- രാജൻ കിണറ്റിങ്കര :::::::
ട്രംപ് ഇന്ത്യ സന്ദർശിക്കുന്നു എന്ന് പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം ട്രംപിനെ കൊണ്ട് ചെയ്യിച്ചാലോ എന്ന് ഞാൻ ആലോചിച്ചത്. അതൊരു തരക്കേടില്ലാത്ത കാര്യമാണെന്ന് എന്റെ രചനകൾ വായിക്കാതെ ലൈക്കടിക്കുന്ന ചില ആളുകൾ പറഞ്ഞപ്പോൾ ഞാൻ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. ട്രമ്പിനും ഒരു പക്ഷെ അത് സന്തോഷമുള്ള കാര്യമായിരിക്കും, യുദ്ധങ്ങൾ പലത് ഉത്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും ഒരു പുസ്തകത്തിന്റെ പ്രകാശനം അദ്ദേഹം നടത്തുന്നത് ആദ്യമായിട്ടായിരിക്കും. ട്രംപിനെകൊണ്ട് പ്രകാശനം ചെയ്യിക്കേണ്ടതിന്റെ ഭാഗമായി ഞാൻ പുസ്തകത്തിന്റെ കവർ ചിത്രം മാറ്റി അവിടെ നാല് മിസൈലിനും കുറച്ച് ബോംബുകൾക്കും ഇടയിൽ ഇരുന്ന് ഭയമില്ലാതെ ഒരു കഷ്ണം റൊട്ടി തിന്നുന്ന ഒരു കുട്ടിയുടെ ചിത്രമാക്കി. വിശക്കുന്നവന് നാലുപാടും എന്താണ് നടക്കുന്നത് എന്നറിയില്ലല്ലോ, അറിയുകയും വേണ്ട. അതായിരുന്നു കവർ ചിത്രംകൊണ്ട് ഉദ്ദേശിച്ചത്. പക്ഷെ ട്രംപ് കുട്ടിയെ ഒന്നും ശ്രദ്ധിക്കാൻ പോണില്ല, അദ്ദേഹം മിസൈലും ബോംബും കണ്ടു എഴുത്തുകാരൻ ഞമ്മടെ ആളാണെന്ന് കരുതി സന്തോഷിച്ചോളും എന്നെനിക്ക് അറിയാമായിരുന്നു.
ട്രംപോക്കെ വരുമ്പോൾ തന്റെ പ്രോഗ്രാമിന്റെ ഷെഡ്യൂൾ മാസങ്ങൾക്ക് മുന്നേ തീരുമാനിച്ചിട്ടുണ്ടാകും. അല്ലറ ചില്ലറ ആലിംഗനങ്ങളും, മൈ ഫ്രണ്ട്, ഹാൻഡ്‌സം പ്രയോഗങ്ങൾ ഒഴികെ നിശ്ചയിച്ച പരിപാടിയിൽ നിന്ന് അണുകിട മാറി ഒരു പ്രോഗ്രാമും അദ്ദേഹം അറ്റൻഡ് ചെയ്യില്ല എന്ന് കേട്ടിട്ടുണ്ടായിരുന്നു. അപ്പോൾ എങ്ങനെ, ഈ പുസ്തകത്തിന്റെ പ്രകാശനം അദ്ദേഹത്തിന്റെ പ്രോഗ്രാം ചാർട്ടിൽ എഴുതിച്ചേർക്കും എന്നതായി എന്റെ ആവലാതി. പുസ്തക പ്രകാശനത്തിന്റെ കാര്യം ഫെയ്‌സ്ബുക്കിൽ ഇട്ട് ട്രംപിനെ ടാഗ് ചെയ്യാം എന്ന് കരുതിയപ്പോൾ ഒരുപാട് ട്രംപുമാർ ഉണ്ട് ഫെയ്‌സ്ബുക്കിൽ. ഇതിൽ ഏതാണ് ഒറിജിനൽ ട്രംപ് എന്ന് എങ്ങനെ അറിയാം. അങ്ങനെ പരതി നടക്കുമ്പോൾ ഒരു ട്രംപിന്റെ സ്റ്റാറ്റസിൽ വാർ ഈസ് പീസ് എന്ന് എഴുതിയിട്ടുണ്ട്. യുദ്ധം സമാധാനം ആകണമെങ്കിൽ ഇത് അമേരിക്കൻ ട്രംപ് തന്നെ, ഞാൻ ഊഹിച്ചു.
രണ്ടാമതൊന്ന് ആലോചിക്കാതെ ട്രംപ് പുസ്തകം പ്രകാശനം ചെയ്യുന്ന വിവരം എല്ലാ സോഷ്യൽ മീഡിയകളിലും വിതറി. ലൈക്കുകൾ കൊണ്ട് എന്റെ ഭാരം ഇരട്ടിയായി.
ഞാൻ കവർ പേജ് ട്രംപിന് ടാഗ് ചെയ്തു മറുപടിക്കായി കാത്തിരുന്നു. കിട്ടാവുന്ന പത്രങ്ങളിൽ ഒക്കെ വരുന്ന ട്രംപിന്റെ വാർത്തകൾ വായിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ട്രംപ് എന്റെ അടുത്ത ആളായിരിക്കുന്നു. ആവശ്യക്കാരന് ഔചിത്യം മാത്രമല്ല, നിലപാടുകളും ഇല്ലല്ലോ. ട്രംപ് മറുപടി അയക്കാത്തപ്പോൾ ഞാൻ നിരാശനായി. അതിനിടയിൽ ഞാൻ ഡെൽഹിയുമായും ബന്ധപ്പെട്ടുകൊണ്ടിരുന്നു. എങ്ങനെയെങ്കിലും ട്രംപിനെ വേദിയിൽ വരുത്തി പുസ്തകം പ്രകാശനം ചെയ്യിച്ചേ പറ്റൂ. ഇന്ത്യയിലെ ഒരു എഴുത്തുകാരനും ഇന്നേ വരെ അമേരിക്കൻ പ്രസിഡന്റിനെ കൊണ്ട് തന്റെ പുസ്തകം പ്രകാശിപ്പിക്കാനുള്ള ഭാഗ്യവും അവസരവും കിട്ടിയിട്ടില്ല. ഇത് വലിയ വാർത്തയാകും. ആളുകൾ എന്റെ പുസ്തകം തിരഞ്ഞു പിടിച്ച് വായിക്കും. നാട്ടിലൊക്കെ കല്യാണത്തിന് ഊട്ടുപുരയിൽ അടുപ്പിലെ ചെമ്പിൽ വെള്ളം തിളച്ചു മറയുന്നുണ്ടാകും, കല്യാണത്തിന് ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അതിൽ അരിയിട്ട് പെട്ടെന്ന് ചോറ് ഊറ്റിയെടുക്കാൻ. അതുപോലെ പബ്ലിഷറെ വിളിച്ച് കൂടുതൽ കോപ്പികൾ വേണ്ടി വരുകയാണെങ്കിൽ അച്ചു നിരത്തി അതിന് തയ്യാറായി ഇരുന്നുകൊള്ളാൻ പറഞ്ഞു.
അപ്പോഴാണ് ഒരു വലിയ സെക്യൂരിറ്റി പ്രശ്നം ഉടലെടുത്തത്. ട്രംപ് വരുന്നുണ്ട് എന്നറിഞ്ഞാൽ ആളുകൾ തിക്കും തിരക്കും കൂട്ടും. അത് വലിയ പ്രശ്നം ആകും എന്ന് ഡൽഹിയിൽ നിന്ന് അറിയിപ്പ് വന്നത്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നാലോചിച്ചപ്പോഴാണ് എന്റെ ഒരു സുഹൃത്ത് ഉപദേശിച്ചത്, നോട്ടീസിൽ “ഉച്ചഭക്ഷണം ഉണ്ടായിരിക്കില്ല” എന്ന് വലിയ അക്ഷരത്തിൽ എഴുതാൻ, എങ്കിൽ പിന്നെ തിക്കും തിരക്കും ഒന്നും ഉണ്ടാവാതെ കഴിക്കാമത്രേ.
അങ്ങനെയിരിക്കുമ്പോഴാണ് ട്രംപിന്റെ ഓഫീസിൽ നിന്നും അവിചാരിതമായൊരു ഫോൺ വരുന്നത്. ട്രംപിന് പുസ്‌തകം പ്രകാശനം ചെയ്യാൻ സമ്മതമാണ്. അതിനു വേണ്ടി വ്യാപാരക്കരാർ ചർച്ചയുടെ സമയം വെട്ടിക്കുറക്കാൻ ട്രംപ് തീരുമാനിച്ചുവത്രെ. ഇത്രയും പ്രധാനപ്പെട്ട ചർച്ച ഒഴിവാക്കി എന്റെ പുസ്തക പ്രകാശനം ട്രംപ് ചെയ്യുമോ? എനിക്ക് സംശയമായി. വ്യാപാരക്കരാറിൽ 30%, 40%, 50% ഇങ്ങനെ തീരുവ പറയാൻ ട്രംപിന് അധിക സമയമൊന്നും വേണ്ടത്രെ. പോരാത്തതിന് നോബൽ സമ്മാനത്തിന്നുള്ള ട്രംപിന്റെ പ്രൊഫൈലിൽ പുസ്തക പ്രകാശനം കൂടി എഴുതി ചേർത്താൽ ഒരു വെയിറ്റ് കിട്ടുമത്രെ.
ഇത് കേട്ടതും ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ട്രംപ് പുസ്തകം പ്രകാശനം ചെയ്യുന്ന വിവരം എല്ലാ സോഷ്യൽ മീഡിയകളിലും വിതറി. ലൈക്കുകൾ കൊണ്ട് എന്റെ ഭാരം ഇരട്ടിയായി. എന്നാലും ചിലർക്കൊക്കെ സംശയം “ട്രംപ് ഒന്നും വരാൻ പോണില്ല , ഇത് മെസ്സി വരും പറഞ്ഞ പോലെ പറ്റിക്കാണ്, ” ചിലരൊക്കെ അടക്കം പറഞ്ഞു. വൈറ്റ് ഹൗസിലെ ഡയറക്റ്റ് ലൈൻ എന്റെ മൊബൈലിൽ സേവ് ചെയ്ത വിവരം അവർക്കറിയില്ലല്ലോ.
ട്രംപ് പുസ്തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് ഞാനെന്റെ യാത്ര എസി കോച്ചിലേക്ക് മാറ്റി. പണം പോയാലെന്താ, ട്രംപിന്റെ ദോസ്തല്ലേ. നാളെ , വൈറ്റ് ഹൗസിലെ ആസ്ഥാന എഴുത്തുകാരനായി എന്നെ നിയമിച്ചുകൂടാ എന്നുണ്ടോ?
അപ്പോഴാണ് ട്രംപിനെ കൊണ്ട് പുസ്തകത്തിന് ഒരു അവതാരിക എഴുതിച്ചാലോ എന്ന് തോന്നിയത്. പുസ്തകം അച്ചടിച്ച് കഴിഞ്ഞു, ഒരു പേജ് തിരുകി കയറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ എന്ന് പ്രസാധകരോട് ചോദിക്കണം. മലയാളമറിയാത്ത ട്രംപ് എങ്ങനെ പുസ്തകത്തിന് അവതാരിക എഴുതും എന്ന് സംശയിച്ചപ്പോഴാണ് ഒരു സുഹൃത്ത് പറഞ്ഞത്, “ഓ, അതൊന്നും സാരമില്ലെന്നേ, ഈ അവതാരിക എഴുതുന്നവരൊക്കെ പുസ്തകം വായിച്ചിട്ടാണോ ചെയ്യുന്നത്. ഒക്കെ എഴുത്തുകാരൻ പറയുന്ന പോലെ അങ്ങട് എഴുതല്ലേ?”. അതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി.
അങ്ങനെ ആഹ്ളാദ പുളകിതനായി ഞാൻ ഇരിക്കുമ്പോഴാണ് വൈറ്റ് ഹൗസിൽ നിന്ന് വീണ്ടും ഫോൺ വന്നത്. ട്രംപിന് വരാൻ പറ്റില്ലത്രേ. അദ്ദേഹം വീട്ടാവശ്യത്തിന് വച്ചിരുന്ന ഒന്നുരണ്ട് മിസൈലുകൾ മോഷണം പോയത്രേ. എലി, പല്ലി ഇവയുടെ അധിനിവേശത്തിൽ നിന്ന് രക്ഷനേടാൻ കരുതിവച്ചതായിരുന്നുവത്രെ രണ്ടു മിസൈലുകൾ. ഇനിയെന്ത് ചെയ്യും? നോട്ടീസടിച്ച് വിതരണം ചെയ്തു കഴിഞ്ഞു. എന്റെ പുസ്തകപ്രകാശനം പോലെ എന്നത് ഒരു പാട്ടാവും നാട്ടിൽ. ട്രംപ് വരാത്ത കാര്യം തൽക്കാലം ആരെയും അറിയിക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടിലെ നഷ്ടപ്പെട്ട മിസൈൽ കണ്ടുകിട്ടിയാൽ ട്രംപ് തീരുമാനം മാറ്റാനും ചടങ്ങിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.
ട്രംപ് ഒപ്പിട്ട കുറെ പുസ്തകങ്ങൾ സ്റ്റേജിലും സദസ്സിലും നടന്ന് വിൽപ്പന നടത്താം എന്ന് കരുതിയതാണ്. ലക്ഷക്കണക്കിന് മിസൈൽ ആസ്തി ഉള്ള ട്രംപിന് ഒരു രണ്ടു മിസൈലുകൾ നഷ്ടപ്പെട്ടതിനാണോ ഇത്ര സങ്കടം. എന്തായാലും ട്രംപിന്റെ ഒപ്പൊന്നും ആർക്കും പരിചിതമാവില്ല. അതുകൊണ്ട് ഞാൻ ട്രംപിന്റെ ഒപ്പ് ഗൂഗിളിൽ നിന്ന് തപ്പിപ്പിടിച്ച് അതിന്റെ അനുകരണം പുസ്തകത്തിൽ പകർത്തി കൊണ്ടിരുന്നു. മുകളിൽ My Handsome, with Love എന്നെഴുതിയത് കൊണ്ട് ട്രമ്പല്ല എന്ന് ആരും കരുതുകയുമില്ല.
- രാജൻ കിണറ്റിങ്കര
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News
