കുടയൂരിന്റെ കുരിശ്ശുവിളക്ക്

സഹജമായ നർമ്മ ബോധത്തോടെ പ്രസാദ മധുരമായ ഭാഷയിലൂടെ കഥകളും ലളിതമായ ഭാഷയിൽ ശാസ്ത്ര ലേഖനങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് കെ ആർ നാരായണൻ

0

“എന്റെ കര്‍ത്താവേ, ഈ സിമന്റു കുരിശ്ശുകൾ എന്നില്‍ നിന്ന് മാറ്റി തരേണമേ!”

എന്നും വൈകീട്ട് കൃത്യം ആറു മണിക്ക് അമ്പലത്തിലെ വെടി മുഴങ്ങുമ്പോള്‍, കാക്കതുരുത്തി റോഡിലെ ജങ്ക്ഷനിലെ വഴി വിളക്കില്‍, ഒരു കൊച്ചു കോണിയില്‍ നിന്നുകൊണ്ട് മുനിസിപ്പാലിറ്റിയിലെ ക്ലാസ് ഫോര്‍ ആയ ശവരിയാര്‍ (സേവിയര്‍ എന്ന പദത്തിന്റെ ലോക്കല്‍ പരിഭാഷ) പരാതിപ്പെടും.

ശവരിയാര്‍ക്ക് ഈ കുരിശ്ശില്‍ നിന്നും ഒരിക്കലും മോക്ഷം കിട്ടുമെന്ന് ആരും വിചാരിച്ചിരുന്നില്ല. പക്ഷെ ഫെറോന പള്ളിയിലെ ഗീവർഗ്ഗീസ്സു പുണ്ണൃാളനോ, കിഴക്കേ പള്ളിയിലെ മാതാവോ, കാവിലെ ഭഗവതിയോ അതോ വല്ല്യ അമ്പലത്തിലെ തേവരോ – ആരായാലും -അയാള്‍ക്ക്‌ ആറാം വാര്‍ഡിലെ ഇരുപതു ഇരുപത്തി അഞ്ചു സിമന്റില്‍ തീര്‍ത്ത കുരിശ്ശു വിളക്കുകളില്‍ ദിവസവും മണ്ണെണ്ണ ഒഴിച്ചു, ഗ്ലാസ്സ് തുടച്ചു, തിരി ഇട്ടു കത്തിക്കുന്ന പ്രാരബ്ദത്തില്‍ നിന്നും മോക്ഷം നല്‍കുക തന്നെ ചെയ്തു. കാരണം, സ്വാതന്ത്രം കിട്ടിയ കുറച്ചു ദിവസത്തിനകം കുടയൂരില്‍ ഇലെക്ട്രിസിറ്റി എത്തി – തേക്ക്‌ തടിയില്‍ കൊത്തി എടുത്ത വളരെ ഉയരത്തില്‍ ഉള്ള സുന്ദരന്‍ സ്ട്രീറ്റ് ലൈറ്റുകളും വന്നു .

സ്ട്രീറ്റ് ലയിറ്റുകള്‍ വരുന്നവരെ, ഇവിടുത്തെ എല്ലാ വാര്ഡുകളിലെയും എല്ലാ നാല്‍ക്കവലകളിലും ‍ എഴെട്ടടി ഉയരത്തില്‍ ഉള്ള – ഒരു കുരിശ്ശിനെ അനുസ്മരിപ്പിക്കുന്ന – സിമന്റിന്റെ വഴി വിളക്കുകള്‍ ഉണ്ടായിരുന്നു. ഇവയ്ക്ക് ശവരിയാര്‍ കൊടുത്ത പേര്‍ ആണ് കുരിശ്ശു വിളക്ക്. പിന്നീട്, ആ പേര് ശാശ്വതമായി ഉറച്ചു . തേക്കിന്‍ തടിയിലുള്ള ലാമ്പ് പോസ്റ്റുകള്‍ വന്നിട്ടും കുരിശ്ശു വിളക്കിന്റെ സിമന്റു കുരിശ്ശുകള്‍ ഗ്രാമത്തില്‍ അവശ്ശേഷിച്ചു; അവിടെ തന്നെ നിന്നു. അതുകൊണ്ട് ഞാന്‍ നാട് വിടുന്നവരെ എല്ലാ ജങ്ങ്ഷനിലും പഴയ സിമന്റു കുരിശ്ശുകള്‍ ഉണ്ടായിരുന്നു – ഒരു പക്ഷെ പുരുഷന്മാരുടെയും, നായകളുടെയും ജന്തു ശാസ്ത്രപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്രദമായിട്ടെന്നപോലെ !
ഇലക്ട്രിസിറ്റി വരുന്നവരെ നാട്ടുകാര്‍, നിലവിളക്കുകള്‍, കൈ ചിമ്മിനികള്‍, പതിനാലാം നമ്പര്‍ എന്ന് പേരുള്ള മേശ വിളക്കുകള്‍, റാന്തല്‍ വിളക്കുകള്‍, തുടങ്ങിയ എണ്ണകള്‍ ഉപയോഗിച്ച് കത്തുന്ന വിളക്കുകളും , ചൂട്ടു എന്ന മൊബയില്‍ വെളിച്ചവും ആണ് ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. കല്യാണം, അടിയന്തിരങ്ങള്‍ തുടങ്ങിയവ നടക്കുന്ന വീടുകളില്‍ പെട്രോമാക്സ് എന്ന ഗ്യാസ് വിളക്കും ഉപയോഗിച്ചിരുന്നു.

റോഡുകളില്‍ ജങ്ങ്ഷനുകളില്‍ ‌ മണ്ണെണ്ണയില്‍ കത്തുന്ന ഗ്ലാസ്സിന്റെ കൂടുള്ള വഴി വിളക്കുകള്‍- ശവരിയാരുടെ സിമന്റു കുരിശ്ശുകള്‍- മുനിസിപ്പാലിറ്റിക്കാര്‍ സ്ഥാപിച്ചിരുന്നു. പരിഷ്ക്കാരികളും, രാത്രി ഡ്യൂട്ടി ഉള്ള, പോലീസുകാര്‍, ഫോറസ്റ്റുകാര്‍, തുടങ്ങിയ സര്‍ക്കാര്‍ ‍ ഉദ്യോഗസ്ഥന്മാരും, വക്കീലന്മാരും, രണ്ടും, മൂന്നും, അഞ്ചും ബാററരികള്‍ കൊണ്ട് കത്തുന്ന ടോർച്ചുകളും (ഫ്ലാഷ് ലയിട്ടും) ഉപയോഗിച്ചിരുന്നു. (ടോര്‍ച്ചില്‍ ബാറ്റെറിയുടെ എണ്ണം കൂടും തോറും, അത് ഉപയോഗിക്കുന്ന ആളുടെ അന്തസ്സും കൂടി ഇരുന്നു അക്കാലത്ത്).

എങ്കിലും, ഗ്രാമത്തില്‍ ഒരുപാട് പാമ്പുകള്‍ ഉണ്ടായിരുന്നത് കൊണ്ട് കഴിവതും അധികം ആരും രാത്രികളില്‍ പുറത്തു ഇറങ്ങി നടക്കുക പതിവില്ലായിരുന്നു. സിനിമാ ടാക്കീസിലെ അവസാനത്തെ ഷോ കണ്ടു മടങ്ങുന്നവരും, കിഴക്ക് റയിവേസ്റ്റേഷനില്‍ അവസാനത്തെ വണ്ടിക്കുള്ള അവസാനത്തെ കണക്ഷൻ ‍ ആയ ബസ്സില്‍ വരുന്നവരും ആയിരിക്കും ഈ രാത്രി സഞ്ചാരികളില്‍ അധികവും. ഇവര്‍ എല്ലാം ടോര്‍ച്ചോ, ചൂട്ടോ കരുതി ഇരിക്കും. കൂട്ടത്തില്‍ പറയട്ടെ, കാര്യസ്ഥനും, പാനീസ് വിളക്കും ആയി ‘സമ്മന്തത്തിനു ‘ ഇറങ്ങുന്ന പഴയ ചില തറവാടികളെയും ഇക്കൂട്ടത്തില്‍ കണ്ടു എന്ന് വരാം.

ഇലക്ട്രിസിറ്റി ഇല്ലാതിരുന്ന ഞങ്ങളുടെ ഗ്രാമത്തിനു രാത്രിയില്‍ നല്ല ചന്തം ഉണ്ടായിരുന്നു. ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് കാണാന്‍ സാധിക്കാത്ത പ്രപഞ്ച സൃഷ്ട്ടിയുടെ പല വൈഭവങ്ങളും കുട്ടികള്‍ ആയിരുന്ന ഞങ്ങളുടെ ശ്രദ്ധയില്‍ പെടുമായിരുന്നു അക്കാലങ്ങളില്‍. മരങ്ങള്‍ നിറഞ്ഞ ഗ്രാമത്തില്‍, രാത്രിയിൽ കൂട്ടത്തോടെ മിനുങ്ങി പോയി കൊണ്ടിരുന്ന മിന്നാമിനുങ്ങിന്‍ കൂട്ടങ്ങളെ, പിന്നീട് ഞാന്‍ കാണുന്നത് അറുപതു അറുപത്തി അഞ്ചു കൊല്ലങ്ങള്‍ക്ക് ശേഷം മലയെഷ്യന്‍ കാടുകളില്‍ ആണ്.

തറവാടിന്റെ അടുത്തുള്ള വളരെ വലിയ പുളി മരത്തില്‍ നിന്നും സന്ധ്യക്കും, രാത്രിയും കൂട്ടത്തോടെ പറന്നിരുന്ന വവ്വാലുകളും, മരങ്ങളില്‍ പതി ഇരുന്നിരുന്ന കൂമന്‍മാരെയും മറ്റും കാണണം എങ്കില്‍ ഇപ്പോള്‍ കാഴ്ച ബംഗ്ലാവില്‍ ‍ ചെല്ലേണ്ടി വരും. രാത്രി മുഴുവന്‍ കൂവി അന്നത്തെ അന്തവിശ്വാസം നിറഞ്ഞ ആളുകളെ ഭയപ്പെടുത്തി കൊണ്ടിരുന്ന “കാലന്‍ കോഴി”കളുടെ കൂവല്‍, ഗ്രാമം വിട്ട ശേഷം ഞാൻ കേട്ടിട്ടും ഇല്ല.

കറുത്ത വാവും, വെളുത്ത വാവും, ചന്ദ്രന്റെ ക്ഷയ-വര്‍ദ്ധനങ്ങളും കണ്ണിന്നു മുമ്പില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരുന്നപ്പോള്‍, സ്കൂളില്‍ ഭൂമിശാസ്ത്രം പഠിക്കാതെ തന്നെ ഭൂമിയുടെയും, ചന്ദ്രന്റെയും ഭ്രമണത്തിന്റെ ഒരു ഏകദേശ രൂപം മുനസ്സില്‍ ഉറച്ചിരുന്നു. കൂടാതെ, വെളുത്ത വാവുകളുടെ രണ്ടു മൂന്ന് ദിവസം മുമ്പ് മുതല്‍ വാവ് കഴിഞ്ഞു ഒന്ന് രണ്ടു ദിവസത്തെ വെള്ളി ഉരുക്കി ഒഴിച്ച പോലെ ഉള്ള നിലാവും ഈ സമയത്ത് എട്ടു കിലോ മീറ്റര്‍ അകലെയുള്ള അറബിക്കടലില്‍ വേലിയേറ്റത്തിന്റെ ഇരച്ചിലും ഒരിക്കലും മറക്കാന്‍ കഴിയില്ല.

ഇക്കാലങ്ങളില്‍ നല്ല നിലാവുള്ള സമയത്ത് മരകൊമ്പുകളും, ചില്ലകളും സൃഷ്ട്ടിക്കുന്ന നിഴലുകള്‍ അന്നത്തെ ഗ്രാമത്തിലെ മനുഷ്യരുടെ മനസ്സില്‍ വിചിത്രങ്ങള്‍ ‍ ആയ വിചാരങ്ങളും, ഭാവനകളും ഉണര്‍ത്തും. അപ്പോള്‍ ഓരോ ദിവസവും രാത്രിയില്‍ അവര്‍ കണ്ട രൂപങ്ങള്‍ യക്ഷികളും, ഭൂതങ്ങളും ആയി രൂപാന്തരപ്പെടുന്ന പല കഥകളും കേള്‍ക്കാമായിരുന്നു.

ഇലക്ട്രിസിറ്റി വന്നു, എങ്ങും മെര്‍ക്കുറി വിളക്കുകൾ വരുകയും, , കാറുകളും, ബസ്സുകളും, ലോറികളും മറ്റും , ഓടി തുടങ്ങുകയും ചെയ്തതോടെ ഞങ്ങളുടെ ഭംഗിയുള്ള രാത്രികൾ എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു. അപ്പോഴത്തെ തോന്നലുകളില്‍ നിന്നും അനുദിനം രൂപം കൊണ്ടിരുന്ന പുതിയ പുതിയ യക്ഷി കഥകളും അതോടെ അവസാനിച്ചു.

വികസനത്തിന്‍റെ കണക്കുകള്‍ നിരത്തി വയ്ക്കുന്ന ഇന്നത്തെ ഇക്കൊണോമിസ്ററുകൾ‍ ‍ ഇതിന്റെയെല്ലാം “കോസ്റ്റ്-ബെനെഫിററുകൾ” – ലാഭനഷ്ട്ടങ്ങള്‍- കണക്കിൽ എടുത്തിട്ടുണ്ടോ ആവോ !!

K.R. Narayanan

LEAVE A REPLY

Please enter your comment!
Please enter your name here