മഴമേഘങ്ങൾ മൂടിയ മാനം പോൽ,
മൗനരാഗങ്ങളൊളിപ്പിച്ചൊരാ പെൺ മനസ്സ്.
ക്ഷോഭമായ് പെയ്യും മഴക്കു മുൻപേ,
മൗനം പൂണ്ടൊരാ പ്രകൃതി പോലെ …
പെയ്യുന്നിതാ മഴ
അലഞ്ഞു മടുത്തൊരാ-
മേഘങ്ങളൊന്നായ് ചേർന്നു
ഭൂമി തൻ മാറിലായ്.
പോകെപോകെ മഴയാർത്തു പെയ്യുന്നു
മനസിലേറെ നാൾ
മൗനം കാത്തുവച്ചൊ-
രേകാകിയാം യുവതി തൻ
മൗനമകന്ന പോൽ….
ഏതു മൗനത്തിനും മനസിലൊളിപ്പിച്ചൊരു
മോഹന കവിതതൻ ഭാവമേറെ….
ചില നേരം പ്രണയത്തിൻ ലാസ്യഭാവങ്ങളും
ചില നേരം വിരഹത്തിൻ നോവുമാവാം.
ചിലനേരങ്ങളൊക്കെയോ, അത്
നഷ്ടസ്വപ്നങ്ങൾ തൻ മഞ്ചലാകാം.
ഇടയിൽ കൺപീലികൾ
ഈറനണിയിച്ച്
കവിൾതടം നനച്ചിടാമെന്നാകിലും,
മൗനങ്ങളെയവൾ കാത്തുവച്ചിടുന്നു
ഓരോ
നിശ്വാസത്തിലു- മോരോ പുഞ്ചിരിയിലും,
മനസ്സിൽ കയ്യൊപ്പു ചാർത്തിയ കവിത പോലെ .
ഒരുവേളയതിൽ സ്നേഹത്തിൻ
വിരൽ തൊടുത്താലതോ
പെയ്യുന്നിതാ തേങ്ങലായ് പ്രകൃതിതൻ വിരൽ തുമ്പാൽ
മീട്ടുമാ മഴവീണപോലെ
രചന: ശില്പ.എസ്