നമ്മുടെ ട്രംപ് ഒരു സംസാര വിഷയമാണ് ഇന്ന് ലോകത്ത്. ഒന്ന് നിനയ്ക്കും മറ്റൊന്നാകും എന്ന് പണ്ട് ശ്രീ കമുകറ പുരുഷോത്തമൻ പാടിയത് ഇദ്ദേഹത്തെ കുറിച്ചായിരുന്നു എന്ന് സംശയമുണ്ട്. ആൾ എളിമയുടെ വലിയൊരു വക്താവാണ്, അമേരിക്കൻ പ്രസിഡന്റ് എന്ന കൈയെത്തി പിടിക്കാൻ കഴിയാത്ത പദവിയെ ജനകീയവൽക്കരിച്ച മഹാൻ. ഒന്നിനോടും ആർത്തിയോ ആഗ്രഹമോ ഇല്ല, ആരെങ്കിലും ഒരു ചെറിയ നോബൽ സമ്മാനം സമാധാനത്തിന് തന്നാൽ വേണ്ടാന്ന് പറയില്ല എന്ന് മാത്രം.
വഴിയിലൊക്കെ വച്ച് വല്ല രാഷ്ട്ര നേതാക്കളെയും കണ്ടാൽ അമേരിക്കയിലേക്ക് നിർബന്ധിച്ച് വിളിച്ചു കൊണ്ടുപോയി ചായയും ബിസ്ക്കറ്റും നൽകും. ഇല്ലെന്ന് പറഞ്ഞാൽ, ഇത്രടം വരെ വന്നതല്ലേ, ഒന്ന് കയറി പൊയ്ക്കൂടേ ചോദിക്കും. പാവം ശുദ്ധനാണ്.
ചിലപ്പോൾ സ്‌കൂൾ കുട്ടിയെപ്പോലെ നിഷ്കളങ്കനാകും. പുട്ടിൻ ആരോടും സംസാരിക്കില്ല, എന്നെ മാത്രമേ പുട്ടിന് ഇഷ്ടമുള്ളൂ എന്നൊക്കെ പറയും ചിലപ്പോൾ. ഞങ്ങൾ ഫ്രീ സമയത്ത് കുറെ നേരം സംസാരിക്കും. അദ്ദേഹം ഉക്രൈനിലേക്ക് ഏത് മിസൈൽ അയക്കണം എന്നൊക്കെ എന്നോട് അഭിപ്രായം ചോദിക്കും. ചേതമില്ലാത്ത ഉപകാരം അല്ലേ കരുതി ഞാൻ പറഞ്ഞു കൊടുക്കും. മിസൈൽ ഉക്രൈനിൽ വീണാൽ ഞാൻ പറയും പുട്ടിൻ ചെയ്തത് ശരിയായില്ല എന്ന്. ഞാനങ്ങനെ കുറെ പറ്റിച്ചിട്ടുണ്ട് പുട്ടിനെ, എന്നാലും എന്നെ വല്യ കാര്യാ.
പണ്ട് നാട്ടിലൊക്കെ തേക്ക് കൊട്ടയിലും പോത്തിനെ കെട്ടിയ വണ്ടിയിലും ഒക്കെ തോട്ടം തേവി നനയ്ക്കും. . . തോട്ടവും വെള്ളം എടുക്കുന്ന കുളവും അല്ലെങ്കിൽ തോടും തമ്മിൽ വളരെ അകലം ഉണ്ടായിരിക്കും. വെള്ളം മതിയായാൽ നനയ്ക്കുന്ന ആൾ തേവുന്ന ആളോട് മതി നിർത്തിക്കോ എന്ന് അറിയിക്കാൻ പൂയ് പൂയ് എന്ന് ഒരു കൂക്കും. അതുപോലെ ട്രംപ് ഒരു കൂക്കാണ് ഇസ്രായേലിലേക്ക്, ഹാ, മതി നിർത്തിക്കോ എന്ന്, അതോടെ നെതന്യാഹു നിർത്തി. ഇപ്പോൾ അണ്ണൻ പറയുന്നത് ഞാൻ പറഞ്ഞിട്ട് നിർത്തീന്നാ, ആൾ വളരെ സിംപിളാണ് ട്ടോ.
ആൾക്ക് ചൈനയെ കണ്ണിന് നേരെ കണ്ടുകൂടായിരുന്നു. ചൈനയെ ഒരു പാഠം പഠിപ്പിക്കാൻ ഇറക്കുമതി തീരുവയൊക്കെ ആകാശംമുട്ടെ അങ്ങ് ഉയർത്തി. പിന്നെ പാവം തോന്നി പറഞ്ഞു, ഞാൻ ഒന്ന് വിരട്ടിയതാ, നീ അത്രയൊന്നും തീരുവ തരണ്ട. പക്ഷെ, ഞാൻ നിനക്ക് തന്ന ഇളവ് മറ്റാരോടും പറയണ്ടാട്ടോ. പിന്നെ എല്ലാരും ആവശ്യപ്പെടും. അടുത്താൽ പിന്നെ ചങ്ക് പറിച്ച് കൊടുക്കുന്ന ആളാ, അതൊണ്ടിപ്പോൾ ചൈനയോട് ഇറാനിൽ നിന്ന് ഇന്ധനം വാങ്ങാൻ വരെ പറഞ്ഞിട്ടുണ്ട്, പാവങ്ങൾ ജീവിച്ച് പൊക്കോട്ടെ. പാവം ഉള്ളിൽ ഒന്നും ഇല്ല, നേരെ വാ നേരെ പോ എന്നുള്ള മനുഷ്യനാ.
ആൾ നല്ലവനും ശുദ്ധനും ഒക്കെ ആണെങ്കിലും ആരാ പുള്ളിയുടെ ശത്രു, ആരാ മിത്രം എന്ന് നമ്മക്കങ്ങട് മനസ്സിലാവില്ല, ആ കാര്യം പുള്ളിയ്ക്കും വലിയ പിടിയില്ല. വല്യ വല്യ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന മീറ്റിംഗിൽ നിന്നൊക്കെ പെട്ടെന്ന് ഇറങ്ങിപോകും, വീട്ടിൽ പോയി ഒരു കാര്യം ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട്. മറ്റുള്ളവരൊക്കെ അപ്പോൾ മനസ്സിൽ പിറുപിറുക്കും, ഞങ്ങക്ക് ഒന്ന് മൂത്രമൊഴിക്കാൻ പോണെങ്കിൽ കൂടി അനുവാദം ചോദിക്കണം. ഇങ്ങോർക്ക് എന്തും ആകാം, അമേരിക്കൻ പ്രസിഡന്റല്ലേ.
രാജൻ കിണറ്റിങ്കര