രാത്രി പത്തര മണികഴിഞ്ഞു മാത്രം ജോലി കഴിഞ്ഞെത്തുന്ന മോളെ പിക്ക് അപ്പ് ചെയ്യുവാൻ ഞാൻ എന്നും രാത്രി പത്തു മണിക്ക് ഡോംബിവലി സ്റ്റേഷനിൽ പോകാറുണ്ട്. ജോലി കഴിഞ്ഞ് മാർക്കറ്റിലൊക്കെ തെണ്ടി വേണ്ട സാധനങ്ങളും വാങ്ങി വീടെത്തി വീണ്ടും സ്റ്റേഷനിലേക്ക് തന്നെ തിരിച്ച് പോകുക എന്നത് ഒരു ശ്രമകരമായ ജോലിയാണെങ്കിലും ഇപ്പോൾ അതൊരു ദിനചര്യയായി മാറിയിരിക്കുന്നു. മോളെത്തുന്നതുവരെ പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്തതിനാലും ഒരു വാട്സ്ആപ്പ് ജീവി അല്ലാത്തതിനാലും ഞാൻ പരിസരങ്ങളിലെ ഓരോ ചലനവും നിരീക്ഷിച്ചു കൊണ്ട് കൊതുകുകടിയിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചു കൊണ്ടിരിക്കും. അല്ലെങ്കിലും എഴുത്തുകാരന് എന്തും വിഷയങ്ങളാണല്ലോ, ഫുട്പാത്ത് കച്ചവടക്കാർ മുതൽ വൈകി വീടെത്താൻ ഓടുന്ന യാത്രക്കാർ തൊട്ട് റെയിൽവേസ്റ്റേഷനിലെ കൽചുമരുകൾ പോലും ഒരു എഴുത്തുകാരനോട് സംവദിച്ചു കൊണ്ടിരിക്കും.
അങ്ങിനെ ഇന്നലെയും പതിവുപോലെ സ്റ്റേഷനിൽ എത്തിയ ഞാൻ മൊബൈലിൽ ടൈമും ഓവർ ബ്രിഡ്ജിനു പുറത്തെ ഇന്ഡിഗേറ്ററിലേക്കും മാറി മാറി നോക്കി സമയത്തെ കൊന്നുകൊണ്ടിരുന്നു. സ്റ്റേഷന് പുറത്ത് അവസാന മണിക്കൂറിലെ കച്ചവടത്തിന് വേണ്ടി ഉറക്കെ വിളിച്ച് കൂവുന്ന തെരുവ് കച്ചവടക്കാർ. ടിക്കറ്റ് കൗണ്ടറിനു മുന്നിൽ അക്ഷമരായി നിൽക്കുന്ന യാത്രക്കാർ. ചിലർ സ്‌കൂട്ടറുമായി ജോലി കഴിഞ്ഞു വരുന്ന മകളെയോ ഭാര്യയെയോ കാത്ത് പുറത്ത് നിൽക്കുന്നു. പാർക്കിങ് ഇല്ലാത്തതിനാൽ അവർ സ്‌കൂട്ടറിൽ തന്നെ ഇരിക്കുകയാണ്.
കുറെ നിന്ന് കാലു കഴച്ചപ്പോൾ ഞാൻ ടിക്കറ്റ് കൗണ്ടറിനു മുന്നിലെ സിമന്റ് തറയിൽ കയ്യിലുള്ള പേപ്പർ വിരിച്ച് അതിലിരുന്നു. അവിടെ ഇരുന്നാൽ ബ്രിഡ്ജ് ഇറങ്ങി വരുന്നവരെ ദൂരെനിന്നു തന്നെ കാണാം. അങ്ങിനെ ദൂരേക്ക് അലസമായി കണ്ണുകൾ പായിച്ച് ഇരിക്കുമ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്, എനിക്ക് മുന്നിലൂടെ വളരെ അസ്വസ്ഥയായി ഒരു സ്ത്രീ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു, ഒരു 35 വയസെങ്കിലും പ്രായമുണ്ടായിരിക്കും. അവരും ആരെയോ കാത്ത് നിൽക്കുകയാണെന്ന് എനിക്ക് തോന്നി, ഇടയ്ക്കിടെ മൊബൈൽ ഡയൽ ചെയ്യുന്നുണ്ട്, പക്ഷെ കിട്ടുന്നില്ലെന്ന് തോന്നുന്നു, വൈകിയെത്തുന്ന അവരുടെ മകളെയോ അനിയത്തിയെയോ കാത്ത് നിൽക്കുകയാവും. പലപ്പോഴും വീട്ടിലുള്ളവരുടെ മനസ്സ് വായിക്കാനുള്ള കഴിവ് പുറത്ത് പോകുന്ന ന്യൂജൻ കുട്ടികൾക്കില്ലല്ലോ. നമ്മൾ പത്ത് തവണ ഫോൺ ചെയ്താലേ അവരൊന്ന് അറ്റൻഡ് ചെയ്യൂ.
കുറെ ഡയൽ ചെയ്തതിനു ശേഷം അവർക്ക് ലൈൻ കിട്ടി എന്ന് തോന്നുന്നു, അവർ ആരോടോ സംസാരിക്കുന്നുണ്ട്, സംസാരിക്കുമ്പോൾ ഇന്ഡിഗേറ്ററിലേക്കും ടിക്കറ്റ് കൗണ്ടറിലേക്കും എന്നെയും മാറിമാറി നോക്കുന്നുണ്ട്, സംസാരിച്ചു കൊണ്ട് തന്നെ അവർ എന്റെ അടുത്ത് വന്നു ചോദിച്ചു, ഞാൻ ഈ നിൽക്കുന്ന സ്ഥലം ഏതാണ്, ഞാൻ പറഞ്ഞു ഡോംബിവലി ഈസ്റ്റിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിൽ എന്ന് പറയൂ. അവർ എന്റെ കയ്യിൽ അവരുടെ ഫോൺ തന്നു എന്നിട്ട് പറഞ്ഞു, ഉൻകോ സമജായിയെ മേം കഹാം ഖടി ഹൂം, ആൻഡ്രോയിഡ് ഒന്നും അല്ല, പഴയ മോട്ടോറോല പോലെ ഒരു വിരൽ നീളത്തിലുള്ള ഒരു സാധാരണ ഫോൺ. ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ അങ്ങേ തലക്കൽ ആരുടെയൊക്കെയോ സംസാരം, ഏതോ പുരുഷ സ്വരം അതിനിടയിലൂടെ അവ്യക്തമായി കേൾക്കാം. ഡോംബിവലി സ്റ്റേഷനിലെ മിഡിൽ ബ്രിഡ്ജിനു ചുവടെയുള്ള ടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ഈ സ്ത്രീ നിൽക്കുന്നതെന്ന് ഞാൻ എനിക്കാവുന്ന വിധത്തിൽ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നിട്ട് അവരുടെ കൈയിൽ ഫോൺ കൊടുത്തു. ഡോംബിവലി പരിചയമില്ലാത്ത ഏതോ സ്ത്രീ അവരുടെ ബന്ധുവീട്ടിലേക്ക് വന്നതാവും, ഇറങ്ങി കഴിഞ്ഞ് കാത്ത് നിൽക്കാം എന്ന് പറഞ്ഞവരെ കാണാത്തപ്പോഴുള്ള അസ്വസ്ഥതയാണ് രാത്രി ഏറെ വൈകിയ ഈ നേരത്ത് അവരുടെ മുഖത്ത്. അവർ എന്നെ ദയനീയമായി നോക്കി, ഞാൻ പറഞ്ഞു, പേടിക്കേണ്ട, ഇപ്പോൾ വരും, ഞാൻ അവരോടു സ്ഥലം പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. കുറച്ച് നേരം കഴിഞ്ഞ് അവർ വീണ്ടും ഫോൺ ചെയ്തു നോക്കുന്നത് കണ്ടു. ഇപ്പോൾ അവിടെ മൊബൈൽ സ്വിച്ച് ഓഫ് ആണെന്ന് പറയുന്നത് തിരക്കൊഴിഞ്ഞ ആ രാത്രിയിൽ ഞാൻ അവ്യക്തമായി കേട്ടു. ഞാൻ ആ സ്ത്രീയുടെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു.
കുറച്ച് നേരം കൂടി കഴിഞ്ഞ് അവസാന ശ്രമം എന്നപോലെ ഒരുതവണ കൂടി അവർ ഫോൺ ചെയ്യുന്നത് കണ്ടു, പിന്നെ ഫോൺ തന്റെ തോളിൽ തൂക്കിയ ബാഗിലേക്കിട്ട് പിറുപിറുത്തു കൊണ്ട് ആൾക്കൂട്ടത്തിൽ അലിഞ്ഞു, ഫോൺ ബാഗിലേക്കിടും നേരം അവർ പറയുന്നത് കേട്ടു, “സാല മൊബൈൽ ഓഫ് കിയാ, ഹിമ്മത് നഹി തോ ബുലായാ ക്യോം?
