ഭാഷയോടും സംസ്കാരത്തോടുമുള്ള മുംബൈ മലയാളികളുടെ സ്നേഹമാണ് ഇന്നിവിടെ കാണുന്ന ആൾക്കൂട്ടമെന്ന് പറഞ്ഞാണ് മലയാളം മിഷനും ഇൻഡോ അറബ് കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഉത്‌ഘാടനം ചെയ്ത് കൊണ്ട് മലയാളത്തിന്റെ പ്രിയ കഥാകാരൻ പ്രസംഗം തുടങ്ങിയത്. ഭാഷയെ നമ്മൾ സംരക്ഷിക്കണമെന്നും ഭാഷയുടെ നിലനിൽപ്പിലൂടെയാണ് സംസ്കാരത്തെ കാത്ത് സൂക്ഷിക്കുവാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ സമ്പന്നമാക്കിയത് പ്രവാസികളാണെന്നും, ആദ്യകാലങ്ങളിൽ മുംബൈയായിരുന്നു നാടിന് തുണയായിരുന്നതെന്നും എം മുകുന്ദൻ പറഞ്ഞു. പിന്നീടത് ഗൾഫ് രാജ്യങ്ങളും അമേരിക്കൻ നാടുകളുമായി മാറി വരികയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചെടുത്തു. എല്ലാ മാസവും ആദ്യവാരത്തിൽ മുംബൈയിൽ നിന്നുള്ള മണി ഓർഡറുകളുമായി കയറി വരുന്ന പോസ്റ്റ്മാന്മാർ അന്നെല്ലാം കേരളത്തിലെ പതിവ് കാഴ്ചകളായിരുന്നുവെന്നും മുകുന്ദൻ പറഞ്ഞു. പ്രവാസികൾ ഇല്ലായിരുന്നുവെങ്കിൽ കേരളം യാചകരുടെ നാടായി അറിയപ്പെടുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വായനയിൽ സ്ത്രീകൾ മുന്നിൽ; ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തിയാണ് പുരുഷന്മാർക്ക് വായനാശീലം കുറയാൻ കാരണം എം മുകുന്ദൻ
നഷ്ടപ്പെട്ടു പോയ ഭാഷയും പദങ്ങളും പ്രയോഗങ്ങളും തിരിച്ചു പിടിക്കേണ്ടതും സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വവും കടമയുമാണെന്നും എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് കൂടിയായ എം മുകുന്ദൻ വ്യക്തമാക്കി.
മലയാളികൾ ആർഭാട ജീവിതം ഇഷ്ടപ്പെടുന്നവരാണെന്നും ഒരു പാട് അസ്വസ്ഥതകളാണ് മലയാളികളെ വേട്ടയാടുന്നതെന്നും മുകുന്ദൻ ആശങ്കപ്പെട്ടു. വായനയുടെ കാര്യത്തിൽ പുരുഷന്മാരേക്കാൾ മുന്നിൽ നിൽക്കുന്നത് സ്ത്രീകളാണെന്നും ആണുങ്ങൾക്ക് ലഹരി പദാർത്ഥങ്ങളോടുള്ള ആസക്തിയാണ് വായനാശീലം കുറയാൻ കാരണമെന്നും എം മുകുന്ദൻ തുറന്നടിച്ചു.
നവി മുംബൈ വാഷി സിഡ്കോ ഓഡിറ്റോറിയത്തിൽ നടന്ന മാതൃഭാഷ സ്നേഹ സംഗമത്തിന്റെ ഉത്‌ഘാടനം മലയാളം മിഷൻ ചെയർ പേഴ്സൺ സുജ സൂസൻ ജോർജ് നിർവഹിച്ചു. രാജൻ കിണറ്റിങ്കര രചിച്ചു മധു നമ്പ്യാർ ഈണം നൽകി മലയാളം മിഷൻ വിദ്യാർഥികൾ ആലപിച്ച അവതരണഗാനത്തോട് കൂടിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്.
GCC രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഫാത്തിമ മെഡിക്കൽ കെയർ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായ ഡോ കെ പി ഹുസൈൻ, കൈരളി ടി വി മിഡിൽ ഈസ്റ്റ് ഡയറക്ടർ ഇ എം അഷറഫ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പ്രോഗ്രാം കൺവീനർ പ്രേമൻ ഇല്ലത്ത് കേരള പ്രവാസി അക്കാദമിയുടെ നയം പ്രഖ്യാപിച്ചു. ചടങ്ങിൽ സാഹിത്യകാരൻ പ്രേമൻ ഇല്ലത്ത് ഇൻഡോ അറബ് കൾച്ചറൽ സെന്ററിന്റെ നയം പ്രഖ്യാപിച്ചു . പ്രേമൻ ഇല്ലത്തിന്റെ പുറത്താക്കപ്പെട്ടവരുടെ പുസ്തകം രണ്ടാം എഡിഷൻ പ്രകാശന കർമ്മവും ചടങ്ങിൽ നടന്നു.
ഇ എം അഷറഫ് സംവിധാനം ചെയ്ത് എം മുകുന്ദൻ അഭിനയിച്ച ഹൃസ്വചിത്രമായ ബൊഴൂർ മയ്യഴിയുടെ പ്രദർശനവും നടന്നു.

ഒരിക്കലും വാടാത്ത പൂവ്
കുമാരനാശാൻ രചനകളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വീണ പൂവിന്റെ ദൃശ്യാവിഷ്കാരവും അരങ്ങേറി. 112 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുമാരനാശാന്‍ രചിച്ച വീണപൂവ് ഏറ്റവും പുതിയ കാലവുമായി സംവദിപ്പിച്ചു കൊണ്ടായിരുന്നു അരങ്ങിലെത്തിച്ചത്. എഴുത്തുകാരൻ സുരേഷ് വർമ്മയാണ് വീണ പൂവ് അണിയിച്ചൊരുക്കിയത്. ആശാന്റെ വീണ പൂവിന്റെ ദൃശ്യാവിഷ്‌കാരം മുംബൈയിൽ അരങ്ങേറുന്നത് ഇതാദ്യമായാണ്. നഗരത്തിലെ പതിനഞ്ചോളം നൃത്തപ്രതിഭകളെ സമന്വയിപ്പിച്ചു കൊണ്ട് വീണപൂവിന്‍റെ കൊറിയോഗ്രാഫി ഒരുക്കിയത് ഡോക്ടര്‍ ഐശ്വര്യ പ്രേമനും ഗോകുല ഗോപിയുമാണ്. സംഗീതവും കവിതാലാപനവും നിർവഹിച്ചത് പ്രശസ്ത ഗായകന്‍ പ്രേംകുമാറാണ് . ഡോ സുശീലൻ ചമയവും രാമകൃഷ്ണൻ കലാ സംവിധാനവും പവിത്രൻ നിർമ്മാണ നിയന്ത്രണവും വഹിച്ചു. അഭിനവ് ഹരിയാണ് സഹസംവിധായകൻ. ഡോ. ഐശ്വര്യ പ്രേമൻ, ഗോകുല ഗോപി, അനാമിക അശോക്, അനിഷ്മ കൈമൾ, ശ്രുതി മേനോൻ, അശ്വതി പ്രേമൻ, അമലാ പിള്ള, കാവേരി നായർ, അഞ്ജലി നായർ, ലാവണ്യ കൃഷ്ണകുമാർ എന്നിവരായിരുന്നു അരങ്ങിൽ വീണ പൂവിനെ അവിസ്മരണീയമാക്കിയത്. നിറഞ്ഞ കൈയ്യടികളോടെയാണ് തിങ്ങി നിറഞ്ഞ സദസ്സ് വീണ പൂവിനെ വരവേറ്റത്.

വിശിഷ്ടാതിഥികളെയും അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. രാമചന്ദ്രൻ മഞ്ചറമ്പത്ത്, നോവലിസ്റ്റ് ബാലകൃഷ്ണൻ, പ്രിയ വർഗീസ്, ടി എൻ ഹരിഹരൻ, കൂടാതെ പ്രോഗ്രാം കൺവീനർ പ്രേമൻ ഇല്ലത്ത്, കേരളാ ഹൌസ് മാനേജർ രാജീവ്, റീന സന്തോഷ് തുടങ്ങിയവർ വേദി പങ്കിട്ടു . ആശിഷ് എബ്രഹാം ചടങ്ങുകൾ നിയന്ത്രിച്ചു.
തുടർന്ന് മലയാളം മിഷൻ മുംബൈ ചാപ്റ്റർ ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒമ്പത് മേഖലകളിലായി സംഘടിപ്പിച്ച കലാ സാഹിത്യ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
- വിമാനമിറങ്ങിയ മഹാബലി – 2
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 15
- വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12
- സൈതാലിക്ക (Rajan Kinattinkara)
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9