കൊക്കയിലേക്ക് വീണ മലയാളി യുവാവിനായുള്ള തിരച്ചിൽ മതിയാക്കി പോലീസ്; ആശങ്കയോടെ ബന്ധുക്കളും സുഹൃത്തുക്കളും

0

പുണെ – വഡ്ഗാവ് ശേരിയിൽ താമസിക്കുന്ന മലയാളി യുവാവ് വൈശാഖ് നമ്പ്യാരും (40 വയസ്സ്) കൂട്ടുകാരനും സഞ്ചരിച്ചിരുന്ന കാർ കൊയ്‌ന ഡാമിനടുത്ത് കൊക്കയിലേക്ക് പതിച്ച സംഭവത്തിൽ ഒരു മൃതദേഹം കണ്ടു കിട്ടി. മലയാളിയായ വൈശാഖിന്റെ വിവരങ്ങളൊന്നും ഇനിയും ലഭിച്ചിട്ടില്ല. മഴയാണെന്ന കാരണം പറഞ്ഞു പോലീസ് സംഘം അന്വേഷണം മതിയാക്കിയതോടെ ആശങ്കയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

വൈശാഖിന്റെ ഭാര്യയും രണ്ടു മക്കളും ന്യൂയോർക്കിലാണ്. കമ്പനി ആവശ്യത്തിനായി തനിച്ച് ഇന്ത്യയിലെത്തിയ വൈശാഖ് നമ്പ്യാർ ശനിയാഴ്ച രാത്രിയാണ് കൊയിന അണക്കെട്ടു പരിസരത്തേക്ക് വിനോദ യാത്ര പോയത്. കൊയിന അണക്കെട്ട് എത്തുന്നതിന് മുമ്പെ രാത്രി 11 മണിയോടെയാണ് റോഡിനോട് ചേർന്ന ആഴമുള്ള കൊക്കയിലേക്ക് നിയന്ത്രണം വിട്ട കാർ മറിഞ്ഞതായി പറയപ്പെടുന്നത്. അപകടമുണ്ടായ സ്ഥലത്തെ പരിശോധനയിൽ തകർന്ന കാർ കണ്ടെത്താനായി . സമീപത്തായി വൈശാഖിനോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന്റെ മൃതദേഹവും ലഭിച്ചെങ്കിലും വൈശാഖിനെ എവിടെയും കാണാനായില്ലെന്നും ജീവിച്ചിരിപ്പുണ്ടോ എന്ന് പറയാനാകില്ലെന്നും പോലീസ് പറയുന്നു.

ഇത് വരെയായിട്ടും വൈശാഖിന്റെ യാതൊരു വിവരവും അറിയാത്തതിനാൽ ബന്ധുക്കൾ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി പോലീസുമായി ബന്ധപ്പെട്ടു. കനത്ത മഴ കാരണം തിരച്ചിൽ നടത്താനാകില്ലെന്നും ദേശീയ ദുരിതനിവാരണ സേനയുടെ സഹായം തേടേണ്ടി വരണമെന്നും പോലീസ് ബന്ധുക്കളെ അറിയിച്ചു. ഏഴു പേരടങ്ങുന്ന വഡ്ഗാവ് ശേരി മലയാളി സമാജം പ്രവർത്തകരും ബന്ധുക്കളും വൈശാഖിന്റെ സുഹൃത്തുക്കളും സ്ഥലത്തുണ്ടെങ്കിലും നിസ്സഹായരാണ്. കൊക്കയിലിറങ്ങി അന്വേഷണം നടത്തണമെങ്കിൽ വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ടെന്നു അവകാശപ്പെടുന്ന പൊലീസ് തിരച്ചിൽ നിർത്തി വച്ചത് ബന്ധുക്കളെ ആശങ്കപ്പെടുത്തിയിരിക്കയാണ്. ശക്‌തിയായ മഴയും ഡാമിൽ നിന്നുള്ള ഒഴുക്കുമാണ് തിരച്ചിൽ നടത്താൻ കഴിയാതെ വരുന്നതെന്ന് പറയുമ്പോഴും പ്രതിവിധികൾ തേടാൻ വൈകുന്തോറും നഷ്ടപ്പെടുന്നത് വിലപ്പെട്ട സമയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here