വിഗ്നേശ്വരന്റെ ദുര്‍വിധി

പ്രസാദ മധുരമായ ഭാഷയിലൂടെ കഥകളും ലളിതമായ ഭാഷയിൽ ശാസ്ത്ര ലേഖനങ്ങളും മലയാളത്തിന് സംഭാവന ചെയ്ത മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് കെ ആർ നാരായണൻ

0

“Even when the Asian Elephants (Elephus maximus) is worshipped as a symbol of Ganesha – the destroyer of obstacles – it goes through hell on earth” എന്നാണു പീറ്റര്‍ ജെഗ്ഗി (Peter Jaeggi) എന്ന ശാസ്ത്രജ്ഞന്‍ “ഏ ഗോഡ് ഇന്‍ ദിസ്ട്രെസ്സ്” (A God in Distress) എന്ന തന്റെ പുസ്തകത്തില്‍ ആനകളെ കുറിച്ചു പറയുന്നത്. ഈ ഗ്രന്ഥം ഇന്ത്യന്‍ ഉപഖണ്ഡത്തിലെയും – പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെയും – ആനകളെകുറിച്ചു വളരെ പ്രാധാന്യം അര്‍ഹിക്കുന്ന, ഗഹനമായ ഒരു പഠനം ആണ്.

പുരാതന കാലങ്ങളില്‍ ജീവിച്ചിരുന്ന, വംശനാശം സംഭവിച്ച, “മാമ്മത്തുകള്‍” (Mammoth) എന്ന വളരെ വലിയ ശരീരവും, വളരെ നീണ്ട കൊമ്പുകളും, തുമ്പിക്കൈയും രോമാവൃതമായ ശരീരവും ഉള്ള ഭീകര ജീവികളുടെ ജീവിച്ചിരിക്കുന്ന പിന്‍ഗാമികള്‍ എന്നാണു പരിണാമ ശാസ്ത്രത്തില്‍ ആനകള്‍ വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നു മാത്രമല്ല, ഭൂമുഖത്ത് ജീവിച്ചിരിപ്പുള്ള – തുമ്പിക്കൈ ഉള്ള (Proboscid) – സസ്തന ജീവികളുടെ നശിച്ചു കൊണ്ടിരിക്കുന്ന പ്രതിനിധികള്‍ എന്നും അവയെ പരിണാമ ശാസ്ത്രജ്ഞന്മാര്‍ വിവരിക്കാറുണ്ട്.

ഏഷ്യാ ഭൂഖണ്ഡത്തിലെ ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, തൈലാന്‍ഡ് മല്യെഷ്യ, കമ്പോഡിയ തുടങ്ങിയ പല രാജ്യങ്ങളിലും ഇവക്കു ദൈവീകത്വവും, രാജകീയ ബഹുമാനങ്ങളും മറ്റും കൊടുക്കുക പതിവാണ്. ഏഷ്യന്‍ രാജ്യങ്ങളിലെ പുരാണേതിഹാസങ്ങളിലെ യുദ്ധങ്ങളില്‍, കുതിരകളെ പോലെത്തന്നെ, ആനകളും ഉപയോഗിക്കപ്പെട്ടിരുന്നതായി കാണാം.

ഇത്രയധികം പ്രാധാന്യമുള്ള, ആനകള്‍ക്ക് മനുഷ്യരില്‍ നിന്നും അത്രയൊന്നും സുരക്ഷ ലഭിക്കുന്നില്ല എന്നു പറയുന്നതില്‍ തെറ്റൊന്നും ഇല്ല. എന്നുമാത്രമല്ലാ, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യര്‍ വളരെ അധികം ചൂഷണം ചെയ്തു വരുന്ന സസ്തന ജീവികളത്രേ ആനകള്‍. ആനക്കൊമ്പിനു വേണ്ടിയുള്ള നായാട്ടുകള്‍ നൂറ്റാണ്ടുകളായി നേരിട്ട് കൊണ്ടിരിക്കുന്ന ആനകള്‍, ഇപ്പോള്‍ വംശനാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

എട്ടു മുതല്‍ പത്തു അടികളോളം ഉയരത്തില്‍ വളരുന്ന ഏഷ്യന്‍ ആനകള്‍, നല്ല കറുത്ത നിറത്തിലോ, ചാരം കലര്‍ന്ന കറുപ്പ് നിറത്തിലോ ആണ് കാണപ്പെടുന്നത്. എങ്കിലും തായ്ലാണ്ട് പോലുള്ള സ്ഥലങ്ങളിലെ സയാമീസ് ആനകള്‍ വെളുപ്പ്‌ കൂടിയ ചാര നിറത്തിലും കാണപ്പെടാറുണ്ട്.

സാധാരണയായി ഒരു പെണ്ണാനക്ക്‌ (പിടിയാനയ്ക്ക്) നാനൂറിലധികം കിലോഗ്രാം ഭാരവും, ആണ്‍ ആനക്ക് (കൊമ്പന്) അറുനൂറിലധികം കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും. മുതിര്‍ന്ന ഒരു പെണ്ണാനയുടെ നേതൃത്വത്തിലുള്ള (എട്ടു മുതല്‍ നൂറോളം വരുന്ന) കൂട്ടങ്ങളായിട്ടാണ്(Herds) ഇവ ജീവിക്കാറു . പക്ഷെ, കൊമ്പന്‍ ആനകള്‍ ഒറ്റക്കായോ (ഒറ്റയാന്‍), ചിലപ്പോള്‍ കൂട്ടങ്ങള്ക്കൊപ്പമോ കാണപ്പെടാറുണ്ട്.

കാട്ടില്‍ ജീവിക്കുന്ന ആനകളെ വെയിലത്തും ചൂടിലും ജോലിയെടുപ്പിച്ചു, പ്രത്യുല്‍പ്പാദന സൌകര്യങ്ങള്‍ നല്‍കാതെ അവയുടെ വംശത്തെ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്

ആനകളുടെ ആയുസ്സ്, പൊതുവേ, അറുപതു മുതല്‍ എഴുപതു വരെയാണ്. ആണാനകള്‍ പത്തു മുതല്‍ പതിനഞ്ചു വയസ്സോടെ ലൈംഗിക വളര്‍ച്ച പ്രാപിക്കുമ്പോള്‍, പെണ്ണാനകള്‍ പതിനഞ്ച് / പതിനാറു വയസ്സു മുതല്‍ പ്രസവിച്ചു തുടങ്ങുന്നു.
ദിവസത്തില്‍ 14 മുതല്‍ 19 മണിക്കൂറുകളോളം സമയം ഭക്ഷിച്ചു കൊണ്ടു ജീവിക്കുന്ന ഇവ പ്രതിദിനം 150 – 170 കിലോഗ്രാമില്‍ അധികം ഭക്ഷണം അകത്താക്കുകയും, 100 കിലോഗ്രാമില്‍ അധികം പിണ്‍ഡമായി വിസര്‍ജ്ജിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ട്, അവയുടെ ജീവിതത്തിനു ചെടികള്‍, മരങ്ങള്‍, പുല്ലുകള്‍ തുടങ്ങിയ എല്ലാ പച്ചപ്പുകളും അനിവാര്യമാണ്. അതുകൊണ്ട്, പ്രകൃതിയുമായി ഏറ്റവും കൂടുതല്‍ ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളാണ് ആനകള്‍.

കൂടാതെ, അവക്കു പ്രതിദിനം 70 മുതല്‍ 100 ലിറ്റര്‍ വെള്ളo കുടിക്കേണ്ടതുകൊണ്ട്, പ്രകൃതിയിലെ പുഴകളും, തടാകങ്ങളും, കുളങ്ങളും എല്ലാം അവയ്ക്ക് അത്യാവശ്യമാണ്. കൂടാതെ, പ്രത്യുല്‍പ്പാദന കാലത്ത്, ഇണചേരാന്‍ ഉള്ള ഏകാന്തമായ കാടുകളും, പ്രകൃതി നല്‍കുന്ന സൌകര്യങ്ങളും ലഭിച്ചില്ലെങ്കില്‍ ഇവയുടെ ജീവിതത്തിലെ താളക്രമങ്ങള്‍ തെറ്റുകയും അതുമൂലം വംശo നിലനിര്‍ത്താന്‍ തന്നെ സാധിക്കാതെ വരികയും ചെയ്യുന്നു.

ഇന്നു ലോകത്തില്‍, 450,000 – 700,000 ആഫ്രിക്കന്‍ ആനകളും, ഉദ്ദേശം 35,000 മുതല്‍ 40,000 ഏഷ്യന്‍/ഇന്ത്യന്‍ ആനകളും ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏഷ്യന്‍ ആനകള്‍ സാധാരണയായി, ബംഗ്ലാദേശ്,ഭൂട്ടാന്‍, ബോര്‍ണിയോ, മലേഷ്യ, ഇന്തോനെഷ്യ, കമ്പോഡിയ,ചൈന, ഇന്ത്യാ, മയാന്മാര്‍, നേപ്പാള്‍, ശ്രീലങ്ക, സുമാട്ര, തായ്‌ലാന്‍ഡ്,വിയറ്റ്നാം തുടങ്ങിയ ദേശങ്ങളിലെ വനങ്ങളിലും, ചതുപ്പുകളിലും ആണ് കണ്ടു വരുന്നത്.

ഇന്ത്യയിലെ, പുതിയ ഹൈവേയ്സ് , റെയില്‍വെസ്, ജലസേചന പദ്ധതികള്‍, നഗര വികസനം, ഗൃഹ നിര്‍മ്മാണം തുടങ്ങിയ അനവധി വികസന പ്രവര്‍ത്തികള്‍ മൂലം, ഇവിടുത്തെ വനസംമ്പത്തുക്കള്‍ക്ക് അതിയായ നാശം ഉണ്ടാകുന്നത് മൂലം ആനകളുടെ ഭക്ഷണവും, ദാഹ ജലവും, പ്രത്യ്ല്‍പ്പാദന സൌകര്യങ്ങളും, സ്വഛ ജീവിതവും എല്ലാം താറൂമാറായിത്തീരുന്നത് കൊണ്ട്, അവയുടെ എണ്ണം പ്രതിവര്‍ഷം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മുകളില്‍ പ്രസ്താവിച്ച പോലെ, ഏഷ്യന്‍ ആനകളുടെ എണ്ണം ഇപ്പോള്‍ 40,000-50,000 മാത്രമേയുള്ളൂ. 2018-ലെ കണക്കനുസരിച്ച് , കഴിഞ്ഞ മൂന്നു തലമുറകള്‍ ക്കുള്ളില്‍ ആനകളുടെ എണ്ണം ഉദ്ദേശം 50 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട് എന്നാണു ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ( IUCN = International Union for Conservation of Nature) എന്ന അന്തര്‍രാഷ്ട്രീയ പ്രകൃതി സംരക്ഷണ സംഘടന കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ്, ആനകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളായി (Endangered Species) ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ഉദ്ദേശം പതിന്മൂന്നിലധികം ഏഷ്യന്‍ രാജ്യങ്ങളില്‍ ജീവിച്ചു വരുന്ന ഏഷ്യന്‍/ഇന്ത്യന്‍ ആനകളുടെ എണ്ണം നാല്പതിനായിരത്തില്‍ കുറഞ്ഞു, വംശ നാശ ഭീഷണിയില്‍ ജീവിച്ചു വരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മൂലമുള്ള വന നശീകരണo അവയുടെ ജീവിത പരിസ്ഥിതികളെ മാറ്റി മറിച്ചിട്ടുണ്ട്. കൂടാതെ, പ്രകൃതിയുടെ പ്രക്രിയകളില്‍ മനുഷ്യന്റെ അതിരു കടന്ന കൈകടത്തല്‍ പ്രകൃതിയെയും, പ്രകൃതിയിലെ ജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ സ്വന്തം താല്പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന മനുഷ്യനുണ്ടോ ഇതൊക്കെ ശ്രദ്ധിക്കുന്നു.

കാട്ടില്‍ പ്രകൃതിയുമായി യോജിച്ചു ജീവിക്കുന്ന ആനകളെ പിടിച്ചു മണിക്കൂറോളം വെയിലത്തും ചൂടിലും ജോലിയെടുപ്പിച്ചു, അവയ്ക്ക് യോജിക്കാത്ത കൃത്രിമ ഭക്ഷണ വസ്തുക്കള്‍ തീറ്റിച്ചു, പ്രത്യുല്‍പ്പാദന സൌകര്യങ്ങള്‍ നല്‍കാതെ അവയുടെ വംശത്തെ തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവര്‍.

ആനയെ വിഘ്നങ്ങള്‍ അകറ്റുന്ന ദൈവമായി കാണുന്ന ഭാരതീയരുടെ രാജ്യത്താണ് ഇതെല്ലാം നടക്കുന്നത് എന്നോര്‍ത്ത് ദു:ഖിക്കുകയല്ലാതെ എന്താണ് നിവൃത്തി…?

K.R. Narayanan

LEAVE A REPLY

Please enter your comment!
Please enter your name here