സാഹസികത കവർന്നെടുക്കുന്ന ജീവനുകൾ

സാഹസികത നല്ലതാണ് …ഇത് ഭീരുക്കളുടെ ലോകമല്ല. പക്ഷെ വിവേകശൂന്യമായ സാഹസികത മൂഢത്വമാണ് - Rajan Kinattinkara writes....

0

നെരുളിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ആരതിയുടെ അപകട മരണത്തിന്റെ ഞെട്ടലിലാണ് മുംബൈ നഗരം . വീട്ടിൽ നിന്നും കോളേജിലേക്കെന്ന് പറഞ്ഞിറങ്ങിയ ആരതി കൂട്ടുകാരികക്കൊപ്പം എത്തിയത് പാണ്ഡവ കടവിലായിരുന്നു. ഒരു പാട് പേരുടെ ജീവനെടുത്ത് മരണത്തിന്റെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച പാണ്ഡവ കടവ്. പ്രവചിക്കാനാവാത്ത വെള്ളച്ചാട്ടത്തിന്റെ ശക്തിയും താഴെയുള്ള ഒഴുക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എന്നും ഒരു ഹരമായിരുന്നു.

നീന്തലറിയുന്നവർ പോലും നിസ്സഹായരായി പോകുന്ന മരണത്തിന്റെ ചുഴികളിൽ നഗരത്തിലെ ബാത്ത് റൂം ഷവറിൽ കുളിച്ചു ശീലിച്ച കുട്ടികൾക്കെന്ത് ചെയ്യാനാകും .

ഒരായുസ്സു മുഴുവൻ ദു:ഖിക്കാനുള്ള വക നൽകുന്ന ഇത്തരം സാഹസികതകൾ ആർക്ക് വേണ്ടി. .. ഒരു ലൈക്കിനപ്പുറം ആരാണിവരെ ഓർത്തു വയ്ക്കുന്നത്.

സാഹസികത നല്ലതാണ് …ഇത് ഭീരുക്കളുടെ ലോകമല്ല. പക്ഷെ വിവേകശൂന്യമായ സാഹസികത മൂഢത്വമാണ്. ആ മൂഢത്വത്തിന് അടിമപ്പെട്ടിരിക്കുകയാണ് നമ്മുടെ പുത്തൻ തലമുറ ..സാഹസികമായ ഒരു ഫോട്ടോക്ക് വേണ്ടി അത് സോഷ്യൽ മീഡിയയിൽ ഇട്ടാൽ കിട്ടുന്ന നാല് ലൈക്കു കൾക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചെടുക്കുന്ന സെൽഫികൾ .. അപകടം പിണഞ്ഞാൽ ആ വാർത്തയ്ക്കു കീഴെയും ലൈക്കടിക്കുന്നവരാണ് ഈ നവ മാധ്യമ ജീവികൾ എന്നിവർ ഓർക്കുന്നില്ല.

ഹാൻഡിൽ പിടിക്കാതെ ബൈക്കോടിക്കുന്നവർ , പാഞ്ഞു വരുന്ന ട്രെയിനിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നവർ , ലോക്കൽ ട്രെയിനിന്റെ വാതിലിൽ നിന്ന് കൈകൾ വിട്ട് അഭ്യാസം കാണിക്കുന്നവർ , നിറഞ്ഞൊഴുകുന്ന നദിയിൽ ഇറങ്ങി ഒഴുക്കിനെ വെല്ലുവിളിക്കുന്നവർ ,, ഇതൊന്നും സാഹസികതയല്ല ബുദ്ധിശൂന്യത മാത്രമാണ്.

ഒരു കയ്യടിക്കു വേണ്ടി ഒരായുസ്സു മുഴുവൻ ദു:ഖിക്കാനുള്ള വക നൽകുന്ന ഇത്തരം സാഹസികതകൾ ആർക്ക് വേണ്ടി. .. ഒരു ലൈക്കിനപ്പുറം ഒരു സ്മൈലിക്കപ്പുറം ആരാണിവരെ ഓർത്തു വയ്ക്കുന്നത്.

സാഹസികത ഭക്ഷണത്തിലും നടത്തത്തിലും ഇരിക്കുന്നതിലും സ്റ്റൈലിലും ഒക്കെ പുലർത്താൻ ബദ്ധപ്പെടുകയാണ് പുത്തൻ തലമുറ. കറുത്ത മുടി കളർ പൂശി നടക്കുന്നത് അവരുടെ സാഹസികതയാണ്. ഫുട് പാത്ത് ഭക്ഷണത്തിൽ എരിവുള്ള പച്ചമുളക് കടിച്ച് മുറിക്കുന്നതും മഴയത്ത് നനത്തൊട്ടി നടക്കുന്നതും ഒക്കെ അവരുടെ പുസ്തകത്തിലെ സാഹസികതയുടെ പര്യായങ്ങളാണ്.

നഷ്ടപ്പെടുന്നത് നമുക്കു മാത്രമാണ്. നമ്മുടെ കുടുംബത്തിനാണ്. കാലം നമ്മളെ ഓർത്തു വയ്ക്കുക ചെയ്ത സാഹസികതയുടെ പേരിലല്ല മറിച്ച് നമ്മൾ ചെയ്ത തിരിച്ചറിവില്ലായ്മയുടെ പേരിലാണ്. ക്ഷണിച്ചു വരുത്തിയ മരണത്തിന്റെ പേരിലാണ്.

ക്ഷണികമായ സുഖങ്ങളിലും സന്തോഷങ്ങളിലും ഉന്മത്തരാവാതിരിക്കുക. സന്തോഷങ്ങളെ ഒരായുസ്സിലേക്ക് നീക്കി വക്കുക. സ്വന്തം മുഖത്തിന്റെ ഭംഗിയാസ്വദിക്കാൻ സെൽഫിയുടെ ലോകത്ത് അഭിരമിക്കാതിരിക്കുക. .. തിരിച്ചു കിട്ടാത്തതായി ഒന്നേയുള്ളു .. നഷ്ടപ്പെടുന്ന ജീവൻ

NB : ഒരു പ്രധാന സാമൂഹ്യ പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കൂടിയ സ്ഥലത്തെ ഒരു സാംസ്കാരിക സംഘടനയുടെ മീറ്റിംഗിൽ പങ്കെടുത്തു വരുന്ന സുഹൃത്തിനോട് മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി നന്നായിരുന്നു, കുറെ സെൽഫികൾ എടുത്തു എന്നായിരുന്നു.


രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here