ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന 44-ാമത് വാർഷിക പ്രതിഷ്ഠാ ദിനാചരണത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി രവീന്ദ്ര ചവാൻ ക്ഷേത്ര ദർശനം നടത്തിയത്. മുൻ കോർപറേറ്റർ വിഷു പെഡ്നേക്കർ, ബി.ജെ.പി ദക്ഷിണേന്ത്യൻ സെൽ പ്രസിഡന്റ് മോഹൻ നായർ എന്നിവർക്കൊപ്പമാണ് മന്ത്രിയെത്തിയത്.
പൊന്നു ഗുരുവായൂരപ്പൻ്റെ ദർശനത്തിന് ശേഷം മന്ത്രി രവീന്ദ്ര ചവാനെ ക്ഷേത്രം ഭാരവാഹികൾ ആദരിച്ചു. പ്രദേശത്തെ മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തുന്ന മന്ത്രി ചവാൻ സാമൂഹിക സാംസ്‌കാരിക പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്.
ജൂൺ 3 മുതല്‍ ജൂണ്‍ 10 വരെ ഏഴു ദിവസം നീണ്ട പ്രതിഷ്ടാദിന മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സപ്താഹദിവസങ്ങളില്‍ വൈകീട്ട് ഏഴുമണി മുതല്‍ വിവിധ കലാപരിപാടികൾ അരങ്ങേറിയിരുന്നു. ജൂൺ 8ന് രാഷ്ട്രഭാഷയിൽ അരങ്ങേറ്റം കുറിച്ച പൂതനാമോക്ഷം കഥകളി ചരിത്രമുഹൂർത്തമായിരുന്നു.