മുംബൈയിൽ തുടർക്കഥയാകുന്ന കെട്ടിട ദുരന്തം ; അധികൃതരുടെ അനാസ്ഥയെ പഴിച്ചു സാമൂഹിക പ്രവർത്തകർ

എൺപതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.

0

മുംബൈയിൽ ഡോംഗ്രിയിലെ നാല് നില കെട്ടിടം തകർന്ന് വീണതിനെ തുടർന്നുള്ള തിരച്ചിലിൽ ഇത് വരെ 7 പേരുടെ മൃതദേഹം കണ്ടെടുത്തു. എന്നാൽ പത്തിലധികം പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപോർട്ടുകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. തകർന്ന് വീണ കെട്ടിടത്തിനുള്ളിൽ ഏകദേശം നാല്പതോളം പേർ കുടുങ്ങിയതായി അനുമാനിക്കുന്നു. എൺപതോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.

ഇന്ന് രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. ഡോംഗ്രിയിലെ തണ്ടൽ സ്ട്രീറ്റ് ഭാഗത്തെ കെട്ടിടമാണ് തകർന്ന് വീണ് പ്രദേശത്ത് വിഷാദം വിതച്ചത് .

ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിച്ച പ്രദേശത്താണ് ഈ കെട്ടിടവും സ്ഥിതി ചെയ്തിരുന്നത്. ഇവിടേക്ക് ഗതാഗത യോഗ്യമായ വഴി ഇല്ലാത്തതും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കിയിരിക്കയാണ്. ഇതോടെ അവശിഷ്ടങ്ങൾക്കിടയിൽ പെട്ട യുവതികളും കുട്ടികളും അടങ്ങുന്ന താമസക്കാർക്ക് ഓക്സിജൻ എത്തിക്കുവാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസും അഗ്നിശമന സേനയുടെ വാഹനങ്ങൾക്കും സംഭവ സ്ഥലത്തേക്ക് എത്തി ചേരുവാനുള്ള സാങ്കേതിക തടസ്സങ്ങൾ മറി കടക്കുവാനുള്ള ശ്രമത്തിലാണ് സന്നദ്ധ സേവകരടങ്ങുന്ന രക്ഷാ പ്രവർത്തകർ

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ താമസക്കാരെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടികൾ കൈക്കൊള്ളണമെന്ന് സംഭവ സ്ഥലത്തെത്തിയ എം പി സി സി സെക്രട്ടറി ജോജോ തോമസ്

ഏകദേശം നൂറു വർഷം പഴക്കമുള്ള കെട്ടിടമാണിതെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലത്ത് കെട്ടിട ദുരന്തം മുംബൈ നഗരത്തിൽ തുടർക്കഥയാകുമ്പോൾ അപകടസ്ഥിതിയിലുള്ള കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുവാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലായെന്ന പരാതിയും ഉയർന്നു വന്നിരിക്കയാണ്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ സർക്കാർ ഭാഗത്ത് നിന്നുണ്ടാകേണ്ടത് അനിവാര്യമാണെന്ന് സംഭവ സ്ഥലത്തെത്തിയ എം പി സി സി സെക്രട്ടറി ജോജോ തോമസ് പറഞ്ഞു. ഒഴിപ്പിക്കൽ നോട്ടീസ് നൽകിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഇവരെ പുനരധിവസിപ്പിക്കുവാനുള്ള പോംവഴികൾ സർക്കാർ മുന്നോട്ട് വച്ചാൽ മാത്രമാണ് ഇതിനൊരു പരിഹാരം കാണുവാൻ കഴിയുകയുള്ളൂവെന്നും ജോജോ പറഞ്ഞു. വർഷങ്ങളായി ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കെല്ലാം കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് അനുകൂലമായ പരിഹാരം കാണാൻ കഴിയാത്തതാണ് അപകടം നിറഞ്ഞ പരിതസ്ഥിയിലും ജീവൻ പണയം വച്ച് താമസം തുടർന്ന് വരുന്നതെന്നും പ്രദേശ വാസികൾ പറഞ്ഞു. സ്ഥലത്തിന് പൊന്നു വിലയുള്ള നഗരത്തിൽ പകരത്തിനൊരു വീട് ലഭിക്കാത്തതാണ് നോട്ടീസ് ലഭിച്ചിട്ടും വീടൊഴിയാൻ കഴിയാതെ ഭൂരിഭാഗം പേരും താമസം തുടർന്ന് വരുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here