ബോളിവുഡ് നടൻ ജീതേന്ദ്ര കപൂർ മുംബൈയിലെ 2.3 ഏക്കർ ഭൂമി വിറ്റത് 855 കോടിരൂപയ്ക്ക്. മുംബൈയിലെ അന്ധേരിയിലുള്ള ഭൂമിയാണ് 83 കാരനായ നടൻ വിറ്റത്. എഴുപതുകളിലും എൺപതുകളിലും സൗത്ത് ഇന്ത്യൻ നിർമ്മാതാക്കളുടെ ഇഷ്ട താരമായിരുന്ന ജീതേന്ദ്ര, അക്കാലത്തെ മുൻ നിര താരങ്ങളായ ഹേമ മാലിനി, ശ്രീദേവി, ജയപ്രദ, എന്നിവർക്കൊപ്പം ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്.
ഒരു ബോളിവുഡ് കുടുംബം ഉൾപ്പെടുന്ന ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ ഒന്നായ വിനിമയം, കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായ പാന്തിയോൺ ബിൽഡ്‌കോൺ പ്രൈവറ്റ് ലിമിറ്റഡ്, തുഷാർ ഇൻഫ്ര ഡിവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ വഴിയാണ് നടത്തിയത്.
എൻടിടി ഗ്ലോബൽ ഡേറ്റാ സെന്ററും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്നാണ് ഈ വസ്തു വാങ്ങിയത്. ഇടപാടിന് 8.69 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു. നിലവിൽ ബാലാജി ഐടി പാർക്ക് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് 4.9 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മുന്ന് കെട്ടിടങ്ങൾ ഉൾപ്പെടുന്നു.
ആഗോള ടെക് ഭീമന്മാർ ഇന്ത്യയിൽ തങ്ങളുടെ ഡാറ്റാ സെന്റർ ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്.
ബോളിവുഡ് സിനിമകളുടെ പഴയ പ്രതാപത്തിന് മങ്ങലേറ്റ് നിൽക്കുമ്പോഴാണ് മുംബൈയിൽ താരങ്ങളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ശ്രദ്ധ നേടുന്നത്. ജിതേന്ദ്രക്ക് പുറമെ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സുനിൽ ഷെട്ടി, അക്ഷയ് കുമാർ, ശ്രദ്ധ കപൂർ തുടങ്ങിയ താരങ്ങളും നഗരത്തിൽ ഗണ്യമായ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം അമിതാഭ് ബച്ചൻ ഓഷിവാരയിലെ ഒരു ഡ്യൂപ്ലെക്സ് അപ്പാർട്ട്‌മെന്റ് 83 കോടി രൂപയ്ക്ക് വിറ്റു. ഈ ഇടപാടിൽ ബച്ചന് 168 ശതമാനം ലാഭം ലഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.