മുംബൈയിലെ പ്രമുഖ മറാഠി ദിനപത്രം ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖനായ ഡോ.ഉമ്മൻ ഡേവിഡിന് സമ്മാനിച്ചു. താനെ എം.പിയും മുൻ മേയറുമായ നരേഷ് മഹ്സ്കെ നവഭാരത് നവരാഷ്ട്ര ആജീവനാന്ത പുരസ്‌കാരം കൈമാറി .
താനെ ജില്ലയിലെ വിവിധ മേഖലകളിൽ മികച്ച സേവനം അനുഷ്ഠിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങിലായിരുന്നു പുരസ്‌കാര വിതരണം നടന്നത്.
താനെ ഡോ.കാശിനാഥ് ഘാണെകർ നാടകഗൃഹത്തിൽ നടന്ന ചടങ്ങിൽ നവഭാരത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സചിൻ ഫുൽപഗാർ നേതൃത്വം നൽകി.
മുംബൈയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പിൽ നിന്നും ലഭിച്ച അംഗീകാരത്തിൽ സന്തോഷം പങ്ക് വച്ച ഡോ ഡേവിഡ് നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് വിദ്യാലയങ്ങൾ വളരെ ക്രിയാത്മകമായ പങ്ക് വഹിക്കുന്ന കാര്യം ഊന്നി പറഞ്ഞു. ജീവിത യാത്രകൾക്കിടയിൽ പലപ്പോഴും താൻ പഠിപ്പിച്ച വിദ്യാർത്ഥികളെ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളിൽ കണ്ടു മുട്ടാറുള്ള അനുഭവങ്ങൾ തനിക്ക് നൽകുന്ന ആത്മാഭിമാനം ഏതൊരു അംഗീകാരത്തേക്കാളും വലുതാണെന്നും, അതെല്ലാമാണ് തന്റെ അധ്യാപന ജീവിതത്തിലെ അസുലഭ നിമിഷങ്ങളെന്നും ഉമ്മൻ ഡേവിഡ് കൂട്ടിച്ചേർത്തു
അടുത്തിടെ 166 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള മലയാളി സംഘടനായ വേൾഡ് മലയാളി ഫെഡറേഷന്റെ മഹാരാഷ്ട്ര കൗൺസിൽ പേട്രണായി ഡോ ഉമ്മൻ ഡേവിഡിനെ തിരഞ്ഞെടുത്തു.