More
    HomeArticleഇൻ്റർവ്യൂ കാലം (നർമ്മം)

    ഇൻ്റർവ്യൂ കാലം (നർമ്മം)

    Published on

    • രാജൻ കിണറ്റിങ്കര  | മുംബൈ

    ബോംബെയിൽ വന്ന ആദ്യകാലത്ത് ഇൻ്റർവ്യൂവിന് നടക്കുക എന്നതായിരുന്നു സ്ഥിരം പണി, കൊറിയർ കമ്പനി മുതൽ ഫൈവ് സ്റ്റാർ ഹോട്ടൽ വരെ യാതൊരു ചമ്മലുമില്ലാതെ അഹങ്കാരത്തോടെ കയറിയിറങ്ങിയിട്ടുണ്ട്. എൻ്റെ പാദസ്പർശമേറ്റ് ധന്യമായ ഒരു പാട് ഓഫീസുകൾ ഉണ്ട് മുംബൈയിൽ (അതിൽ പലതും പിന്നീട് പൂട്ടിപ്പോയി എന്ന് ഒരപശ്രുതി കേൾക്കാനുണ്ട്)

    ഇൻ്റർവ്യൂവിന് എങ്ങനെ പോകണം എന്നോ എങ്ങനെ മറുപടി പറയണം എന്നോ അറിയില്ല. അവിചാരിതമായ ചോദ്യങ്ങൾ ഉണ്ടാവും എന്ന് എവിടെയോ വായിച്ചിട്ടുള്ളതിനാൽ ഓഫീസിലെ കോണിപ്പടികളുടെ എണ്ണവും വന്ന റിക്ഷയുടെ നമ്പറും എല്ലാം ഓർത്തുവയ്ക്കുമായിരുന്നു.

    പണ്ട് നാട്ടിൽ വച്ച് തൃശൂരിലെ ഒല്ലൂരിലുള്ള ഒരു കമ്പനിയിൽ ഇൻ്റർവ്യുവിന് പോയിരുന്നു. ഓഫീസ് പോലുമില്ലാത്ത കമ്പനിയിൽ 500 രൂപ ശമ്പളത്തിന് ഇൻ്റർവ്യുവിന് വന്നിരിക്കുന്നത് 300 ൽ അധികം പേരായിരുന്നു. 100 രൂപയുടെ പോസ്റ്റൽ ഓർഡർ അപേക്ഷയോടൊപ്പം അയക്കണമായിരുന്നു. ഈ 300 പേരിൽ നിന്ന് കിട്ടിയ മുപ്പതിനായിരം രൂപയാണ് കമ്പനിയുടെ മൂലധനം എന്ന് തോന്നി.

    പക്ഷെ, ഇത് ബോംബെ ആണ് , ഇവിടെ ഉദ്യോഗാർത്ഥികളേക്കാൾ കൂടുതലാണ് ഉദ്യോഗങ്ങൾ, അത് കൊണ്ട് ജോലി ഒരു പ്രശ്നമല്ല എന്ന് കേട്ടിട്ടുണ്ട്. പോരാത്തതിന് ബോംബെയിൽ അന്ന് IAS നേക്കാൾ വിലയുള്ള ടൈപ്പ് റൈറ്റിംങ്ങ് ഷോർട്ട് ഹാൻ്റ് പാസായ സർട്ടിഫിക്കറ്റുമുണ്ടല്ലോ എൻ്റെ കൈയിൽ. ബോംബെയിൽ സ്റ്റെനോ ടൈപ്പിസ്റ്റ് ആയി ജോലി ചെയ്യുന്നവരാരും എക്സാം പാസായവരല്ല. അതിനിടയിലാണ് ചുളിവ് വീഴാത്ത ഷോർട്ട് ഹൻ്റ് ലോവറും ടൈപ്പ്റൈറ്റിംഗ് ഹയറും പാസായ സർട്ടിഫിക്കറ്റുമായി എൻ്റെ വിളയാട്ടം.

    പക്ഷെ, എൻ്റെ ഈ ആത്മവിശ്വാസമൊന്നും ഇൻ്റർവ്യൂ എടുക്കുന്നവർക്ക് ഉണ്ടായിരുന്നില്ല. ഏത് ഓഫീസിൽ ഇൻ്റർവ്യൂവിന് പോയാലും അവർ ഇരിക്കാൻ പറയും മുന്നേ ഞാൻ സർട്ടിഫിക്കറ്റ് എടുത്ത് നീട്ടും. അവരത് തുറന്നു പോലും നോക്കാതെ സൈഡിൽ വക്കും. അവർക്കറിയില്ലല്ലോ കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ ടൈപ് റൈറ്റിംഗ് പരീക്ഷക്ക് സ്റ്റാർട്ട് ചെയ്യാനുള്ള വിസിൽ മുഴങ്ങിയപ്പോൾ മുന്നിലെ റെമിംഗ്ടൺ മെഷീനേക്കാൾ വേഗത്തിൽ മിടിച്ച എൻ്റെ ഹൃദയതാളം.

    ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് എൺപതുകളിലെ മലയാളിയുടെ ഐഎഎസ് സർട്ടിഫിക്കറ്റുമായി എൻ്റെ പോക്ക്.

    എവിടെ പോയാലും പേര് പോലും ആർക്കും അറിയണ്ട, ടേയ്ക്ക് എ ഡിക്റ്റേഷൻ എന്ന് പറഞ്ഞ് അവർ വായന തുടങ്ങും. A Consonant is the result of sudible friction or stopping of the breath in some part of the mouth or throat എന്ന് കൂടല്ലൂരിലെ ടൈപ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോർട്ട് ഹൻ്റ് ടീച്ചർ പലതവണ ഇംപോസിഷൻ എഴുതിച്ച് ഞെക്കിപഠിപ്പിച്ച ഒരു ഇംഗ്ലീഷ് വാചകം മാത്രമുണ്ട് പാരമ്പര്യ സ്വത്തായി അവകാശപ്പെടാൻ. അങ്ങനെയുള്ള ആളുടെ മുന്നിലേക്കാണ് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്പ്രസും അണപൊട്ടി ഒഴുകുന്നത്. അവർ വായന നിർത്തുമ്പോഴും ഞാൻ ആദ്യ വാക്കിനെ മിനുക്കി കൊണ്ടിരിക്കുകയായിരിക്കും.

    അവസാനം ഡിക്റ്റേഷൻ എടുത്തത് ഞാൻ ടൈപ് ചെയ്തത് കണ്ട് മുംബൈയിലെ പല കമ്പനി മുതലാളിമാർക്കും ബോധക്ഷയം ഉണ്ടായിട്ടുണ്ട്, ചിലരൊക്കെ പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിച്ച് വലിയ വലിയ നിലകളിൽ എത്തിയിട്ടുണ്ട്.

    അങനെ മഹാനഗരത്തിന് പുതിയ വാക്കുകളും അർത്ഥങ്ങളും പകർന്ന് ഒരു ശശി തരൂരായി വിലസുമ്പോഴാണ് കൊളാബയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഒരു ഇൻ്റർവ്യു ലെറ്റർ കിട്ടുന്നത്. വിദേശികളൊക്കെ വരുന്ന ഹോട്ടലാണ്, എൻ്റെ ഇംഗ്ലീഷ് പ്രാഗൽഭ്യം അറിഞ്ഞ് അവരെന്നെ വിളിച്ചതാണെന്ന് കരുതി ഞാൻ.

    ഒരു പേനയില്ലാത്തത് മുംബൈയിൽ ഇത്രവലിയ കുറ്റമാണെന്ന് എനിക്ക് അറിയില്ലായിരുന്നു!!

    കൊളാബ എന്ന് കേട്ടതും ഒരു കോൾമയിർ., താജ് ഹോട്ടൽ, പ്രസിഡൻ്റ് ഹോട്ടൽ, വിദേശ കൗൺസിലേറ്റുകൾ, ഓരം ചേർന്ന് ഒഴുകുന്ന അറബിക്കടൽ. അവിടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്കാണ് എൺപതുകളിലെ മലയാളിയുടെ ഐഎഎസ് സർട്ടിഫിക്കറ്റുമായി എൻ്റെ പോക്ക്.

    ട്രെയിനും ബസും കയറിയുള്ള എൻ്റെ യാത്രയിൽ കൈയിലുള്ള പെൻ എവിടെയോ നഷ്ടപ്പെട്ടു. എന്നാലും സർട്ടിഫിക്കറ്റുകൾ കൈയിലെ പ്ലാസ്റ്റിക് കവറിനുള്ളിൽ ഭദ്രമായിരുന്നു. ഹോട്ടലിൻ്റെ ലോബിയിലേക്ക് കടന്നതും എസി യുടെ കുളിർമ്മ . ആദ്യമായാണ് എ സി തണുപ്പ് അനുഭവിക്കുന്നത്, വല്ലാത്ത ഒരു കുളിർ. സാരമില്ല, നാളെ മുതൽ ഈ തണുപ്പ് സ്ഥിരമായി അനുഭവിക്കേണ്ടവനല്ലേ നീ, ശീലമായിക്കൊള്ളും മനസ്സ് പറഞ്ഞു.

    റിസപ്ഷനിൽ ഇരുന്ന് തണുപ്പ് നുകരാനൊന്നും സമയമുണ്ടായില്ല, അതിന് മുന്നെ പ്യൂൺ വന്ന് പറഞ്ഞു, “ആപ്കോ ബുലാ രഹാ ഹൈ ” . അഞ്ചാം ക്ലാസിൽ ഹിന്ദി ടീച്ചർ പറഞ്ഞു തന്നത് ഓർമ്മ വന്നു “ആപ് എന്ന് സംബോധന ചെയ്യുന്നത് ബഹുമാനസൂചകമായാണ് “. കൊള്ളാമല്ലോ, ഇവർ എന്നെക്കുറിച്ച് കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു, അതാണീ ബഹുമാനം. അഹങ്കാരം ഒട്ടും പുറമെ കാട്ടാതെ ഞാൻ പ്യൂണിനോടൊപ്പം ഒരു റൂമിലേക്ക് നടന്നു. വിശാലമായ ഒരു മുറി, നടുവിൽ അതിലും വലുപ്പമുള്ള ഒരു തടിമേശ. മേശമേൽ കുറെ പത്രങ്ങൾ ചിതറി കിടക്കുന്നു. അതിന് മുന്നിലെ ആടുന്ന കസേരയിൽ കോട്ടും ടൈയുമിട്ട് ഒരാൾ . എ സിയുടെ തണുപ്പൊന്നും അയാളുടെ മുഖത്തില്ല. മുന്നിലെ പെൻ ഹോൾഡറിൽ ഒരു 25 പെന്നെങ്കിലും കുത്തി വച്ചിട്ടുണ്ട്. ചിലർക്ക് കാറുകളോട് ഹരമുള്ള പോലെ ഇയാൾക്ക് പെന്നിനോടാവും ഹരം, ഞാൻ മനസ്സിൽ പറഞ്ഞു.

    പതിവു തെറ്റിക്കാതെ ഞാൻ സർട്ടിഫിക്കറ്റുകൾ അയാളുടെ മുന്നിലേക്കിട്ടു, അയാളത് നോക്കാതെ അതിലും വേഗത്തിൽ എൻ്റെ മുന്നിലേക്കെറിഞ്ഞു. പിന്നെ, ഒരു ഇംഗ്ലീഷ് പത്രമെടുത്തു, ഒരു വെള്ള പേപ്പർ എൻ്റെ നേരെ നീട്ടി ആജ്ഞാപിച്ചു “ടേയ്ക്ക് എ ഡിക്റ്റേഷൻ “

    എൻ്റെ പേന വഴിയിൽ വീണു പോയ കാര്യം ഞാനോർത്തു. ഞാൻ അയാളുടെ മുന്നിൽ നിരന്നിരിക്കുന്ന പെൻ കൂട്ടങ്ങളിലേക്ക് പ്രതീക്ഷയോടെ ദയനീയമായി നോക്കി. ഒരു പെൻ കിട്ടിയിരുന്നെങ്കിൽ എന്ന് വൃഥാ മോഹിച്ചു. ഞാൻ എഴുതാതെ ഇരിക്കുന്നത് കണ്ട് അയാൾ ചോദിച്ചു, ക്യാഹുവാ? അയാൾ ചോദിച്ചത് ഹിന്ദിയിലാണെങ്കിലും നമ്മൾ നിലവാരം കുറയ്ക്കാൻ പാടില്ലല്ലോ, അതിനാൽ ഞാൻ പറഞ്ഞു No Pen.

    ഇത് കേട്ടതും അയാളുടെ ഭാവം മാറി, എന്തൊക്കെയോ ഇംഗ്ലീഷിലും ഹിന്ദിയിലും ഒച്ചയെടുത്ത് പറയുന്നുണ്ട്. അവസാനം പറഞ്ഞ ഗോ ഔട്ട് മാത്രം എനിക്ക് മനസ്സിലായി. ഒരു പേനയില്ലാത്തത് മുംബൈയിൽ ഇത്രവലിയ കുറ്റമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അതിനാൽ പോകുന്ന വഴിയിൽ ഞാൻ ഫുട്പാത്തിൽ നിന്ന് 50 പൈസയുടെ 5 പെന്നുകൾ വാങ്ങി പോക്കറ്റിൽ കുത്തി .

    എന്നാലും മുന്നിൽ ഇത്രയും പേനകൾ വച്ച് ഉള്ളവൻ ഇല്ലാത്തവനു കൊടുക്കണമെന്ന സാദാ ബൈബിൾ വചനം പോലുമറിയാത്ത ഇയാളാണോ ഒരു ഓഫീസിൻ്റെ ഹെഡ് ? ശ്ശെ, നന്നായി ഇവിടെ ജോലി കിട്ടാത്തത്. ഞാൻ അടുത്ത ഇൻ്റർവ്യു ലെറ്ററിലെ വിലാസം നോക്കി ഹോട്ടലിന് പുറത്തിറങ്ങി.

    രാജൻ കിണറ്റിങ്കര (+91 73049 70326)

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഏഷ്യയിലെ മുൻനിര ട്രാവൽ ട്രേഡ് ഷോ ഒടിഎം ഫെബ്രുവരി 5 മുതൽ 7 വരെ മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ

    മുംബൈ:ഇന്ത്യയിലെയും ഏഷ്യയിലെയും മുൻനിര ട്രാവൽ ട്രേഡ് ഷോ എന്ന പദവി രണ്ടാം വർഷവും സ്വന്തമാക്കിയ ഒടിഎം മുംബൈ (OTM...

    കേരളീയ സമാജം നാഗ്‌പൂർ 70-ാം വാർഷികവും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും വർണാഭമായി

    നാഗ്‌പൂർ :കേരളീയ സമാജം നാഗ്പൂർ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും സമാജത്തിന്റെ എഴുപതാം വാർഷികവും അതിവിപുലമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ...

    കൈരളി വൃന്ദാവൻ വാർഷികാഘോഷം ഫെബ്രുവരി 8ന്

    താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ഫെബ്രുവരി 8ന് ഞായറാഴ്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. താനെ ശ്രീരംഗ് സ്‌കൂൾ...

    മുംബൈ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചു

    മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ച സംഭവം ഉണ്ടായത്....
    spot_img

    More like this

    ഏഷ്യയിലെ മുൻനിര ട്രാവൽ ട്രേഡ് ഷോ ഒടിഎം ഫെബ്രുവരി 5 മുതൽ 7 വരെ മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ

    മുംബൈ:ഇന്ത്യയിലെയും ഏഷ്യയിലെയും മുൻനിര ട്രാവൽ ട്രേഡ് ഷോ എന്ന പദവി രണ്ടാം വർഷവും സ്വന്തമാക്കിയ ഒടിഎം മുംബൈ (OTM...

    കേരളീയ സമാജം നാഗ്‌പൂർ 70-ാം വാർഷികവും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും വർണാഭമായി

    നാഗ്‌പൂർ :കേരളീയ സമാജം നാഗ്പൂർ ക്രിസ്മസ്–ന്യൂ ഇയർ ആഘോഷവും സമാജത്തിന്റെ എഴുപതാം വാർഷികവും അതിവിപുലമായി സംഘടിപ്പിച്ചു. സമാജം ഹാളിൽ...

    കൈരളി വൃന്ദാവൻ വാർഷികാഘോഷം ഫെബ്രുവരി 8ന്

    താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ വാർഷികാഘോഷം ഫെബ്രുവരി 8ന് ഞായറാഴ്ച വിവിധ പരിപാടികളോടെ കൊണ്ടാടുന്നതാണ്. താനെ ശ്രീരംഗ് സ്‌കൂൾ...