കുരുന്ന് പ്രതിഭകൾക്ക് വേദിയൊരുക്കിയും സമ്മാനങ്ങൾ നൽകിയും ബോറിവിലി മലയാളി സമാജം

0

ആംചി മുംബൈ ഒരുക്കുന്ന മുംബൈ ടാലെന്റ്സ് ടെലിവിഷൻ റിയാലിറ്റി ഷോയിലേക്കുള്ള വെസ്റ്റേൺ മേഖലാ ഓഡിഷന് വേദിയൊരുക്കിയത് ബോറിവ്‌ലി മലയാളി സമാജമായിരുന്നു. സമാജത്തിന്റെ സ്‌കൂൾ കെട്ടിടത്തിൽ രണ്ടാം നിലയിലെ AV ഹാളിൽ നടന്ന ഓഡിഷനിൽ 24 ഓളം കുട്ടികൾ പങ്കെടുത്തു. ഈ മേഖലയിൽ നിന്നും ലഭിച്ച അറുപതോളം ഓൺലൈൻ റജിസ്ട്രേഷനിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളാണ് മാറ്റുരച്ചത്.

4 വയസ്സ് മുതൽ 9 വയസ്സ് വരെ പ്രായമുള്ള മുംബൈയിലെ മൂന്നാം തലമുറയിലെ മലയാളി കുട്ടികൾ കവിതകൾ ചൊല്ലിയും ഇഷ്ടഗാനങ്ങൾ ആലപിച്ചും ശ്രേഷ്ഠ ഭാഷയുടെ മധുരം നുകരുകയായിരുന്നു. അമ്മയും മുത്തച്ഛനും, ടീച്ചറും ആന്റിമാരുമെല്ലാം ചൊല്ലിക്കൊടുത്ത കവിതകളും പാട്ടുകളും മനഃപാഠമാക്കി അവതരിപ്പിക്കുമ്പോൾ മഹാ നഗരത്തിൽ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പകർന്നാട്ടത്തിന് കൂടി വേദിയായി.

വെസ്റ്റേൺ മേഖലയിലെ കുട്ടിപ്രതിഭകൾ

കൈരളി ടി വിയിൽ പുതിയതായി ആരംഭിക്കുന്ന മുംബൈ ടാലെന്റ്സ് എന്ന റിയാലിറ്റി ഷോ അഭിനന്ദനം അർഹിക്കുന്നുവെന്നും നാടിന്റെ സംസ്കാരവും പൈതൃകവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാൻ ഇത്തരം സംരഭം നിമിത്തമാകുമെന്നും ബോറിവിലി മലയാളി സമാജം സെക്രട്ടറി ബാബുരാജ് അഭിപ്രായപ്പെട്ടു. മുംബൈ ടാലെന്റ്സ് വെസ്റ്റേൺ മേഖല ഓഡിഷൻ ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബുരാജ്, സുരേഷ് നായർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, പ്രേംലാൽ, തുടങ്ങിയവർ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു. ഗോൾഡൻ വോയ്‌സ് സീസൺ 2 മത്സര വിജയി നമിതാ മേനോൻ പ്രാർഥനാ ഗാനം ആലപിച്ചു

ബോറിവ്‌ലി മലയാളി സമാജം സെക്രട്ടറി ബാബുരാജ് ഭദ്രദീപം കൊളുത്തി വെസ്റ്റേൺ മേഖല ഓഡിഷൻ റൗണ്ടിന് തുടക്കമിടുന്നു.

മലയാള ഭാഷയ്ക്ക് മുംബൈ നഗരത്തിലുണ്ടായ വളർച്ചയുടെ പ്രതിഫലനമാണ് ഓഡിഷനിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനങ്ങൾ. മലയാളം മിഷൻ, മലയാള ഭാഷാ പ്രചാരണ സംഘം, നഗരത്തിലെ മലയാളി സമാജങ്ങൾ കൂടാതെ മാധ്യമങ്ങളടക്കമുള്ളവരാണ് ഈ മാറ്റത്തിന്റെ ചാലക ശക്‌തികൾ..മലയാളത്തിൽ എഴുതാനും വായിക്കാനും പ്രതികരിക്കാനും പ്രകടിപ്പിക്കാനും പ്രാപ്തിയുള്ള തലമുറയായി നഗരത്തിലെ കുരുന്നുകൾ വളരുന്നതിന്റെ നേർക്കാഴ്ചകളായിരുന്നു ബോറിവിലി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ ഓഡിഷൻ റൌണ്ട്.

കൈനിറയെ സമ്മാനങ്ങളുമായാണ് പങ്കെടുത്ത കുട്ടികളെല്ലാം മടങ്ങിയത്. ബോറിവിലി മലയാളി സമാജം, മുരളീധരൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ) , അഡ്വക്കേറ്റ് പദ്മ ദിവാകരൻ (ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ്) എന്നിവർ ചേർന്നാണ് കുരുന്നു പ്രതിഭകളെ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിച്ചത്. ഇതാദ്യമായിട്ടായിരിക്കും ഓഡിഷൻ റൗണ്ടിൽ പങ്കെടുത്തവരെല്ലാം സമ്മാനങ്ങളുമായി മടങ്ങുന്നത്. നമ്മുടെ കുട്ടികളെ മാതൃഭാഷയുടെ മധുരം നുകരാനും സംസ്കാരവുമായി ചേർത്ത് നിർത്തുവാനും കഴിയുമെന്നതിനാൽ പങ്കെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനായിരുന്നു ഇവരെല്ലാം സമ്മാനങ്ങളുമായി എത്തിയത്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയും, മുരുകൻ കാട്ടാക്കടയുടെ കണ്ണടയും മധുസൂദനൻ നായരുടെ ബാലശാപങ്ങളുമെല്ലാം വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസ്സിലുരുന്ന രക്ഷിതാക്കൾക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ. അംബിക നായർ, രാഹുൽ മേനോൻ , മിനി നായർ, രാഖി സുനിൽ, എൽ എൻ വേണുഗോപാൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

വിധികർത്താക്കളായ കളത്തൂർ വിനയൻ, മധു നമ്പ്യാർ, താര വർമ്മ എന്നിവർ

കളത്തൂർ വിനയൻ, മധു നമ്പ്യാർ, താര വർമ്മ എന്നിവരായിരുന്നു വിധികർത്താക്കൾ. ഗോൾഡൻ വോയ്‌സ് ആദ്യ സീസണിലെ വിജയിയായ അഞ്ജലി നായരായിരുന്നു ഓഡിഷൻ റൗണ്ടിന്റെ അവതാരക . ആശിഷ് എബ്രഹാം ചടങ്ങുകൾ നിയന്ത്രിച്ചു. സുകേഷ് പൂക്കുളങ്ങര കലാ സംവിധാനവും, ബെന്നി ജോസഫ്, ശിവൻ എന്നിവർ ഛായാഗ്രഹണവും ഗിരിജ മേനോൻ ഏകോപനവും നിർവഹിച്ചു.

ഓഡിഷൻ റൗണ്ടിന്റെ അവസാനഘട്ട ചിത്രീകരണം ജൂലൈ 7 ഞായറാഴ്ച വൈകീട്ട് 4 മണി മുതൽ ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്‌കൂൾ ഹാളിൽ വച്ച് നടക്കും. തുടർന്ന് 6 മണിക്ക് മുംബൈ ടാലെന്റ്സ് കർട്ടൻ റൈസർ പരിപാടിയിൽ ലോഗോയുടെ ഔദ്യോദിക പ്രകാശനവും തീം സോങ് റിലീസും അരങ്ങേറും. കവി നാണപ്പൻ മഞ്ഞപ്രയുടെ രചനയിൽ കളത്തൂർ വിനയൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഗോൾഡൻ വോയ്‌സ് ഗായകരായ ജന്യ നായർ, അമൃത നായർ എന്നിവർ ചേർന്നാണ്.


LEAVE A REPLY

Please enter your comment!
Please enter your name here