മുംബൈ ടാലെന്റ്‌സിൽ വിശിഷ്ടാതിഥികളായി മനോജ് കെ ജയനും ശ്രീധന്യയും

0

മലയാള സിനിമയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട മലയാളികളുടെ സ്വന്തം കുട്ടൻ തമ്പുരാൻ മുംബൈയിലെത്തുന്നു. ആംചി മുംബൈ ഒരുക്കുന്ന മുംബൈ ടാലെന്റ്‌സ് ടെലിവിഷൻ റിയാലിറ്റി ഷോയിൽ സെലിബ്രിറ്റി ഗസ്റ്റായിട്ടായിരിക്കും മനോജ് കെ ജയൻ പങ്കെടുക്കുക. മനോജ് കെ ജയനെ കൂടാതെ സിനിമാ ടെലിവിഷൻ താരം ശ്രീധന്യയും സെലിബ്രിറ്റി ഗസ്റ്റായി ഫ്ലോറിലെത്തും

മലയാളികളുടെ പ്രിയ താരം മനോജ് കെ ജയന്റെ ചലച്ചിത്ര യാത്രയുടെ ആഘോഷ വേദി കൂടിയായിരിക്കും മുംബൈ ടാലെന്റ്സ്.

മുംബൈ ടാലെന്റ്സ് ആദ്യ ചിത്രീകരണം ഒക്ടോബറിൽ നടക്കും. 14 കുരുന്ന് പ്രതിഭകളായിരിക്കും കാവ്യാലാപനത്തിലും തുടർന്ന് നാടൻ പാട്ടിലും മാറ്റുരയ്ക്കുക. മനോജ് കെ ജയൻ, ശ്രീധന്യ, ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ് ജനാർദ്ദനൻ പുതുശ്ശേരി എന്നിവർ കുട്ടികളുടെ പ്രകടനങ്ങളെ വിലയിരുത്തും. നാടൻ പാട്ടിൽ പ്രശസ്തരായ സുധാകരൻ, റംഷി പട്ടുവം എന്നിവരുടെ നേതൃത്വത്തിൽ താവം ഗ്രാമവേദി പശ്ചാത്തലമൊരുക്കും.

മലയാള സിനിമയിൽ 31 വർഷം പിന്നിടുന്ന മനോജ് കെ ജയന്റെ ചലച്ചിത്ര യാത്ര അടയാളപ്പെടുത്തുന്ന വേദി കൂടിയായിരിക്കും മുംബൈ ടാലെന്റ്സ് . നിരവധി ചലച്ചിത്രങ്ങളിലൂടെയും പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ ശ്രീധന്യയുടെ സാന്നിധ്യവും ചടങ്ങിന് മിഴിവേകും. പ്രണവ് മോഹൻലാൽ അഭിനയിച്ച ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ താര ജോഡികൾ കൂടിയാണ് മനോജ് കെ ജയനും ശ്രീധന്യയും.

മുംബൈയിലെ പ്രമുഖ ഗായകനായ മധു നമ്പ്യാർ, കഥകളി കലാകാരി താര വർമ്മ, നടനും നാടൻപാട്ട് കലാകാരനുമായ കളത്തൂർ വിനയൻ എന്നിവരാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ഓഡിഷനിലൂടെ 14 കുരുന്ന് പ്രതിഭകളെ കണ്ടെത്തിയത്. തിരഞ്ഞെടുത്ത കുട്ടികൾക്ക് കളത്തൂർ വിനയന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകി വരുന്നത്. 4 വയസ്സ് മുതൽ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് മുംബൈയിലെ ആദ്യ ടെലിവിഷൻ റിയാലിറ്റി ഷോയിൽ സാന്നിധ്യമറിയിക്കുക.

പ്രതിഭകൾക്ക് വേദിയൊരുക്കി ആംചി മുംബൈ ഗോൾഡൻ വോയ്‌സ്

ഗോൾഡൻ വോയ്‌സ് മ്യൂസിക് റിയാലിറ്റി ഷോ, മയിൽ‌പ്പീലി കാവ്യാലാപന റിയാലിറ്റി ഷോ തുടങ്ങിയ ടെലിവിഷൻ പ്രോഗ്രാമുകൾക്ക് ശേഷം ആംചി മുംബൈ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മുംബൈ ടാലെന്റ്സ് ആദ്യ സീസണ് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. തുടർന്ന് വരുന്ന സീസണുകളിൽ വിവിധ പ്രായക്കാരെ കൂടി ഉൾപ്പെടുത്തി മുംബൈ മലയാളികളുടെ പ്രതിഭ തെളിയിക്കാനുള്ള വേദിയായി മുംബൈ ടാലെന്റ്സ് മാറും.

മയിൽ‌പ്പീലി കാവ്യാലാപന റിയാലിറ്റി ഷോയിൽ പ്രൊഫ വി മധുസൂദനൻ നായർ, ഇഞ്ചക്കാട് ബാലചന്ദ്രൻ, പദ്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മകൾ ലീലാ നാരായണൻ അക്കിത്തം തുടങ്ങിയ പ്രതിഭകൾ പങ്കെടുത്തു മത്സരാർത്ഥികൾക്ക് പ്രചോദനം നൽകി. കേരളത്തിൽ നിന്നെത്തിയ പ്രഗത്ഭ കവികളായ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരായിരുന്നു വിധി കർത്താക്കൾ. ഒന്നിനൊന്ന് മെച്ചപ്പെട്ട ആലാപന മികവ് പുലർത്തിയ മത്സരാർഥികൾ തങ്ങളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുവെന്നും മലയാളം കേട്ടറിവിലൂടെ സ്വായത്തമാക്കിയ കുട്ടികളിൽ നിന്നും ഇത്തരമൊരു കഴിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മത്സരത്തിന് മുൻപ് നെരൂൾ ഗുരുദേവഗിരിയിൽ വച്ച് നടന്ന പ്രത്യേക പരിശീലനകളരി നയിച്ച എം ഡി ദാസും മുംബൈയിലെ പ്രതിഭകളുടെ കഴിവിനെ പ്രകീർത്തിച്ചു. കൂടാതെ സി പി കൃഷ്ണകുമാർ, പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവരും മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച കാവ്യാലാപന കളരിയിൽ പങ്കെടുത്ത് കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.

മുംബൈയിലെ അറിയപ്പെടുന്ന വാദ്യകലാകാരൻ അനിൽ പൊതുവാളും, പുല്ലാംകുഴൽ വിദഗ്ദൻ സിദ്ധാർഥും മയിൽ‌പീലി കാവ്യാലാപനത്തിന് പശ്ചാത്തലമൊരുക്കി.

പ്രശസ്ത ഗായകരായ കാവാലം ശ്രീകുമാർ, രഞ്ജിനി ജോസ്, പ്രീത കണ്ണൻ, ചലച്ചിത്ര നടിയും നർത്തകിയുമായ ഉത്തര ഉണ്ണി, ജനാർദ്ദനൻ പുതുശ്ശേരി, ശങ്കരൻ നമ്പൂതിരി , പ്രീതി വാരിയർ, ബാബുരാജ് മേനോൻ, അജയ് സത്യൻ, ഷീല നായർ, എന്നിവരായിരുന്നു വിവിധ ഘട്ടങ്ങളിലായി വിധികർത്താക്കളായി എത്തിയിരുന്നത്. പി സത്യൻ ഏകോപനം നിർവഹിച്ച റിയാലിറ്റി ഷോ രണ്ടു സീസണുകൾ പൂർത്തിയാക്കുമ്പോൾ പ്രായഭേദമന്യേ സംഘടിപ്പിച്ച സംഗീത മത്സര പരിപാടി നിരവധി പ്രതിഭകൾക്കാണ് അവസരമൊരുക്കിയത്. മലയാള ടെലിവിഷൻ രംഗത്ത് റിയാലിറ്റി ഷോകൾക്ക് തുടക്കം കുറിക്കാൻ പ്രധാന പങ്കു വഹിച്ചിട്ടുള്ള വ്യക്തി കൂടിയാണ് സത്യൻ.

മൂന്ന് സീസണുകളിലായി നടന്ന മുംബൈയിലെ ടെലിവിഷൻ റിയാലിറ്റി ഷോകളുടെ ഫ്ലോർ ഡിസൈനും കലാ സംവിധാനവും നിർവഹിച്ചത് സുകേഷ് പൂക്കുളങ്ങരയാണ്. അവതാരകരായെത്തിയത് ഗായികയും നർത്തകിയുമായ നീതി നായർ, നടനും മിമിക്രി കലാകാരനുമായ ആശിഷ് എബ്രഹാം ചലച്ചിത്ര നടി ഗീതാ പൊതുവാൾ എന്നിവരാണ്.

മുംബൈയിലെ ഇതര ഭാഷക്കാരടക്കമുള്ള മികച്ച ഡാൻസ് ഗ്രൂപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഡാൻസ് റിയാലിറ്റി ഷോയുടെ അണിയറയിലാണ് ആംചി മുംബൈ. നൃത്ത രംഗത്ത് പ്രഗത്ഭനായ ഡോ സജീവ് നായർ, സിന്ധു നായർ എന്നിവരാണ് ഏകോപനം നിർവഹിക്കുന്നത്.


മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും

തരംഗമായി ഗോൾഡൻ വോയ്‌സ് നാടൻ പാട്ടുകൾ

ഗോൾഡൻ വോയ്‌സിനെ ആഘോഷമാക്കി മുംബൈ

കൊഞ്ചി പറഞ്ഞ കഥ ഏറ്റു പാടി ലോകമെമ്പാടുമുള്ള മലയാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here