Poem – Rajan Kinattinkara ::
സ്വാതന്ത്ര്യം എന്നത്
ഒരു ദിവസത്തെ
ആഘോഷമല്ല
അനുഭവിച്ച
അസ്വാതന്ത്യങ്ങളുടെ
ഓർമ്മപ്പെടുത്തലാണ്
സ്വാതന്ത്യം എന്നത്
പാരതന്ത്ര്യത്തിൻ്റെ
വിപരീതമല്ല
സ്വാതന്ത്ര്യത്തിൻ്റെ തന്നെ
വിപരീതമാണ്
വിപരീതാർത്ഥത്തിൽ
ദുരുപയോഗം
ചെയ്യുന്ന സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
എന്നത്
നിയന്ത്രണങ്ങളിൽ
നിന്നുള്ള മോചനമല്ല
ബന്ധനങ്ങളിൽ
നിന്നുളള
മോചനമാണ്
സ്വാതന്ത്ര്യങ്ങൾ
ആഘോഷിക്കപ്പെടുന്നതും
ലംഘിക്കപ്പെടുന്നതും
ഇരുട്ടിലാണ്
അതാണ് സ്വാതന്ത്ര്യം
കിട്ടിയത്
അർദ്ധരാത്രിയിലായത്
സ്വതന്ത്രനായി
ജനിക്കുന്ന വ്യക്തിക്ക്
സ്വാതന്ത്ര്യം
നിഷേധിക്കപ്പെടുന്നത്
സ്വ-തന്ത്രങ്ങളിൽ
ജീവിക്കുമ്പോഴാണ്
സ്വാതന്ത്ര്യം
എന്നാൽ
എല്ലാറ്റിൽ നിന്നുമുള്ള
മോചനമല്ല
എല്ലാം ഉൾക്കൊള്ളാനുള്ള
മനസ്സാണ്
അവകാശങ്ങൾ
നിഷേധിക്കപ്പെടുമ്പോഴാണ്
സ്വാതന്ത്ര്യ വാഞ്ഛ
ഉടലെടുക്കുന്നത്
അഭിപ്രായസ്വാതന്ത്ര്യം
മാധ്യമ സ്വാതന്ത്ര്യം
പൗരസ്വാതന്ത്ര്യം
അതിനിടയിൽ
നഷ്‌ടപ്പെടുന്നത്
ചിന്താ സ്വാതന്ത്ര്യമാണ്
ഭൂമിയെ
സ്വതന്ത്രമാക്കിയിട്ടും
അത് സൂര്യന് ചുറ്റും
കറങ്ങുന്നത്
വിധേയത്വമല്ല
കടപ്പാടു കൊണ്ടാണ്
സ്വതന്ത്രമായ
ചിന്തകളിൽ നിന്നാണ്
വിദൂരമായ
സാധ്യതകൾ
രൂപം കൊള്ളുന്നത്
കെട്ടഴിച്ച് വിട്ടിട്ടും
വളർത്തുനായ
ഉമ്മറത്ത്
കാവൽ കിടക്കുന്നത്
സ്വാതന്ത്ര്യം
ഉത്തരവാദിത്വങ്ങളിൽ
നിന്ന് ഒളിച്ചോടലല്ല
എന്നോർമ്മിപ്പിക്കാനാണ്
അസ്വാതന്ത്യത്തെ
കുറിച്ച്
മുറവിളി
കൂട്ടുന്നവരാരും
കിട്ടിയ സ്വാതന്ത്ര്യം
ശരിയായി
വിനിയോഗിച്ചിട്ടില്ല
സ്വാതന്ത്ര്യദിനം എന്നത്
പതാകയും
ദേശീയഗാനവുമല്ല
തൻ്റെ സ്വാതന്ത്ര്യങ്ങൾ
മറ്റുള്ളവർക്ക്
അസ്വാതന്ത്ര്യമാകുന്നില്ല
എന്ന തിരിച്ചറിവാണ്
ഒരു സ്വാതന്ത്ര്യവും
സമരം കൊണ്ട്
നേടിയെടുക്കാനാവില്ല
പക്ഷെ സഹനം കൊണ്ടും
സഹിഷ്ണുത കൊണ്ടും
അത് സാധിക്കും
നിസ്വാർത്ഥമായ
സ്‌നേഹത്തിന്
ഖണ്ഡിക്കാൻ പറ്റാത്ത
അസ്വാതന്ത്ര്യത്തിൻ്റെ
ഒരു ചങ്ങലയുമില്ല
നേർവഴി കാട്ടുന്ന
നിയന്ത്രണങ്ങളെ
ബന്ധനമായി കണ്ടപ്പോഴാണ്
വഴികളിലെ
ചതിക്കുഴികൾ
കാണാതെ പോയത്
സ്വതന്ത്രമായ
ചിന്തകളിൽ
ഞാനും നീയുമില്ല
നമ്മൾ
മാത്രമേയുള്ളു
സ്വതന്ത്രമായ ചിന്തകൾ
സ്വതന്ത്രമായ ഭക്ഷണം
സ്വതന്ത്രമായ നിദ്ര
ഈ സ്വാതന്ത്യങ്ങൾ
നഷ്ടപ്പെടുന്നത്
അത്യാഗ്രഹങ്ങൾ
ബന്ധനം തീർക്കുമ്പോഴാണ്
ഭൂമിയുടെ ഭ്രമണത്തെ
ബന്ധിച്ചാൽ
പകലും രാത്രിയും
മാറി മാറി വരില്ല
അതുപോലെ
മനുഷ്യ ചിന്തയ്ക്ക്
വിലങ്ങിട്ടാൽ
സന്തോഷവും ദുഃഖവും
മാറി മാറി വരില്ല
കരച്ചിൽ എപ്പോഴും
പാരതന്ത്യത്തിൻ്റെ
അടയാളമല്ല
ജനിച്ചു വീണ കുട്ടി
കരഞ്ഞത്
സ്വതന്ത്രനായപ്പോഴാണ്
- രാജൻ കിണറ്റിങ്കര
