മുംബൈ ഡയറി – നഗരയാത്ര

സൂര്യനസ്തമിക്കാത്ത നഗരത്തിലെ രസകരമായ വിശേഷങ്ങൾ പങ്കു വച്ച് എഴുത്തുകാരൻ രാജൻ കിണറ്റിങ്കര. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ദേശീയ പത്രങ്ങളിലും സാഹിത്യ രചനകളിലൂടെ അനുവാചകനുമായി സംവദിക്കാറുള്ള രാജൻ കൈരളി ടി വിയിലെ 'അല്ല പിന്നെ' എന്ന കോമഡി സീരിയലിന്റെ രചയിതാവ് കൂടിയാണ്

0

സ്‌കൂളും കോളേജും കുറച്ച് കൊട്ടിപ്പാട്ടും കഴിഞ്ഞ് പ്രത്യേകിച്ച് ഒരു ടെൻഷനും ഇല്ലാതെ ഉണ്ടും ഉറങ്ങിയും കളിച്ചും നടക്കുമ്പോഴാണ് വെളിപാട് വരുന്നത്, ബോംബെയിലേക്ക് വച്ച് പിടിക്കാൻ, ഇവിടെ തേരാപാരാ നടന്നിട്ട് ഒരു കാര്യവും ഇല്ല. കേട്ടപ്പോൾ എനിക്കും തോന്നി, സംഗതി തരക്കേടില്ല എന്ന്. കുറെ കാലായി ഒരാഗ്രഹം, ടാക്സിയുടെ പുറത്ത് രണ്ട് പെട്ടിയൊക്കെ കെട്ടിയിട്ട് പൊടിപടർത്തി വീടിന്റെ മുന്നിൽ കാറിൽ ചെന്നിറങ്ങാൻ. അതിന് ബോംബെയിൽ തന്നെ പോണം. നാട്ടിൽ നിന്നാൽ ശരിയാവില്ല. അങ്ങിനെ ഒരു മെയ് 29ന് കളിച്ചു നടന്ന തൊടികളോടും പിച്ചവച്ച മുറ്റത്തിനോടും വലുതായിട്ടും “വെള്ളം പോയില്ല തലയിലെ” എന്ന് പറഞ്ഞ് ഒന്ന് കൂടി തോർത്തിത്തരുന്ന അമ്മയുടെ മുണ്ടിൻ കോന്തലയോടും മനസ്സ് അസ്വസ്ഥമാകുമ്പോൾ കെട്ടിപ്പിടിച്ച് തലചായ്ച്ച് കിടക്കുന്ന അമ്മയുടെ ചുക്കിച്ചുളിഞ്ഞ വയറിനോടും പിന്നെ എന്റേതുമാത്രമായ കുറെ ഓർമ്മകളോടും വിടപറഞ്ഞ് വെസ്റ്റ് കോസ്ററ് എന്ന മംഗലാപുരത്തുനിന്നും അന്ന് ബോംബെ വരെ പോയിരുന്ന തീവണ്ടിയിലെ സെക്കന്റ് ക്‌ളാസ് കമ്പാർട്ട്മെന്റിലെ ഒരു സൈഡ് സീറ്റിൽ ഞാൻ ഷൊർണൂർ സ്റ്റേഷനിൽ നിന്നും ഉപവിഷ്ടനായി. ഞാൻ പുറത്തേക്കു നോക്കി യാത്രയാക്കാൻ വന്നവരെ നോക്കി വികാരാധീനനായി. അപ്പോഴും വിചാരം ഒരുകൊല്ലത്തെ കാര്യമല്ലേ ഉള്ളൂ. ഒരു കൊല്ലം തികഞ്ഞാൽ രണ്ടുമാസത്തെ ലീവെടുത്ത് ഞാനൊരു വരവ് വരില്ലേ, അംബാസഡർ കാറിൽ പൊടിപറത്തി. ആപ്പ ഊപ്പ ഗ്രാമം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത്. പട്ടാളക്കാരും ഗൾഫുകാരും ആയിരുന്നു ഞങ്ങളുടെ നാട്ടിൽ അധികവും. അവരൊക്കെ ലീവിൽ വന്നാൽ രണ്ടുമാസം കഴിഞ്ഞേ പോകൂ. ആ ഒരു കണക്കു വച്ചാണ് എന്റെ ഈ മനക്കോട്ട.

നാട്ടിൽ ഉമ്മറത്തെ മൂവാണ്ടൻ എ സിയുടെയും വടുക്കോറത്തെ വരിക്കപ്ലാവ് കൂളറിന്റെയും ചുവട്ടിൽ ഇരുന്ന് വേനൽക്കാലം സുഖിച്ചിരുന്ന എനിക്ക് തീവണ്ടിയിലെ ചൂട് ഒട്ടും പിടിച്ചില്ല.

രണ്ടു പകലും ഒരു രാത്രിയും യാത്രചെയ്താണ് ബോംബെയിൽ വണ്ടിയെത്തുക. ആന്ധ്ര കർണ്ണാടക എന്നിവിടങ്ങളിൽ ഒക്കെ കറങ്ങിത്തിരിഞ്ഞ്. അന്ന് ട്രെയിനിൽ പാൻട്രി ഒന്നും ഇല്ല, വൈകിയോടുന്ന വണ്ടിയിൽ വഴിയിൽ നിന്നും കയറ്റുന്ന ഭക്ഷണം നട്ടെല്ലുവളക്കാതെ നമ്മുടെ മുന്നിൽ നിൽക്കും. ഉള്ള കറിയും മോരും ഒക്കെക്കൂടി ഒന്ന് സൗമ്യമായി പെരുമാറിയാൽ മസിൽ ഒന്നയക്കും അത്രതന്നെ. മെയ്മാസത്തിലെ വേനലിന്റെ ഉഷ്ണം എന്നെ വല്ലാതെ തളർത്തിയിരുന്നു. നാട്ടിൽ ഉമ്മറത്തെ മൂവാണ്ടൻ എ സിയുടെയും വടുക്കോറത്തെ വരിക്കപ്ലാവ് കൂളറിന്റെയും ചുവട്ടിൽ ഇരുന്ന് വേനൽക്കാലം സുഖിച്ചിരുന്ന എനിക്ക് തീവണ്ടിയിലെ ചൂട് ഒട്ടും പിടിച്ചില്ല. ഗോതമ്പ് നിറമുള്ള ഞാൻ വല്ലാതങ്ങു കറുത്തുപോയ പോലെ. സാരമില്ല, എത്തിയാൽ പിറ്റേന്ന് ജോലിയാണല്ലോ, പിന്നെ ഫെയർനസ് ക്രീം പുരട്ടിയും രാവിലെയും വൈകീട്ടും ഫ്രൂട്ട് ജ്യൂസ് കഴിച്ചും നഷ്ടപ്പെട്ട ഗോതമ്പുനിറം തിരിച്ചെടുക്കാമല്ലോ എന്നായിരുന്നു ചിന്ത.

അങ്ങിനെ ഞാൻ യാത്രയുടെ പരിസമാപ്തിയിൽ കല്യാണിൽ വണ്ടിയിറങ്ങി. അവിടെ നിന്ന് മറ്റൊരു വണ്ടിയിൽ (ലോക്കൽ ട്രെയിൻ എന്നാണ് അദ്ദേഹത്തിന്റെ പേരെന്ന് പിന്നീടാണ് അറിഞ്ഞത്) ഡോംബിവലിയിലെത്തി. സ്റ്റേഷന് പുറത്ത് കടന്നതും വഴിയിലെമ്പാടും തെരുവ് കച്ചവടക്കാർ. നമ്മുടെ നാട്ടിലൊക്കെ പൂരത്തിനും പള്ളിപെരുന്നാളിനും ഒക്കെയാണ് വഴിവാണിഭക്കാരെ കണ്ടിട്ടുള്ളത്. ഇന്നിവിടുത്തെ പൂരാണോ, എന്നിലെ നിഷ്കളങ്കൻ കൂടെയുള്ള എന്റെ ജ്യേഷ്ഠനോട് ചോദിച്ചു. പൂരമൊന്നും അല്ല, അത് കച്ചവടക്കാരാ, മുനിസിപ്പാലിറ്റിക്കാർ വന്നാൽ അതെടുത്ത് അവർ ഓടും. പെർമിഷൻ ഇല്ലാതെ വഴിവക്കിൽ ഇരിക്കുന്നവരാണ് അവർ. എന്റെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടിയതിനാൽ ഞാൻ അടുത്തവാഹനത്തിൽ (റിക്ഷ ) അനുസരണയോടെ കയറി. ഇനി റിക്ഷയിൽ 10 മിനുട്ട് യാത്രചെയ്യണമത്രേ വീടെത്താൻ. അപ്പോഴേക്കും രാത്രി ഒരു എട്ടുമണി ആയിക്കാണും. റിക്ഷ ഒരു തോടിന്റെ മുന്നിൽ കൊണ്ട് ചെന്ന് നിറുത്തി. ഇനി പെട്ടിയെടുത്ത് നടക്കണം, വീടുവരെ റിക്ഷ പോകില്ല, പെട്ടിയും തൂക്കി ആളൊഴിഞ്ഞ ഒരു പറമ്പിലൂടെ ഞാൻ നടന്നു. ചുറ്റും കരിമ്പനക്കാടുകളും പുല്ലിൻചൂലിന്റെ പോലത്തെ വളർന്നു നിൽക്കുന്ന ഒരുതരം ചെടിയും. അതൊക്കെ വഴഞ്ഞുമാറ്റി വേണം യാത്രചെയ്യാൻ.

“വെറുതെ ബോംബെ, എന്നൊക്കെ പറഞ്ഞ് നാട്ടാരെ പറ്റിക്കാ, ഇതാണോ ബോംബെ, ഞാൻ മനസ്സിൽ പറഞ്ഞു.”

ഒരു പതിനഞ്ചുനില ബിൽഡിങ്ങും അതിലൊരു രണ്ടുമൂന്നു വിശാലമായ മുറികളും ഒക്കെ സ്പനംകണ്ട ഞാൻ ഒരു ഷെഡിന്റെ മുന്നിൽ എത്തി. ഞങ്ങളെ കണ്ടതും ഷെഡിലെ പല വാതിലുകൾ തുറന്നു ഓരോരുത്തർ പുറത്തുവരാൻ തുടങ്ങി. എന്തൊക്കെയോ അവരുടെ ഭാഷയിൽ കുശലാന്വേഷണം ആണ് ചേട്ടനോട്. ഇതാണ് ചാൽ (chawl). ഇവിടെ ഒരുവിധം ആളുകളൊക്കെ ചാലിലാണ്‌ താമസം. ഇതാണ് നമ്മുടെ ചാൽ എന്ന് പറഞ്ഞ് കൂട്ടത്തിൽ ഒരു ഷെഡ് എനിക്കും പരിചയപ്പെടുത്തി. നാട്ടിൽ ഉഷ്ണകാലത്ത് തോട്ടത്തിലൊക്കെ വെള്ളം പോകുന്ന ചാലിൽ പക്ഷികളൊക്കെ കിടന്ന് ഉരുളുന്നത് കണ്ടിട്ടുണ്ട് . ഇതിപ്പോ ചാലിൽ സ്ഥിരമായി കിടക്കണം എന്നാണ് പറയുന്നത്. സാരല്യ, നാളെ ജോലിക്കു പോകൂലോ ആദ്യത്തെ ശമ്പളം കിട്ടിയാൽ ചെലവ് കഴിഞ്ഞ് മിച്ചം വരുന്ന പൈസക്ക് ഒരു ഫ്‌ളാറ്റ് വാങ്ങിക്കളയാം, ഞാൻ മനസ്സിനെ സമാധാനിപ്പിച്ചു.

കുറെ നടന്നിട്ടും അങ്ങിനെയൊരെണ്ണം കണ്ടില്ല, ഇനി മുന്നോട്ടു പോയാൽ തിരിച്ചെത്താൻ വഴിയറിയില്ല, മാലൂം നഹി എന്നല്ലാതെ ഒരു ഹിന്ദിയും അറിയില്ല.

അന്നത്തെ രാത്രി കഴിഞ്ഞു, രാവിലെ എണീറ്റ് വാതിൽ തുറന്ന ഞാൻ മുളങ്കിളികളുടെയും മൈനയുടെയും കലപിലക്ക് കാതോർത്ത് നിന്നു . പക്ഷെ ഒരു അണ്ണാറക്കണ്ണന്റെ ശബ്ദം പോലും കേട്ടില്ല ഞാൻ. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പറമ്പാണ് അതിനിടയിൽ കരിമ്പനകളും. എങ്കിലും ശുദ്ധവായുവിന്റെ ഒരു ഗ്രാമസൗന്ദര്യം ഉണ്ടായിരുന്നു അവിടുത്തെ പ്രഭാതത്തിന്. ആളുകൾ വലിയ ബക്കറ്റുമായി തൊടികളിലൂടെ നടന്നു പോകുന്നുണ്ട്. ഞാൻ കരുതി നമ്മൾ പൂച്ചെടികൾ നനയ്ക്കും പോലെ ഈ കരിമ്പനകൾക്കൊക്കെ വെള്ളം നനയ്ക്കാനാണ് ഇവർ പോകുന്നതെന്ന്. പിന്നീട് ഞാനൊരു ഞെട്ടുന്ന സത്യം അറിഞ്ഞു. പൈപ്പും വെള്ളവും ഒന്നും ഇല്ല അവിടെ, ദൂരെ ഒരു കിണർ ഉണ്ട് അവിടെനിന്നും വെള്ളം കോരിക്കൊണ്ടുവരണം. അങ്ങിനെ പിറ്റേന്ന് ജോലിക്കു പോകാനും ഒരുമാസം കഴിഞ്ഞ് ഫ്‌ളാറ്റ് വാങ്ങാനും ഒക്കെ പ്ലാനിട്ട എന്റെ ഡ്യൂട്ടി വെള്ളം ചുമക്കലായി. സ്ഥിരമായപ്പോൾ അതൊരു ശീലമായി, വെള്ളം കൊണ്ടുവന്നില്ലെങ്കിലായി കയ്യിനും കാലിനുമൊക്കെ വേദന. അതുകൊണ്ടു നിറഞ്ഞ ടാങ്കിൽ വീണ്ടും വീണ്ടും വെള്ളം നിറച്ചു ഞാൻ .

വെള്ളം ഇല്ലെന്നു മാത്രമല്ല, കറന്റും ഒരിക്കൽ പോയാൽ ഒരാഴ്ചയൊക്കെ കഴിഞ്ഞേ വരൂ. ചാലുകാർ ആരും ബില്ലടക്കാത്തതുകൊണ്ട് കറന്റ് ഓഫീസിൽ പോയി പരാതി പറയാനും വയ്യ. ഈ കാട്ടുമുക്കിൽ ഗാവുകാർ തല്ലിക്കൊന്നാലും അറിയില്ല എന്നതുകൊണ്ട് റീഡിങ് എടുക്കാനും ഫ്യുസ് ഊരാനും ഒന്നും ആരും ഓഫീസിൽ നിന്ന് വരില്ല. ഫാനില്ലാത്ത കറന്റ് പോയ രാത്രികളിൽ എത്ര ഉഷ്ണത്തിലും മൂടിപ്പിതച്ചു കിടന്നുറങ്ങണം. ഇല്ലെങ്കിൽ കൊതുകുകൾ നമ്മളെ പൊക്കി അടുത്ത തൊടിയിൽ കൊണ്ടുപോയി ഇട്ടിട്ടുണ്ടാകും. അങ്ങിനെ സുഖലോലുപതയിൽ ഞാൻ വാഴുമ്പോഴാണ് പുറത്തൊക്കെ നടന്ന് സ്ഥലങ്ങളൊക്കെ ഒന്ന് കാണണം പുറത്ത് ഒറ്റക്ക് പോകാൻ പഠിക്കണം എന്നൊക്കെ ഒരു ദുരാഗ്രഹം തോന്നിയത്. ആ ആഗ്രഹം പറഞ്ഞപ്പോഴാണ് ചേട്ടൻ അതും നടത്തി തരാൻ സന്നദ്ധനായത് (അനിയന്റെ ആഗ്രഹങ്ങൾക്കൊന്നും എതിര് നിൽക്കാത്ത പാവം). ഒരു 50 ന്റെ നോട്ട് എന്റെ കൈയിൽ തന്നു പറഞ്ഞു തോട് കഴിഞ്ഞു കുറച്ച് നടന്നാൽ ഒരു കടയുണ്ട്, റോഡിൽ നിന്നും നോക്കിയാൽ കാണാം പുറത്തു ധാന്യങ്ങളും പയറുവർഗങ്ങളും ഒക്കെ വച്ചിട്ടുണ്ടാകും, അരക്കിലോ കടല വാങ്ങണം (പുട്ടിനൊക്കെ കറിവയ്ക്കുന്ന കടല). സാധനം ചൂണ്ടിക്കാട്ടി അർദ്ധ കിലോ ചന എന്ന് പറഞ്ഞാൽ മതി. നിർദേശവും തന്നു. ഇത്രയേ ഉള്ളോ, ഇത് സിമ്പിൾ, ഞാൻ പൈസയും വാങ്ങി കരിമ്പനക്കാട്‌ ചുറ്റി റോഡിലെത്തി. എല്ലാ കടകളും അരിച്ചു പെറുക്കി, എവിടെയാണ് പുറത്ത് കടല വച്ചിരിക്കുന്നത് എന്ന്. കുറെ നടന്നിട്ടും അങ്ങിനെയൊരെണ്ണം കണ്ടില്ല, ഇനി മുന്നോട്ടു പോയാൽ തിരിച്ചെത്താൻ വഴിയറിയില്ല, മാലൂം നഹി എന്നല്ലാതെ ഒരു ഹിന്ദിയും അറിയില്ല. നിരാശനായി തിരിച്ചു ചെല്ലുന്നത് മോശമാണ്, ചേട്ടൻ കരുതും ഇവനെക്കൊണ്ട്‌ ഒന്ന് കടയിൽ പോകാനുള്ള ഉപകാരം പോലുമില്ല, വെസ്റ്റ്‌കോസ്റ്റിന്റെ ടിക്കറ്റ് ചാർജൊക്കെ ഓർമ്മ വന്നു എന്ന് വരും ചിലപ്പോൾ. അതിനാൽ ഒരു ശ്രമം കൂടി നടത്താം എന്ന് കരുതി ചുറ്റിലും നോക്കിയപ്പോൾ അതാ ഒരു കടയിൽ പലതരം കടലകൾ.

പിന്നെ ഒന്നും സംശയിച്ചില്ല, കടയിലേക്ക് അഹങ്കാരത്തോടെ കയറിച്ചെന്നു . അവിടെ എത്തിയപ്പോഴാണ് മനസ്സിലായത് അത് കടലകൾ വറുത്ത് കൊടുക്കുന്ന സ്ഥലം ആണ്. അത് മനസ്സിലായതും ഞാൻ തിരിച്ചിറങ്ങാൻ നോക്കി, പക്ഷെ അവർ എന്നെ വിട്ടില്ല, ക്യാ ചാഹിയെ, അവരുടെ ചോദ്യം. “ചന” ഞാൻ അറിയാവുന്ന ഭാഷ പറഞ്ഞു. ചന ഹായ് ന, കോൻസാ ചന ചാഹിയെ. അയാൾ വിടാനുള്ള ഭാവമില്ല. “യെ നഹി…” ഞാൻ. ഫിർ കോൻസാ … അയാൾ (അവിടെ ഒരുവിധം എല്ലാ കടലയും വറുത്ത് വച്ചിട്ടുണ്ട്). എങ്ങനെ ഇയാളെ ഒന്ന് പറഞ്ഞു മനസ്സിലാക്കും എനിക്ക് പച്ചക്കടലയാ വേണ്ടതെന്ന്, അയാളാണെങ്കിൽ എന്നെ വിടുന്നുമില്ല. അയാൾ ഓരോ കടലയും എടുത്ത് എനിക്ക് കാണിച്ചു തന്ന് ചോദിക്കുകയാണ്, യെഹ് ലോ, എല്ലാറ്റിനും ഒരേ മറുപടി എന്റെ, “നഹി.”. അവസാനം എന്റെ ധർമ്മസങ്കടത്തിൽ നിന്നും വായിൽ നിന്നും ചാടി പച്ച ചന. ഭാഗ്യത്തിന് അയാൾ കേട്ടത് കച്ചാ ചന എന്നായിരുന്നു. ഓ, തുംകൊ കച്ച ചാഹിയെ, വോഹ്‌ ഇഥർ നഹി. ഇത്രയും കേട്ടതും ജീവൻ കിട്ടിയപോലെ ഞാൻ വച്ച് പിടിച്ചു വീട്ടിലേക്ക്, മഹാനഗരത്തിലെ ആദ്യത്തെ തോൽവിയും ഏറ്റുവാങ്ങി. തോൽവിയുടെ പാരമ്പരകളിലേക്കുള്ള എന്റെ ആദ്യചുവട്.

രാജൻ കിണറ്റിങ്കര


LEAVE A REPLY

Please enter your comment!
Please enter your name here