- രാജൻ കിണറ്റിങ്കര :::
ഓണപ്പൂക്കള മത്സരങ്ങളും ഓണാഘോഷങ്ങളും കർക്കടക മാസത്തിൽ തന്നെ തുടങ്ങിയ മുംബൈയോട് മഹാബലിക്ക് വല്ലാത്തൊരു സ്നേഹം തോന്നിയത് കൊണ്ടാവാം ഇത്തവണ ആദ്യം മുംബൈയിലെ പ്രജകളെ കാണാമെന്ന് എക്സ്-ചക്രവർത്തി കരുതിയത്. നേത്രാവതി ട്രെയിനിന്റെ സൈഡ് ലോവർ ബർത്തിൽ കിടന്നുറങ്ങി എൽ.ടി.ടി. യിൽ വന്നിറങ്ങിയ മഹാബലിയെ റിക്ഷക്കാർ പൊതിഞ്ഞു. കഹാ ജാനാ ഹൈ, കഹാ ജാനാ ഹൈ ? ഹിന്ദി അറിയാത്ത മഹാബലി കിലുക്കം സിനിമയിലെ ജഗതിയെപ്പോലെ ഭഗവാനെ, ഇവന്മാരോട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന രീതിയിൽ ദേഹത്തെ അഴിഞ്ഞു വീഴാറായ ചേലയും വാരിപൊക്കി നിന്ന് പരുങ്ങി. അപ്പോഴാണ് മഹാബലിയെ തിരിച്ചറിഞ്ഞ് ഒരു മലയാളി അടുത്തേക്ക് ഓടിയെത്തിയത്. മഹാബലിയെ കണ്ടതും അദ്ദേഹം അടുത്ത് നിർത്തി തോളോട് ചേർന്ന് നിന്ന് ഒരു സെൽഫി എടുത്ത് Mahabali with Me എന്ന് സ്റ്റാറ്റസാക്കി. സ്റ്റാറ്റസിൽ ലൈക്കുകളും കമന്റുകളും നോക്കി നിൽക്കുന്നതിനിടയിൽ മഹാബലിയെ റിക്ഷക്കാർ പിടിച്ചു വലിച്ച് റിക്ഷയിൽ കയറ്റിയത് മലയാളി മാന്യൻ കണ്ടില്ല. നേത്രാവതിയിലെ മെലിഞ്ഞ സൈഡ് ബെർത്തിൽ വയർ മുഴുവൻ പാസ്സേജിലേക്ക് വീണ് കിടന്ന് ഭക്ഷണം വിൽക്കുന്നവരുടെ തട്ടും മുട്ടും കൊണ്ട് ദേഹമാസകലം വേദനിച്ച് ട്രെയിനിറങ്ങിയ മഹാബലിക്ക് അഞ്ചുപേരെ ഇരുത്തി പോകുന്ന റിക്ഷയിലും അതേ അനുഭവമായിരുന്നു.
കുറച്ച് വയർ ചാടിയവരെ ഒക്കെ മഹാബലിയായി തെറ്റിദ്ധരിച്ചതാണ് ഇത്തരം വ്യാജവാർത്തയ്ക്ക് പുറകിൽ.
ഇതിനിടയിൽ കേരളത്തിൽ ഇന്നലെ വിമാനം ഇറങ്ങിയ മഹാബലിയെ കാണാനില്ലെന്ന വാർത്ത കാട്ടു തീ പോലെ പരന്നിരുന്നു. സി.സി. ടിവിയിൽ അവസാനമായി തെളിഞ്ഞത് തൃശൂർ കെ.എസ്.ആർ.ടി.സി യിൽ ഒരാളോട് സംസാരിച്ച് നിൽക്കുന്നതാണ്. മഹാബലിയുടെ കുട്ടിക്കാലത്തെ ഫോട്ടോ മുതൽ വാമനൻ ചവിട്ടി താഴ്ത്തുന്ന വരെയുള്ള വിവിധ ഫോട്ടോകൾ Missing തലക്കെട്ടോടെ സോഷ്യൽ മീഡിയകളിൽ ഒഴുകി. മുംബൈയിലെ സാമൂഹ്യ പ്രവർത്തകരും എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ജാഗരൂകരായി. സംശയമുള്ള പലരെയും ചോദ്യം ചെയ്തു വിട്ടയച്ചു. അതിനിടയിൽ വി.ടി. സ്റ്റേഷനിൽ മഹാബലിയെ കണ്ടുകിട്ടി എന്നൊരു വാർത്തയും പരന്നു സോഷ്യൽ മീഡിയയിൽ. പിന്നീട് അത് സ്റ്റേഷന് പുറത്ത് പഴം വിൽക്കുന്ന യു.പിക്കാരൻ ഭയ്യാ ആണെന്ന് തിരുത്തലും വന്നു. കുറച്ച് വയർ ചാടിയവരെ ഒക്കെ മഹാബലിയായി തെറ്റിദ്ധരിച്ചതാണ് ഇത്തരം വ്യാജവാർത്തയ്ക്ക് പുറകിൽ.
അതിനിടയിൽ തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നേത്രാവതിയിൽ കയറുന്ന ദൃശ്യം ആരോ പുറത്ത് വിട്ടതിനാൽ മുംബൈയിൽ അങ്ങോളമിങ്ങോളം തെരച്ചിൽ വ്യാപൃതമാക്കി. കുർളയിൽ റിക്ഷക്കാർ രണ്ടാളുടെ ചാർജ് വാങ്ങി ഇറക്കി വിട്ട മഹാബലി സ്റ്റേഷനിൽ കാത്ത് നിൽക്കാം എന്ന് പറഞ്ഞ മലയാളിയെ കാണാതെ വിവശനായി. മഹാബലിയുടെ ഔട്ട് ലുക്ക് കണ്ട് ഇതേതു ഗ്രഹത്തിൽ നിന്ന് എന്ന മട്ടിൽ ആളുകൾ നോക്കാനും ചിരിക്കാനും തുടങ്ങി, മഹാബലിക്ക് ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്നായി. തെരുവുപട്ടികൾ ഓടിച്ചാലും കേരളം തന്നെയായിരുന്നു ബെറ്റർ.
ജയന്തി ജനത ഉണ്ടായിരുന്ന കാലത്ത് തമാശക്ക് പറയും, ആർക്കോണം കഴിഞ്ഞാൽ എല്ലാവരും നായരാന്ന് !!
കുറേ നേരം അങ്ങനെ നിന്നപ്പോൾ ഒരാൾ ഓടിക്കിതച്ച് മഹാബലിയുടെ മുന്നിലെത്തി, സോറി, ഞാൻ കുറച്ച് വൈകിപ്പോയി. സാഹിത്യ ഉച്ചയിലെ കവി സംഗമത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ട് അൽപ്പം വൈകി. പരിപാടി കഴിഞ്ഞ് അവസാനമേ ഫോട്ടോ എടുക്കൂ, ഗ്രൂപ്പിൽ വിതറാൻ ഫോട്ടോ ഇല്ലെങ്കിൽ പിന്നെ എന്ത് കവിസമ്മേളനം. അതിനാലാണ് ഫോട്ടോ സെഷൻ വരെ കാത്ത് നിൽക്കേണ്ടി വന്നത്. സോറി, Mr മഹാബലി.
സാഹിത്യ ഉച്ചയോ? അതെന്താ?
പുതിയ സഘടനയാ , സാഹിത്യ സന്ധ്യ, സായാഹ്നം , രാവ്, വേദി ഒക്കെ ഓരോരുത്തർ നേരത്തെ ഉപയോഗിച്ചപ്പോൾ ഇടാൻ വേറെ പേരില്ല, അതാ ഉച്ച എന്നിട്ടത്.
താങ്കൾ കവി ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സഹായത്തിന് വേറെ ആരെയെങ്കിലും അന്വേഷിക്കുമായിരുന്നു. മഹാബലി പറഞ്ഞു, എനിക്കിവിടെ ഭാഷയും വഴിയും അറിയാതെ വല്ലാതെ കുഴങ്ങി ഞാൻ, മഹാബലി പറഞ്ഞു.
കവി ആയാൽ എന്താ കുഴപ്പം, അൽപ്പം വൈകീ എന്നല്ലേ ഉള്ളൂ. ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഞാൻ നോക്കിക്കൊള്ളാം. വഴികാട്ടി ചക്രവർത്തിക്ക് മുന്നിൽ വിനയാന്വിതനായി.
അതല്ല, ഇവിടെ എല്ലാ ദിവസവും സാഹിത്യ സമ്മേളനങ്ങളും കവി അരങ്ങുകളും ഒക്കെ ആണെന്ന് അങ്ങ് പാതാളത്തിൽ വരെ പാട്ടാണ്. അതിലൊക്കെ ആയിരങ്ങൾ പങ്കെടുക്കാറുണ്ട് എന്നും കേട്ടിരുന്നു.
ആയിരങ്ങളോ ?, ഞാൻ 20 കൊല്ലമായി ഈ പരിപാടികളിൽ വിശ്രമമില്ലാതെ ഓടിനടക്കുന്നു. എല്ലാ പ്രോഗ്രാമിലെയും ആളുകളെ കണക്കു കൂട്ടിയാലും ആയിരം പേർ തികയില്ല.
പണ്ട് ജയന്തി ജനത ഉണ്ടായിരുന്ന കാലത്ത് തമാശക്ക് പറയും, ആർക്കോണം കഴിഞ്ഞാൽ പിന്നെ എല്ലാവരും നായരാ എന്ന്, അത് കൊങ്കൺ വന്നപ്പോൾ ഇപ്പോൾ മംഗലാപുരം കഴിഞ്ഞാൽ പിന്നെ എല്ലാവരും കവികളാ എന്നായിരിക്കുന്നു. അങ്ങനെ കവി ആയ ഒരാളാണ് ഞാനും. ഇപ്പോൾ സീനിയോറിറ്റി ആയി, സദസ്സിലൊക്കെ മുൻനിരയിൽ ഇരിക്കാൻ സീറ്റ് കിട്ടും.
കവിയും സാഹിത്യവും വിട്ട് കാര്യത്തിലേക്ക് കടക്കാം, എവിടേക്കാണ് നമ്മുടെ ആദ്യയാത്ര ?
നമുക്ക് ആദ്യം താനെ ഒരു പൂക്കള മത്സരം ഉത്ഘാടനം ചെയ്യാനുണ്ട്. വഴികാട്ടി പറഞ്ഞു.
താനേ അല്ലാതെ കൂട്ടം ചേർന്നാണോ ഉത്ഘാടനം ? മഹാബലി ചോദിച്ചു.
താനെ എന്നത് ഒരു സ്ഥലമാണ്, അവിടെ വലിയ വലിയ മലയാളികളൊക്കെ താമസിക്കുന്ന സ്ഥലമാണ്. ഗൈഡ് പറഞ്ഞു. പായസം കൂട്ടിയുള്ള ലഞ്ചും ഉണ്ടാകും.
നാലു മണിക്കൂർ വൈകി ഓടുന്ന നേത്രാവതിക്ക് ഇനി എപ്പോഴാ ഉച്ചഭക്ഷണം കഴിക്കുക. മാവേലി ചോദിച്ചു.
ഇവിടെ മുംബൈയിൽ അങ്ങനെ ഒന്നും ഇല്ല, ഭക്ഷണം അതെപ്പോഴായാലും ലഞ്ച് ആണ്, ലഘു ഭക്ഷണം എപ്പോൾ കഴിച്ചാലും ബ്രേക്‌ഫാസ്റ്റ് ആണ്.
താങ്കളെന്താ ഇടയ്ക്കിടെ മൊബൈലിൽ കുറിച്ചിടുന്നത് ? ഇതുപോലെ ഒരാൾ മൊബൈലിൽ നോക്കി നിന്നിട്ടാ എന്നെ എൽ.ടി.ടി. സ്റ്റേഷനിൽ റിക്ഷക്കാർ പിടിച്ചു കൊണ്ടുപോയത്.
ഹേയ്, അദ്യായല്ലേ മഹാബലി കർക്കടകത്തിൽ മുംബൈയിൽ വരുന്നത്, അതിനെക്കുറിച്ചു ചില വരികൾ മൊബൈലിൽ കുറിച്ചിടാ.
കവിതയാണോ ? മഹാബലിക്ക് സംശയം.
അങ്ങനെ ഒന്നും ഇല്ല, കവിത ഇഷ്ടമുള്ളവർക്ക് കവിതയാക്കാം. , കഥ ഇഷ്ടമുള്ളവർക്ക് അത് കഥ പോലെ വായിക്കാം, ഇനി ലേഖനം വേണ്ടവർക്ക് അതിനുള്ള വകുപ്പും എഴുത്തിലുണ്ട്, ഞങ്ങൾ മുംബൈ കവികൾ നാനാത്വത്തിൽ ഏകത്വം എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരാണ്.
മഹാബലി കേരളത്തിൽ നിന്ന് മിസ്സിംഗ് ആണെന്ന് പറഞ്ഞ് വാട്‍സ് ആപ്പ് ഗ്രൂപ്പുകളിലൊക്കെ വലിയ അന്വേഷണം നടക്കുന്നുണ്ട്.
അവരെന്തിനാ അന്വേഷിക്കുന്നത്, അവർക്ക് ഞാൻ ഓണത്തിന് അവിടെ എത്തിയാൽ പോരെ ? മഹാബലി ചോദിച്ചു.
അതല്ല, കേരളത്തിൽ മിസ്സിംഗ് കേസുകൾ വല്ലാതെ കൂടിയിരിക്കുന്നു. ഗൈഡ് പറഞ്ഞു.
ഭർത്താവിന്റെ കാമുകി, ഭാര്യയുടെ ആൺ സുഹൃത്ത്, അച്ഛന്റെ ഭാര്യ, അമ്മയുടെ ഭർത്താവ് ഇങ്ങനെയൊക്കെ വിചിത്രമായ ബന്ധങ്ങളാണ് നാട്ടിൽ, അതുകൊണ്ട് ആരെയും ഇപ്പോൾ സംശയത്തോടെയാണ് ആളുകൾ നോക്കുന്നത്.
ഏതായാലും നേരം കുറെ ആയി, ഇനി ഇപ്പോൾ പൂക്കളം ഉത്ഘാടനം ഒന്നും നടക്കില്ല, മഹാബലി പറഞ്ഞു.
എങ്കിൽ നമുക്കൊന്ന് കൂടാം, എന്നിട്ട് വീട്ടിൽ പോകാം. എന്തെ ?
കൂടാനോ ? എങ്ങോട്ട് കൂടാൻ ? മഹാബലിക്ക് ഒന്നും മനസ്സിലായില്ല.
ഓ, കേരളത്തിൽ നിന്ന് വന്നിട്ട് ഒന്നും അറിയാത്തപോലെ, ഇങ്ങള് അങ്ങോട്ട് നടന്നേ, മലയാളി മഹാബലിയെ പിടിച്ച് സ്റ്റേഷന് പുറത്തേക്ക് നടന്നു.
രാജൻ കിണറ്റിങ്കര

