ശബരിമല സ്വർണ്ണ കൊള്ളയുമായി ഒരു സംശയം മനസ്സിലങ്ങനെ കിടക്കുന്നത് കാരണമാണ് ഞാൻ ഇന്നലെ രാത്രി വീണ്ടും ഗുരുവായൂർ നടയിലെത്തിയത്. വ്യശ്ചിക കുളിരേറ്റ് മയങ്ങുന്ന ക്ഷേത്രാങ്കണം , നടവഴികളിൽ ചിതറി വീണ ആലിലകൾ. ആകാശത്ത് പൊട്ടു പോലെ ചന്ദ്രബിംബം. പകൽ ഉതിർന്ന നാരായണ മന്ത്രങ്ങളുടെ അലകൾ അപ്പോഴുമുണ്ട് ചുറ്റിലും . തലയും ചെവിയും മൂടിയ മഫ്ളർ കെട്ടി ചില സെക്യൂരിറ്റി ജീവനക്കാർ കോട്ടുവായിട്ട് കൊണ്ട് നടക്കുന്നു. കണ്ണൻ മാത്രം അദൃശ്യനായി എവിടെയോ മറഞ്ഞിരിക്കുന്നു.
വരും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് മുന്നിലെ ആളൊഴിഞ്ഞ ഒരു തിണ്ണയിൽ ഓരോന്നോർത്തിരിക്കുമ്പോൾ മുന്നിൽ അതാ പുഞ്ചിരിച്ചു കൊണ്ട് കണ്ണൻ. എന്തോ ഒരു സന്ദേഹം മനസ്സിലുണ്ടല്ലോ, എന്നെ കണ്ടതും കണ്ണൻ ചോദിച്ചു. ഉണ്ട്, അതാണല്ലോ ഈ രാത്രി വന്നതും, ഞാൻ പറഞ്ഞു.
എന്താണ് അറിയേണ്ടത്, ചോദിക്കൂ, കണ്ണൻ ആവശ്യപ്പെട്ടു
ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ?
ഞാൻ സത്യമേ പറയൂ, പക്ഷെ അതിലൊരു ചെറിയ നുണ ഉണ്ടായിരിക്കും എന്ന് മാത്രം , ഭഗവാൻ പറഞ്ഞു.
അതെന്തിനാണ് സത്യത്തിനിടയിലൊരു കള്ളം, ഇതെന്താ ആയുർവേദ കഷായമാണോ, മേമ്പൊടി ചേർക്കാൻ, ഞാൻ ചോദിച്ചു.
കള്ളം ഉള്ളതുകൊണ്ടല്ലേ സത്യത്തെ നമ്മൾ തിരിച്ചറിയുന്നത്, ഇരുട്ടില്ലെങ്കിൽ വെളിച്ചമെന്താണെന്ന് ആർക്കെങ്കിലും അറിയുമോ? കയ്പനുഭവിക്കുമ്പോഴല്ലേ മധുരത്തിൻ്റെ മാധുര്യം അറിയുന്നത്, ഭഗവാൻ തത്വജ്ഞാനം പറഞ്ഞു.
അതേയ്, ഞാനൊരു കാര്യം ചോദിക്കാനാ വന്നത്, അത് ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു സംശയമാണ്, ഞാൻ പറഞ്ഞു.
ഈ സ്വർണ്ണക്കൊള്ള എന്ന പ്രയോഗം തന്നെ തെറ്റാണ്, ഭഗവാൻ പറഞ്ഞു. ആരെങ്കിലും ബലം പ്രയോഗിച്ചോ അറിയാതെയോ മോഷ്ടിക്കുന്നതാണ് കൊള്ള. ഇത് അവിടെ നിന്ന് ഉത്തരവാദപ്പെട്ടവരുടെ സമ്മതത്തോടെ സ്വർണ്ണമോ മറ്റെന്തെങ്കിലുമോ കൊണ്ടുപോയാൽ അതിനെ എങ്ങനെ സ്വർണ്ണക്കൊള്ള എന്ന് പറയും .
അതൊന്നും എനിക്കറിയില്ല, ചാനലുകാർ പറയണത് സ്വർണ്ണക്കൊള്ള എന്നാ, അത് ഞാനും ഏറ്റുപറഞ്ഞു അത്രയേ ഉള്ളു. ന്യൂസ് ചാനലുകളാണ് മലയാളിയുടെ മാർഗ്ഗദർശി , ഞാൻ വ്യക്തമാക്കി.
ശരി നിൻ്റെ സംശയമെന്താണെന്ന് പറയൂ.
ഈ ശബരിമല പ്രശ്നത്തിൽ അറസ്റ്റിലായവരുടെ പേരുകളൊക്കെ ഭഗവാനുമായി ബന്ധപ്പെട്ടതാണല്ലോ, മുരാരി , ഉണ്ണികൃഷ്ണൻ, വാസു, പത്മകുമാർ എല്ലാം ദേവനാമങ്ങൾ. ഞാൻ പറഞ്ഞു.
പേരിലാണോ ഒരാളുടെ വ്യക്തിത്വവും സ്വഭാവവും സംസ്കാരവും കുടികൊള്ളുന്നത്, ഭഗവാൻ ചോദിച്ചു.
എന്നാലും ആ പേരിനോടൊരു ബഹുമാനം സ്വയം കാണിക്കണ്ടേ, ഞാൻ സംശയം ചോദിച്ചു.
നിൻ്റെ പേര് രാജൻ എന്നായിട്ട് നീ ഏത് രാജ്യമാണ് ഭരിക്കുന്നത്? ആരോടാണ് രാജാവിനെപ്പോലെ ആജ്ഞാപിച്ചിട്ടുള്ളത്?
രാജൻ ആയിട്ടാണോ മുംബൈയിലെ ട്രെയിനിലെ വാതിലിൽ തൂങ്ങി യാത്ര ചെയ്യുന്നത്. ഭഗവാൻ മറുചോദ്യം കൊണ്ട് എന്നെ തോൽപ്പിച്ചു കളഞ്ഞു.
അത് പോട്ടെ, ഞാനൊരു പൊട്ട ചോദ്യം ചോദിച്ചതായി കരുതിയാൽ മതി. ഈ അറസ്റ്റ് ചെയ്യപ്പെട്ടവർക്കൊക്കെ എന്ത് സംഭവിക്കും, ഭഗവാനറിയോ?
എന്ത് സംഭവിക്കാൻ, മോഷണത്തിന് രാജ്യത്ത് വധശിക്ഷയൊന്നും കിട്ടില്ല. തടവ് ശിക്ഷ കിട്ടിയാലും കേരളത്തിലെ ജയിലുകൾ മാതൃകാ ജയിലുകളല്ലേ. പിനെന്താ പ്രശ്നം? ഭഗവാൻ പറഞ്ഞു.
എന്താണ് മാതൃകാ ജയിലുകൾ ? ഞാൻ ചോദിച്ചു.
മാതൃ എന്നാൽ മാതാവ്, അതായത് അമ്മ . നമ്മുടെയൊക്കെ അമ്മമാർ എവിടെയാണ് ഉണ്ടാകുക, സ്വന്തം വീട്ടിൽ . അല്ലേ. ? അപ്പോൾ സ്വന്തം വീട്ടിൽ കഴിയുന്ന പോലെ ജയിലിൽ കഴിയാം എന്നർത്ഥം. ഭഗവാൻ പുതിയ നിർവ്വചനം പകർന്നു തന്നു.
ആട്ടെ, ഇവിടെ ഈ ഗുരുവായൂരിൽ എന്തൊക്കെ തങ്കമാണ്, എന്തൊക്കെ ചെമ്പാണ് എന്ന് കണ്ണന് വല്ല നിശ്ചയവുമുണ്ടോ? വെറുതെ ഇങ്ങനെ കളിച്ചോണ്ട് നടക്കാതെ അതിൻ്റെയൊക്കെ ഒരു കണക്കെടുത്തുകൂടെ? ഞാൻ ചോദിച്ചു.
ഇവിടെ എൻ്റെ മുന്നിൽ വന്ന് കൈ കൂപ്പുന്നവരുടെ മനസ്സേ ഞാൻ നോക്കാറുള്ളു,, അതിൽ ഏതാണ് തങ്കം, ഏതാണ് ചെമ്പെന്ന് എനിക്ക് തിരിച്ചറിയാം.
ഇത്രയും പറഞ്ഞ് വിജനമായ രാത്രിയുടെ നിശ്ശബ്ദതയിൽ പാരിൻ്റെ സംഗീതം മുളന്തണ്ടിൽ ആവാഹിച്ച് താനെ തുറന്ന ഗോപുര വാതിലിലൂടെ കണ്ണൻ കാൽത്തളനാദം ഉതിർത്ത് ശ്രീകോവിലിന് മുന്നിൽ അദൃശ്യനായി.
കെട്ടഴിച്ച ചോദ്യങ്ങളുടെ ഉത്തരക്കടലാസിൽ മുന പൊട്ടിയൊരു ചോക്കു പെൻസിലുമായി തിരുനടയിൽ ഞാൻ ഏകനായി നിന്നു, വൃശ്ചിക കാറ്റിൽ മയിൽപ്പീലി ചന്തം പോലെ പറന്നു വന്നൊരു ആലില എൻ്റെ മുഖത്തെ തഴുകി കടന്നുപോയി.
- രാജൻ കിണറ്റിങ്കര

