ലോകം കാത്തിരുന്ന ഇന്ത്യ – പാക് മത്സരപോരാട്ടത്തിനോടൊപ്പം ഏറെ ശ്രദ്ധ നേടിയതായിരുന്നു ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ട്രോളുകളും. വിമർശനവും അഭിനന്ദനങ്ങളുമായി നിരവധി ട്രോളുകളാണ് പുറത്തിറങ്ങിയിരുന്നത്. ഇതിനോടൊപ്പം ചേർന്ന മുംബൈ പോലീസിന്റെ ട്വീറ്റും ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്ത്യ പാക് ആവേശപ്പോരിന് മുൻപ് മുംബൈ പോലീസ് ട്വീറ്റ് ചെയ്ത പച്ച ട്രാഫിക് സിഗ്നലിന്റെ ഫോട്ടോയും അടിക്കുറിപ്പുമാണ് കൗതുകം കൂട്ടിയത്. പച്ച കാണുന്നുണ്ടോ ഇന്ത്യ, എങ്കിൽ വേഗത കൂട്ടൂ എന്നായിരുന്നു രസകരമായ അടിക്കുറിപ്പ്. ഇന്ത്യയുടെ വിജയത്തിന് ശേഷം വീണ്ടും മുംബൈ പോലീസ് ട്വീറ്റ് ചെയ്തു.

ഞങ്ങൾ അപ്പോഴേ പറഞ്ഞില്ലേ സിഗ്നലുകൾ ഫോളോ ചെയ്താൽ ഗുണം ചെയ്യുമെന്ന് എന്നായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്.

മുംബൈ പോലീസിന്റെ ചുവട് പിടിച്ചെത്തിയ കൽക്കത്ത പോലീസും പൊളിച്ചെടുത്തു. ഇരു ടീമിന്റെയും ക്യാപ്റ്റന്മാർ തമ്മിലുള്ള സംവാദമാണ് കൽക്കത്ത പോലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചത്. എല്ലായ്പ്പോഴും നിങ്ങളെങ്ങനെ ജയിക്കുന്നുവെന്ന പാക് ക്യാപ്റ്റൻ സർഫ്രാസിന്റെ ചോദ്യത്തിന് അഭിനന്ദൻ സ്റ്റൈലിൽ മറുപടി പറയുന്ന കൊഹ്‌ലിയും ആരാധകരുടെ കൈയ്യടി നേടിക്കഴിഞ്ഞു.