മുംബൈ ബദലാ കഹാ, ഭായി സാബ് ?

സഹജമായ നർമ്മ ബോധത്തോടെ പ്രസാദ മധുരമായ ഭാഷയിലൂടെ കഥകളും ലളിതമായ ഭാഷയിൽ ശാസ്ത്ര ലേഖനങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് കെ ആർ നാരായണൻ.

0

മുംബൈയുമായുള്ള ബന്ധങ്ങള്‍ എന്തൊക്കെ, എങ്ങിനെയൊക്കെ ആണെന്നു തെളിയിച്ചു പറയാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. 1926–ല്‍ ഇവിടെയെത്തിയ ശേഷം, വീണ്ടും കല്‍ക്കത്തയിലേക്കു താമസം മാറുന്നതുവരെ ഇവിടുത്തെ മാട്ടുംഗ-ദാദറില്‍ താമസവും ഫോര്‍ട്ടില്‍ ജോലിയും ആയിരുന്ന അച്ഛനു പുറകെ, മിക്കവാറും എല്ലാ കുടുംബാംഗങ്ങളും പല ഗഡുവുകളിലായി ബോംബെയില്‍ വന്നു ചേര്‍ന്നു എന്നു കാരണവന്മാര്‍ പറയാറുണ്ട്‌. മൂന്നിലധികം പതിറ്റാണ്ടുകള്‍ക്കുശേഷം , എവിടെയെല്ലാമോ ചുറ്റിക്കറങ്ങി ഞാനുമെത്തി, ഈ മഹാനഗരത്തില്‍ തന്നെ. അപ്പോഴേക്കും ബോംബെ വല്ലാതെ മാറിപ്പോയിരുന്നു – അതിന്റെ പേരടക്കം!

പത്തൊമ്പതാം വയസ്സില്‍ പുതുതായി ഉണ്ടായ ഉത്തര-പശ്ചിമ സംസ്ഥാനത്തിലെ സര്‍വീസില്‍ സെലക്ഷന്‍ കിട്ടിയെങ്കിലും, അതിനുവേണ്ടിയുള്ള പരിശീലനങ്ങള്‍ ഏതാണ്ടെല്ലാം ബോംബെ നഗരത്തില്‍ തന്നെയായിരുന്നു കഴിക്കേണ്ടി വന്നത്. ഗോരേഗാവില്‍ താമസവും, താരാപ്പൂര്‍വാലാ അക്വേറിയത്തിന്റെ മൂന്നാംനിലയിലെ ഗവേഷണകേന്ദ്രത്തില്‍ മത്സ്യ ശാസ്ത്രത്തില്‍ ഉപരിപഠനങ്ങളും മറ്റുമായിരുന്നു കുറേക്കാലം.

പിന്നീടു സസ്സൂണ്‍ ഡോക്സിലെ ചെറുതും വലുതുമായ കപ്പലുകളിലെ നാവിഗേഷന്‍ പഠനവും, അതിന് ശേഷം വെര്‍സോവ, സത്പാട്ടി തുടങ്ങിയ കടലോര ഗ്രാമങ്ങളിലെ തീരദേശവാസികളുടെ സഹകരണ സംഘങ്ങളും പരിശീലന കേന്ദ്രങ്ങളും, സാമൂഹ്യ- സാമ്പത്തിക ക്ഷേമ പരിപാടികളും മറ്റുമായിരുന്നു പിന്നീടുള്ള കാലങ്ങളില്‍ . ഈ പരിശീലനങ്ങള്‍ എല്ലാം ഒരുപാടുകാലം നീണ്ടുനിന്നു.

പ്രശസ്ഥ ശാസ്ത്രജ്ഞായിരുന്ന അന്നത്തെ ഗുരുനാഥന്‍ അന്നു തന്ന ഒരു പേരുണ്ടായിരുന്നു – ‘ഗോരെഗാവ് ചാ മുള്‍ഗാ” (ഗോരെഗാവിലെ പയ്യന്‍). ട്രെയിനിംഗ് എല്ലാം കഴിഞ്ഞിട്ടും ആ പേര് ഉറച്ചുനിന്നു – ചില പഴമക്കാരായ ബോംബെ സ്റ്റേറ്റ് ഉദ്യോഗസ്ഥന്മാര്‍ ഇപ്പോഴും ഈ പേര് ഓര്‍ക്കുന്നുണ്ടെന്ന് ഉദ്യോഗത്തില്‍ നിന്നു വിരമിച്ചു കഴിഞ്ഞു കൂടുന്ന പഴയ കാലത്തെ മുംബൈയിലെ സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും പറയാറുണ്ട് .

വൈകീട്ടും, ഒഴിവുസമയത്തുമെല്ലാം ഫോര്‍ട്ട്‌ ഏരിയയില്‍ , ചുറ്റിക്കറങ്ങി, അവിടെ ഫുട്പാത്തില്‍ കിട്ടുന്ന പഴയ നോവലുകളും, ക്ലാസ്സിക്കുകളും ശാസ്ത്രഗ്രന്ഥങ്ങളും എല്ലാം ചുരുങ്ങിയ വിലയ്ക്കു വാങ്ങി വായിക്കല്‍ അക്കാലത്തെയൊരു ഹോബി ആയിരുന്നു.

അഞ്ചു ദശകങ്ങള്‍ക്കു ശേഷം, ഉദ്യോഗങ്ങളില്‍ നിന്നെല്ലാം വിരമിച്ചു, വീണ്ടും മുംബൈയിലേക്ക് തന്നെ തിരിച്ചു വന്നപ്പോള്‍, ചിരപരിചിതങ്ങള്‍ ആയിരുന്ന പഴയ സ്ഥലങ്ങളെല്ലാം ഒന്നുകൂടി കാണണമെന്ന് തോന്നി.

ഫ്ലോറാ ഫൌണ്ടന്റെ അടുത്തുള്ള പാര്‍ക്കിംഗ് പ്ലോട്ടില്‍ കാറുനിറു‍ത്താന്‍ ഡ്രൈവറോട് പറഞ്ഞു. റോഡ്‌ മുറിച്ചു കടന്നു നടന്നു, സി.ടി.ഒ. ഭാഗത്തു പഴയകാലത്തെപ്പോലെ ഫുട്പാത്തുകളില്‍ പുസ്തകങ്ങള്‍ തിരഞ്ഞു നടന്നു. പഴയ ചില ക്ലാസിക്കുകള്‍ കിട്ടി. കോളേജില്‍ പഠിക്കുമ്പോള്‍ വായിച്ച റേയ്ച്ചല്‍ കാര്‍സന്‍റെ സമുദ്രത്തെയും, കടലിലെ പരിസ്ഥിതികളെയും സംബന്ധിച്ച രണ്ടു പുസ്തകങ്ങള്‍ കിട്ടി. കൂട്ടത്തില്‍ ഇര്‍വിംഗ് വാലസിന്റെ പ്രസിദ്ധമായ ‘ത്രീ സൈറെന്‍സിന്റെ” ഒരു പഴയ എഡിഷനും കിട്ടി. വീണ്ടും റോഡു മുറിച്ചുകടന്നു പഴയ ബ്രൂസ് സ്ട്രീറ്റിന്റെ – ഇന്നത്തെ ഹോമി മോഡിത്തെരുവിന്റെ – അടുത്തെത്തി. എതിരെ നില്‍ക്കുന്നു എന്റെ പഴയ “ഫ്രൂട്ട് ജ്യൂസ്കാരന്‍റെ” കട – വലിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഇല്ലാതെ!

എന്നെക്കണ്ട കടയുടമ, ഒരു പ്ലാസ്റ്റിക്ക് കസേരയിട്ടു തന്നു, ഒരു ചിരിയോടെ ചോദിച്ചു:
“മുസുമ്പി ജ്യൂസ് തന്നെയല്ലേ, സാബ്?”

സ്വല്‍പ്പം അത്ഭുതത്തോടെ അയാളോടു ചോദിച്ചു: “ഞാന്‍ മുസുമ്പി ജ്യൂസാണ് കുടിക്കാറെന്നു എങ്ങിനെ മനസ്സിലായി?”
അവന്‍ ചിരിച്ചു. “കൊല്ലങ്ങളായി ഞാന്‍ കാണുന്നതല്ലേ, സാര്‍! എന്റെ കുട്ടിക്കാലത്തും സാര്‍ അതാണല്ലോ കുടിക്കാറ്” എന്ന മറുപടി എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി.

ഇവിടെയിരുന്നു ഞാന്‍ മണിക്കൂറുകളോളം പുസ്തകം വായിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കടയുടെ അന്നത്തെ ഉടമസ്ഥന്‍, ഒരു സ്റ്റൂള്‍ ഇട്ടു തന്ന്, ഒരു ഗ്ലാസ് തണുത്ത മുസുമ്പി ജ്യൂസും തരുമായിരുന്നു. അയാളുടെ മുസുമ്പി ജ്യൂസ് ആസ്വദിച്ചുകൊണ്ട്, പുസ്തകങ്ങള്‍ വായിച്ചിരിക്കും പതിവായി അവിടെ, – എന്റെ ചില ബന്ധുക്കള്‍ ആപ്പീസ് വിട്ടു വരുന്ന വരെ. ഈ പതിവ് വളരെക്കാലം തുടര്‍ന്നിരുന്നു.
പക്ഷെ അതെല്ലാം കഴിഞ്ഞു അനവധി വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നത്തെ കടക്കാരനെ ഇപ്പോള്‍ കാണാനും കഴിഞ്ഞില്ല. പക്ഷെ ഈ പയ്യന് അതെല്ലാം എങ്ങിനെ ഓര്‍ക്കാന്‍ കഴിയുന്നു?

എന്‍റെ കണ്ഫ്യൂഷന്‍ മനസ്സിലായ പോലെ അയാള്‍ പറഞ്ഞു: “അക്കാലത്തു കുട്ടിയായിരുന്ന ഞാന്‍, താങ്കള്‍ പതിവായി ഇവിടെ വന്നിരുന്നതും ബാബ മുസുമ്പി ജ്യൂസ് തരുന്നതും, താങ്കളുടെ ഭായിലോഗ് വരുന്നവരെ താങ്കള്‍ ഇവിടെയിരുന്നു വായിച്ചിരിക്കുന്നതും ധാരാളം കാണാറുണ്ടായിരുന്നു”

ഞാന്‍ അലിഭായിയുടെ ഇളയ മകനാണ് എന്നവന്‍ പറഞ്ഞപ്പോഴാണ് പഴയ കടക്കാരന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു കൊച്ചു പയ്യനര്‍ ഓര്‍മ്മ വന്നത്.

“…..മഗര്‍ ആപ്കാ ബാല്‍ ബില്‍ക്കുല്‍ സഫേദ് ഹോ ചുക്കാ ഹൈ” (മുടിയൊക്കെ നരച്ചുപോയ്) എന്നു അവന്‍ കൂട്ടി ചേര്‍ത്തപ്പോള്‍ ആണു, ഞങ്ങള്‍ക്കിടയില്‍ കൂടി വളരെ ദശകങ്ങള്‍ കടന്നുപോയ കാര്യo ഓര്‍മ്മ വന്നത്.
വടക്കോട്ടു പഴയ വീ.ടി.യിലേക്കു നീണ്ടു പോയിക്കൊണ്ടിരുന്ന, തിരക്കുപിടിച്ച നിരത്തിലേയ്ക്കു നോക്കിക്കൊണ്ടിരുന്നപ്പോള്‍ ആരോ മനസ്സില്‍ ചോദിക്കുന്നപോലെ തോന്നി:

“മുംബൈ ബദലാ കഹാ, ഭായി സാബ് ?!!”


K.R. Narayanan

LEAVE A REPLY

Please enter your comment!
Please enter your name here