ഒരാഴ്ചയിലധികമായി നടന്ന് വരുന്ന മലയാളം മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിഹാരം കാണാതെ ചർച്ചകളിൽ മാത്രമായി ഒതുങ്ങുമ്പോൾ മുംബൈയിലെ സാംസ്‌കാരിക ലോകം രണ്ടു തട്ടിലാകുന്ന കാഴ്ചക്കാണ് നഗരം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. മുംബൈയിലെ പ്രമുഖ വാട്ട്സപ്പ് ഗ്രൂപ്പാണ് ചർച്ചയ്ക്ക് തുടക്കമിട്ടതെങ്കിലും പിന്നീട് മറ്റ് പല ഗ്രൂപ്പുകളിലേക്കും വ്യാപിക്കുകയായിരുന്നു. ഒരു പ്രമുഖ ദിന പത്രത്തിലെ വാരാന്ത്യ കോളത്തിൽ മിഷനെ അടച്ചാക്ഷേപിച്ചു കൊണ്ട് പത്രപ്രവർത്തകൻ രംഗത്ത് വന്നതോടെ എരി തീയിൽ എണ്ണയൊഴിച്ച രീതിയിൽ വിവാദം കത്തി പടരുകയായിരുന്നു.
മുംബൈയിലെ സാമൂഹിക സാംസ്‌കാരിക ലോകത്ത് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.
അഡ്വക്കേറ്റ് പ്രേമാ മേനോൻ
ലോക കേരള സഭാ മെമ്പർ,
മലയാളം മിഷൻ – മുംബൈ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി
സെക്രട്ടറി, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (മഹാരാഷ്ട്ര)
മുംബൈയിൽ മലയാളം മിഷൻ തുടങ്ങിയതു മുതൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ.രാഷ്ട്രീയപരമായും, സംഘടനാപരമായും വ്യത്യസ്ത ആശയമുള്ളവരാണ് ഇതിലെ മുൻനിര പ്രവർത്തകരിലധികവും. പക്ഷെ മലയാള ഭാഷയെ വളർത്താൻ കക്ഷിരാഷ്ടീയ ഭേദമെന്യേ നിലനിൽക്കുന്നു. മലയാളം മിഷനിൽ നേതൃത്വ സ്ഥാനത്തും, അധ്യാപകർക്കിടയിലും സ്ത്രീകൾക്ക് കാര്യമായ ഇടവും പ്രവർത്തന സ്വാതന്ത്ര്യവും ലഭിക്കുന്നതായിട്ടാണ് അറിഞ്ഞിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതും. വളരെ നല്ല രീതിയിൽ തന്നെ എല്ലാ മേഖലകളിലും സ്ത്രീകളുടെ ആവേശകരമായ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്. സ്ത്രീകൾക്ക് വ്യക്തമായ സ്വാധീനവും ഒപ്പം അംഗീകാരവും ലഭിക്കുന്നുമുണ്ട്. മലയാളം മിഷൻ ട്രെയിനിംഗ് ആയാലും, കേന്ദ്രതലത്തിൽ പങ്കെടുക്കേണ്ട ഏത് കാര്യത്തിനായാലും മുംബൈ ചാപ്റ്റർ പ്രതിനിധിയായി. ബിന്ദു ജയനാണ് പങ്കെടുത്തിട്ടുള്ളത്. മാത്രമല്ല മുംബൈ, നാസിക്, കൊങ്കൺ മേഖലയിലെല്ലാം തന്നെ അധ്യാപക ട്രെയിനിംഗിനായി മുംബൈ ചാപ്റ്ററിനെ പ്രതിനിധീകരിച്ച് പോകാറുണ്ട്. നേതൃത്വതലത്തിൽ ശക്തമായ സ്വാധീനവും സ്ഥാനവുമുള്ള വ്യക്തിക്ക് വിഷയങ്ങൾ സമയോചിതമായി തന്നെ ബന്ധപ്പെട്ട ഫോറത്തിൽ സമർപ്പിച്ച് ശരിയായ നിലപാട് സ്വീകരിക്കാമായിരുന്നല്ലോ. വിവാദത്തിനാസ്പദമായ വിഷയങ്ങൾ മലയാളം മിഷൻ നേതൃത്വത്തിൽ നിന്നുണ്ടായിട്ടില്ല, മലയാളം മിഷനെ ഇതിൽ വലിച്ചിഴക്കരുത്, ചർച്ചകൾ അവസാനിപ്പിക്കണം എന്ന് ബിന്ദു ജയൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതുമാണ്. പിന്നീട് മലയാളം മിഷൻ അധികൃതർ അവരുമായി സംസാരിക്കുകയും പരാതിയുണ്ടെങ്കിൽ രേഖാമൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടതു പ്രകാരം പരാതി നൽകുകയും അത് ചാപ്റ്റർ കമ്മിറ്റിയിൽ ചർച്ച ചെയ്യാനിരിക്കെ പൊതു മാധ്യമങ്ങളിൽ മലയാള മിഷനെ കരിവാരി തേക്കുന്ന സമീപനം തീർത്തും ആശാസ്യമല്ല. ആയിരക്കണക്കിന് സ്ത്രീകളും പുരുഷനും കുട്ടികളുമടങ്ങുന്ന ഭാഷാസ്നേഹികളുടെ പ്രസ്ഥാനമാണ് മലയാളം മിഷൻ. എന്തെങ്കിലും അസ്വസ്ഥകളും അലോസരങ്ങളും ഉണ്ടെങ്കിൽ തന്നെ അത് സംയനത്തോടെ പരിഹരിക്കാൻ സാധ്യമെന്നിരിക്കെ തികച്ചും വിഘടനാത്മകമായ കർമ്മപദ്ധതിയിലേക്ക് സാമൂഹ്യ പ്രവർത്തകർ പ്രത്യേകിച്ച് ഭാഷാ പ്രവർത്തകർ പോകരുത്. തിരുത്തേണ്ട വിഷയമെങ്കിൽ തിരുത്തപ്പെടുകതന്നെ ചെയ്യും. ഒന്നോർക്കുക മലയാളം മിഷൻ തകരണമെങ്കിൽ ഭാഷാസ്നേഹികൾ അന്യം നിൽക്കേണ്ടിവരും. അത് ഒരിക്കലും സംഭവ്യമല്ലല്ലോ. ഏത് സർക്കാർ ഭരിച്ചാലും ഭാഷാ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രതിജ്ഞയെടുത്തിറങ്ങിയതാണ് ബഹുഭൂരിപക്ഷം പ്രവർത്തകരും. ഒരു ചെറു കാറ്റടിച്ചാൽ തകരുന്ന മനോഭാവമല്ല ശരിയായ ഭാഷാ പ്രവർത്തകരുടേതെന്ന് തിരിച്ചറിയുക.
നിവേദിതാ ഭാസി
സാൻപാഡ
മുംബൈ മലയാളം മിഷൻ ഭാരവാഹികളായ സഹപ്രവർത്തകരുടെ നിരന്തരമായ മാനസ്സിക പീഢനം മൂലം മിഷനിലെ സജീവ സാന്നിധ്യമായ ഒരു സ്ത്രീയും കുടുംബത്തിനും മുംബൈയിൽ നിന്ന് താമസം മാറ്റേണ്ടി വന്ന അവസ്ഥ നിരഭാഗ്യകരവും വളരെ പ്രതിഷേധാർഹമാണ്.
നമ്മുടെ നാട് വിട്ട് കുടിയേറിയ നമ്മൾ കുടുംബസമേതം എല്ലാ പ്രതിസന്ധികളിലും പിടിച്ച് നിന്ന് ജീവിതം പച്ച പിടിപ്പിക്കുമ്പോൾ സാമൂഹ്യ ഐക്യത്തിനായും നമ്മുടെ പുതുതലമുറയെ നമ്മുടെ സംസ്ക്കാര വിനിമയത്തിനു വേണ്ടി കൂട്ടായ്മകളിലൂടെ കുടുംബത്തിന് നൽകേണ്ട സമയം വെട്ടിച്ചുരുക്കി സാമൂഹ്യ പ്രവർത്തനത്തിന് പോകുന്ന സ്ത്രീകൾക്ക്
ഇതുപോലെയുള്ള അവസ്ഥ വളരെ ദു:ഖകരമാണ്.
മലയാളം മിഷൻ ഭാരവാഹികൾ ഈ വിഷയത്തെ വളരെ നിസ്സാരവൽക്കരിച്ച് സമൂഹത്തിലെ വിമർശനങ്ങൾ സ്വീകരിക്കാതെ നിലപാടെടുക്കുന്നത് നിർഭാഗ്യകരമാണ്.
ഇനിയെങ്കിലും മലയാളം മിഷൻ ഭാരവാഹികൾ പിടിവാശികൾ മാറ്റി വെച്ച് കൂടുതൽ സ്ത്രീ സാന്നിധ്യമുള്ള മിഷൻ പ്രവർത്തനങ്ങളിൽ വളരെ ജാഗ്രതയോടെ ഇടപ്പെടേണ്ടതാണ്.
പ്രസ്തുത വിഷയത്തിൽ പങ്കാളികളായ വ്യക്തിക്കളെ തത്സ്ഥാനത്ത് ഒഴിവാക്കി ആശങ്ക ഒഴിവാക്കി, അന്വേഷണം നടത്തണമെന്ന് ആഗ്രഹിക്കുന്നു
സിബി സത്യൻ
മാധ്യമ പ്രവർത്തകൻ
മലയാളം മിഷന്‍ ഓടിയൊളിക്കുകയല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്!
മുബൈയില്‍ നിന്നുള്ള ലോകകേരള സഭാംഗവും മുംബൈ മലയാളം മിഷനിലെ പ്രമുഖ സ്ഥാനത്തിരിക്കുന്നയാളുമായ വനിതയ്ക്ക് ഒരു കൂട്ടമാള്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നഗരം വിടേണ്ടിവന്നു എന്ന വിഷയം മുംബൈ സമൂഹം ഏതാനും ദിവസങ്ങളായി ചര്‍ച്ച ചെയ്യുകയാണ്. പ്രമുഖ പത്രങ്ങളടക്കം അത് വാര്‍ത്തയാക്കിക്കഴിഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ മലയാളം മിഷന്‍ നേതൃത്വം എടുത്തിരിക്കുന്ന അലംഭാവപൂര്‍ണമായ നിലപാടും മുംബൈയിലെ മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകര്‍ എടുത്തിരിക്കുന്ന നിലപാടും ഞെട്ടിക്കുന്നതാണ്.
ഒരു പരിഷ്‌കൃത സമൂഹത്തില്‍ ഒരു വനിതാ സാമൂഹിക പ്രവര്‍ത്തകയെ ഒരുപറ്റമാള്‍ക്കാര്‍ ചേര്‍ന്നു സാമൂഹികയായി ബഹിഷ്‌കൃതയാക്കുന്ന ഘട്ടം വരികയെന്നാല്‍ അത് മാനവ കുലത്തിന് യോജിക്കാന്‍ കഴിയാത്ത സംഗതിയാണ്. കാരണം ജീവിക്കാനുള്ള അവകാശം ഒരു മനുഷ്യന് ഭരണഘടന ഉറപ്പു നല്‍കുന്ന ഒന്നാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 Right to Livelyhood, Right to live with dignity എന്നിവ ഉറപ്പ് നല്‍കുന്നു. ജീവിക്കാനുള്ള അവകാശത്തെ തുരങ്കം വെയ്ക്കുന്ന എന്തു തരം പ്രവര്‍ത്തനവും ആത്യന്തികമായി മനുഷ്യത്വ രഹിതവും മനുഷ്യവിരുദ്ധവുമാണ്.
ഇവിടെ ഇത്തരമൊരു അവസ്ഥയ്ക്കു വിധേയയായ മുതിര്‍ന്ന വനിതാ സാമൂഹിക പ്രവര്‍ത്തകയെക്കുറിച്ചുള്ള ചര്‍ച്ച വരുമ്പോള്‍ അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും കുറ്റക്കാരെ ശിക്ഷിക്കുകയുമാണ്. വേണ്ടത്. ഇവിടെ തന്റെ ജീവനോപാധികള്‍ക്കു മുടക്കം വരുത്താന്‍ ഒരു സംഘം ശ്രമിച്ചുവെന്നും തന്റെ പെണ്‍മക്കളെക്കുറിച്ച് അപവാദം പറഞ്ഞു പരത്തിയെന്നും ഇതിനെല്ലാം പിന്നില്‍ സംഘടനാ തലത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളാണെന്നും ഈ സാമൂഹിക പ്രവര്‍ത്തക തുറന്നു പറഞ്ഞിട്ടുണ്ട്.
സംഘടനകളില്‍ പടലപ്പിണക്കങ്ങള്‍ പതിവാണ്. ഗ്രൂപ്പുകളികള്‍ പതിവാണ്. പുറത്താക്കലുകളും പുറത്തു പോകലുകളും പതിവാണ്. പക്ഷേ അത്തരമൊരാളിന്റെ ജീവിത മാര്‍ഗത്തെ, കുടുംബത്തെ, സല്‍പ്പേരിനെ തകര്‍ക്കുന്ന നിലയില്‍ പിന്തുടര്‍ന്നാക്രമിക്കുകയും അവരെ പലായനം ചെയ്യിക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുകയെന്നത് മുംബൈ പോലുള്ള ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതോ അംഗീകരിക്കാനാവുന്നതോ ആയ കാര്യമല്ല. പ്രഖ്യാപിതവും ഓര്‍ഗനൈസ്ഡ് ആയിട്ടുള്ളതുമായ ഒരു സംഘം ഒരു വ്യക്തിക്കെതിരെ തിരിയുമ്പോള്‍ ആ വ്യക്തി ഇരയാണ്. സമൂഹ മനസാക്ഷി ആ വ്യക്തിക്കൊപ്പമാണ് നില്‍ക്കേണ്ടത്. അല്ലാതെ ആള്‍ക്കുട്ട കൊലപാതകങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും അവരെ വിട്ടുകൊടുത്ത് നിശബ്ദ സാക്ഷിയാവുകയല്ല.
എന്നാല്‍ ഒരു ദുഷിച്ച പാട്രിയാര്‍ക്കിക്കല്‍ മാനസികാവസ്ഥയെ ശരിവെയ്ക്കും വിധത്തിലാണ് ഇക്കാര്യത്തില്‍ പ്രമുഖ മലയാള സംഘടനാ നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സംഭവമുണ്ടായിട്ടുണ്ടെന്നും പരാതി കിട്ടിയിട്ടുണ്ടെന്നും മലയാളം മിഷന്‍ അതിന്റെ പത്രക്കുറിപ്പില്‍ പറയുമ്പോള്‍ ഇത്തരം സംഭവത്തെത്തന്നെ പാടെ നിഷേധിക്കുന്ന തരത്തിലാണ് മറ്റ് നേതാക്കള്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് മലയാളം മിഷനെ തകര്‍ക്കാനുള്ള നീക്കമായി വ്യാഖ്യാനിച്ച് ഇത് ചര്‍ച്ച ചെയ്യുന്നവരെ ആക്രമിക്കാനാണ് ശ്രമം നടക്കുന്നത്.
കഴിഞ്ഞ പത്തിലേറെ വര്‍ഷങ്ങളായി സ്തുത്യര്‍ഹമായ സേവനമാണ് മലയാളം മിഷന്‍ നടത്തുന്നത്. പുതിയ തലമുറയുടെ ഭാഷാഭിരുചി രൂപപ്പെടുത്താന്‍ മിഷന്‍ പ്രവര്‍ത്തകരും അതിന്റെ ജീവനാഡികളായ അധ്യാപകരും രാപകലില്ലാതെ പണിയെടുക്കുമ്പോള്‍ അതിനെ ബഹുമാനത്തോടെയല്ലാതെ നോക്കിക്കാണാനാവില്ല. മലയാളം മിഷന്‍ കുറച്ചു പേരുടേതല്ല, മറിച്ച് മുംബൈ മലയാളിയുടേതാണ്. അതുകൊണ്ടു തന്നെ ഇത്തരം ആരോപണങ്ങളെ ഗൗരവമായി എടുത്ത് നടപടികള്‍ സ്വീകരിക്കാനും നേതൃത്വം തയ്യാറാവണം. അല്ലാതെ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന തോന്നലുണ്ടാക്കരുത്. മലയാളം മിഷനില്‍ ഇത്തരം നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്ന് മറ്റ് സംഘടനാ നേതാക്കളും ഒളിച്ചോടരുത്. ഇത്തരം പരിഹാര നടപടികള്‍ സംഘടനയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാതെ ദുര്‍ബലപ്പെടുത്തുകയല്ല.
സതീശൻ, പൻവേൽ
സാമൂഹിക പ്രവർത്തകൻ
സാമൂഹിക പ്രതിബദ്ധതയില്ലാത്തവരും സാംസ്‌കാരിക രംഗത്തിന് അപരിചിതരുമായ കുറെ പേരാണ് മലയാളം മിഷൻ വിഷയത്തെ വിവാദമാക്കി കൊണ്ട് നടക്കുന്നതെന്നാണ് പരിതാപകരം. ആരോപണമുന്നയിച്ച സ്ത്രീ പോലും ചിന്തിക്കാത്ത രീതിയിലാണ് ഇവരെല്ലാം മലയാളം മിഷനെ കരി വാരി തേയ്ക്കുന്നതിനായി മത്സരിക്കുന്നത്. ഒരു ഗ്രൂപ്പിലെ നാലോ അഞ്ചോ പേരാണോ ഇരുപത് ലക്ഷം മലയാളികളുടെ വ്യക്താക്കൾ ചമയുന്നത്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ മുംബൈ സാംസ്‌കാരിക ലോകം രണ്ടു തട്ടിലായതിന്റെ ഉത്തരവാദിത്തവും ചില വ്യക്തി താല്പര്യങ്ങളാണ്
- Student Migration and Demographic Transition: Shaping Kerala’s Future
- 18000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കമ്പനി വിറ്റത് വെറും 74 രൂപയ്ക്ക് !! ഇന്ത്യൻ വ്യവസായിയുടെ ഞെട്ടിപ്പിക്കുന്ന തകർച്ച
- പ്രമുഖ കോർപ്പറേറ്റ് നിയമസ്ഥാപനമായ ഇന്ത്യാ ലോ സിൽവർ ജൂബിലിയുടെ നിറവിൽ