ബൈക്കിൽ വന്ന് മാല മോഷണം നടത്തി പ്രതികൾ രക്ഷപ്പെടുന്നത് നിത്യ സംഭവമായിരിക്കയാണെന്നും ഇത്തരം കേസുകളിൽ പോലീസ് ഇരുട്ടിൽ തപ്പുകയാണെന്ന പരാതിയുമായാണ് പൻവേൽ ആസ്ഥാനമായ കേരളീയ കൾച്ചറൽ സൊസൈറ്റി രംഗത്ത് വന്നിരിക്കുന്നത്.
ന്യൂപൻവേൽ കാന്ത കോളനിയിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയും കലംബോളി ഭീമാ കോംപ്ലെക്സിലെ യൂനിസൺ ടയർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ലതിക പ്രകാശിന്റെ മാല നഷ്ടപ്പെട്ട സംഭവത്തിലും ഇത് വരെ തുമ്പൊന്നും കിട്ടിയിട്ടില്ല. വൈകുന്നേരം ഏകദേശം ജോലിസ്ഥലത്ത് നിന്നും മടങ്ങിവരുമ്പോഴാണ് കാന്ത കോളനിയിലെ സെക്ടർ-6 ലുള്ള ശനി മന്ദിറിന് സമീപം വച്ച് ബൈക്കിൽ വന്ന രണ്ടുപേർ ലതികയുടെ കഴുത്തിൽ കിടന്ന നാലര പവന്റെ സ്വർണ്ണ മാല പൊട്ടിച്ചു കൊണ്ടുപോയത്. വെപ്രാളത്തിനിടയിൽ കാര്യമായി ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് ഉടനെ തന്നെ കാന്തേശ്വർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബൈക്ക് ഓടിച്ചയാൾ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം കാണുവാനായില്ലെന്ന് പരാതിക്കാരി പോലീസിൽ അറിയിച്ചു. പിൻസീറ്റിലിരുന്ന വ്യക്തി നീല ഷർട്ടാണ് ധരിച്ചിരുന്നത്. സംഭവം നടന്ന പരിസരത്തെ സി.സി. ടി വി ക്യാമറകൾ പരിശോധനയിൽ കൃത്യം നടന്നതായി മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തു നിന്ന് നടപടികൾ ഒന്നും ഇത് വരെ ഉണ്ടായില്ലെന്നാണ് പരാതിക്കാർ പറയുന്നത്.
കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടിട്ടും പോലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയിൽ പ്രതിഷേധിച്ചാണ് പൻവേൽ ആസ്ഥാനമായ മലയാളി സംഘടനയായ കേരളീയ കൾച്ചറൽ അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്. അന്വേഷണത്തിന് ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ബൈക്കിൽ വന്ന് മാല മോഷ്ടിച്ച് രക്ഷപ്പെടുന്ന സംഭവങ്ങൾ ആവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും കേരളീയ കൾച്ചറൽ സൊസൈറ്റി സമർപ്പിച്ച പരാതിയിൽ പറയുന്നു.
കാന്ത കോളനി സെക്ടർ-8ൽ, പാർക്ക് സൈറ്റിലെ താമസക്കാരിയും,കൊച്ചി സ്വദേശിയുമായ ജോയ്സ് പുഷ്പാംഗദന്റെ ഏകദേശം മുപ്പത് പവന്റെ ആഭരണങ്ങളാണ് ഹാൻഡ് ബാഗിൽ നിന്നും മോഷണം പോയത്. ഈ പരാതിയിലും ഇന്ന് വരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ പറഞ്ഞു.
പൻവേലിലും പ്രാന്ത പ്രദേശങ്ങളിലും തുടർക്കഥയാകുന്ന മോഷണ സംഭവങ്ങളിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഉന്നത പോലീസ് അധികാരികൾക്ക് കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകിയിരിക്കുന്നതെന്നും ഉചിതമായ നടപടികൾ ഉണ്ടാകുമെന്ന പ്രത്യാശയിലാണെന്നും കേരളീയ കൾച്ചറൽ സൊസൈറ്റി സെക്രട്ടറി മുരളി കെ.നായർ അറിയിച്ചു.