പ്രളയഭൂമിയിൽ രക്ഷകനായെത്തിയ ‘തെച്ചിക്കോട്ട് രാമചന്ദ്രൻ’ !

0

മഹാരാഷ്ട്രയിലെ പ്രളയബാധിത പ്രദേശത്തേക്കായി മുംബൈ മലയാളികൾ സ്വരൂപിച്ചത് അവശ്യ സാധനങ്ങളടങ്ങിയ അയ്യായിരത്തിലധികം ഫാമിലി കിറ്റുകകളായിരുന്നു. ഇവയെല്ലാം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കാനായിരുന്നു കേരളാ ഹൌസിലേക്ക് നമ്മുടെ ‘തെച്ചിക്കോട്ട് രാമചന്ദ്രൻ’ എത്തിയത്. അതൊരു ഒന്നൊന്നര വരവായിരുന്നു. തൃശൂർ പൂരത്തിലെ തെക്കോട്ടിറക്കത്തെ ഓർമിപ്പിക്കും വിധമായിരുന്നു ആരവങ്ങളും ആർപ്പ് വിളികളുമായി മുംബൈയിലെ തെച്ചിക്കോട്ടിനെ മലയാളികൾ വരവേറ്റത്!

ഏകദേശം 8 കിലോ അടങ്ങുന്ന ഒരു കുടുംബത്തിനുള്ള സാധനങ്ങളായിരുന്നു കിറ്റുകളിൽ. ഏതാണ്ട് മൂവായിരത്തിലധികം കിറ്റുകളാണ് ലോജിസ്റ്റിക് രംഗത്തെ ഈ ‘തെച്ചിക്കോട്ട് രാമചന്ദ്രൻ’ ഒറ്റയടിക്ക് ചുമലിൽ ഏറ്റി കൈയ്യടി വാങ്ങിയത്. പിന്നെ ഒപ്പം നിന്ന് സെൽഫി എടുക്കാനെത്തിയവരിൽ എം പി രാജൻ വിചാരെ വരെയും സിറ്റി പോലീസ് കമ്മീഷണറും വരെയുണ്ടായിരുന്നു. കമ്മീഷണർ ആയിരുന്നു തേങ്ങയുടച്ചു ‘തെച്ചിക്കോട്ടി’നെ കേരളാ ഹൌസിൽ നിന്നും പ്രളയ പറമ്പിലേക്ക് ഫ്ലാഗ് ഓഫ് ചെയ്തയച്ചത്. മുംബൈയിൽ നിന്നും പുറപ്പെട്ട മൂന്ന് ട്രാക്കുകൾക്കിടയിൽ തലയെടുപ്പോടെ പ്രളയഭൂമിയിൽ ആദ്യമെത്തിയ ക്രെഡിറ്റും നമ്മുടെ തെച്ചിക്കോട്ടിന് തന്നെ.

ലോജിസ്റ്റിക് വ്യവസായ രംഗത്തെ പ്രമുഖനായ ബിജു രാമനാണ് 25 MT കപ്പാസിറ്റിയുള്ള ഈ യമണ്ടൻ കണ്ടെയ്നർ മുംബൈ മലയാളികളുടെ ഉദ്യമത്തിനായി വിട്ടു തന്നത്. രണ്ടു പതിറ്റാണ്ടായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബിജുവിന് 25 MT കൂടാതെ 40 MT കപ്പാസിറ്റിയുള്ള 22 ട്രക്കുകൾ സ്വന്തമായുണ്ട്. കലയിലും സാഹിത്യത്തിലും താല്പര്യമുള്ള ബിജു ഒരു ഓൺലൈൻ ഫ്രീക് കൂടിയാണ്. നൂതന സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി ഉപയോക്താവിന് തങ്ങളുടെ കണ്ടെയ്നറിന്റെ തത്സമയ വിവരങ്ങൾ ലഭ്യമാക്കിയ ഈ മേഖലയിലെ ആദ്യ സ്ഥാപനം കൂടിയാണ് ശ്രീട്രാൻസ്‌ ലോജിസ്റ്റിക്.

മയിൽ‌പ്പീലി കാവ്യാലാപന റിയാലിറ്റി ഷോയിൽ പ്രശസ്ത കവി പി രാമന് മുംബൈ മലയാളികളുടെ സ്നേഹോപഹാരം കൈമാറുന്ന ബിജു രാമൻ

തൃശൂർ ചേർപ്പ് സ്വദേശിയായ ബിജു രാമൻ ഒരു അസ്സൽ പൂര പ്രേമി കൂടിയാണ്. ആനകമ്പത്തിനും ഒട്ടും പുറകിലല്ല ഈ തൃശൂർക്കാരൻ . പൂരം കൊടിയേറിയാൽ പിന്നെ ബിജുവിന്റെ മുംബൈയിൽ കിട്ടില്ല, മുണ്ടും തലയിലൊരു കെട്ടുമായി തേക്കിൻ കാട് മൈതാനത്തായിരിക്കും കറക്കം. പൂര പറമ്പിലെ ചമയക്കാരും, വെടിക്കെട്ടുകാരും ദേവസ്വം ബോർഡിലെ പ്രമുഖരുമെല്ലാം ബിജുവിന്റെ ഗഡികളാണ്.



LEAVE A REPLY

Please enter your comment!
Please enter your name here