റെ ജീവിതത്തില്‍ ഇത്രയധികം സ്വാധീനം ഉണ്ടായത്.
ഇംഗ്ലീഷു ഭാഷ തൊട്ടുകുളിച്ചിട്ടില്ലാത്ത, ഇട്ടൂപ്പിന്റെ “യൂ തീഫ്…ഐ…തീഫ്..ഓള്‍ തീഫ്!, സ്കൂള്‍ ഒപെനിംഗ് ഗുഡ് സീസന്‍, സെല്‍ ബുക്ക്, മേക് മണി, കണ്ടക്റ്റ് ആന്‍ഡ് എന്‍ജോയ്”, തുടങ്ങിയ കച്ചവട സൂക്തങ്ങളെ ഈ സാറ്റയറിസ്റ്റ് അനശ്വരമാക്കിയത് അത് കൊണ്ടായിരുന്നില്ലേ?
