വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തിയ ചെറുകഥ, കവിത മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥാ മത്സരത്തിൽ പി. വിശ്വനാഥൻ രചിച്ച ‘ഇട്ടിക്കോരയുടെ ഡയറി’ ഒന്നാം സമ്മാനം നേടി. അമ്പിളി കൃഷ്ണകുമാർ രചിച്ച ‘മധുവസന്തം’ രണ്ടാം സമ്മാനത്തിനും അർഹമായി.
കവിതാ മത്സരത്തിൽ സമ്മാനാർഹമായ രചനകളൊന്നും കണ്ടെത്തിയില്ല. ഡോ. മിനി തോമസ് രചിച്ച ‘ആത്മമന്ത്രം’ എന്ന കവിതയ്ക്ക് പ്രോത്സാഹന സമ്മാനം നൽകി.
ഓഗസ്റ്റ് 16ന് വസായ് ബി.കെ.സി. സ്കൂളിൽ നടക്കുന്ന സാഹിത്യ ശില്പശാലയിൽ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും.
സാഹിത്യകാരൻ വി.ആർ. സുധീഷ് മുഖ്യാതിഥിയാകും. വയലാർ ശരത്ചന്ദ്രവർമ്മ, ഡോ. സുജിത് ഏവൂരേത്ത് എന്നിവരും പരിപാടിയിൽ പങ്കെടുക്കും. സി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും.
രാജേന്ദ്രൻ കുറ്റൂർ, എ.എം. ദിവാകരൻ, ഇ. ഹരീന്ദ്രനാഥ്, അഡ്വ. ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സാഹിത്യ ശില്പശാലയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി. ഉത്തം കുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം.
