കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും ഇന്നും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് കരുത്താകുന്നു.
എന്നാൽ പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ നോർക്കയുടെ നേതൃത്വം വെറും ഒരു ഭരണപരമായ നിയമനമായി മാത്രം കാണാൻ പാടില്ല. അത് പ്രവാസിയുടെ ജീവിതം അടുത്തറിയുന്ന, അവരുടെ പ്രതിസന്ധികളിൽ ഒപ്പമുണ്ടായിരുന്ന ഒരാളുടെ കൈകളിലാകണമെന്നത് ലോകമെമ്പാടുമുള്ള പ്രവാസികൾ ആഗ്രഹിക്കുന്നു.
പ്രവാസിയുടെ പ്രശ്നങ്ങൾ ഫയലുകളിലെ കുറിപ്പുകളല്ല. അത് ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്, ഒരു അമ്മയുടെ കണ്ണീരാണ്, ഒരു വിദ്യാർത്ഥിയുടെ ഭാവിയാണ്, ഒരു തൊഴിലാളിയുടെ ജീവിതമാണ്. അതുകൊണ്ടുതന്നെ നോർക്കയുടെ നേതൃതലത്തിൽ വരേണ്ടത് ഒരു ഫോൺവിളിക്ക് അപ്പുറത്ത് ആശ്വാസമാകാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ്.
വിദേശ പൗരത്വമുള്ള മലയാളികൾക്ക് ഈ കാര്യത്തിൽ നിയമപരമായ ചില പരിമിതികൾ ഉള്ള സാഹചര്യത്തിൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളും ആവശ്യങ്ങളും വർഷങ്ങളായി നേരിട്ട് കൈകാര്യം ചെയ്ത ഒരാളെ നോർക്കയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഈ അവസരത്തിൽ സ്വാഭാവികമായി ഉയർന്നുവരുന്ന പേരാണ് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ്.
പയ്യന്നൂർ കോളേജിൽ കെ.എസ്.യു പ്രവർത്തകനായി പൊതുരംഗത്ത് എത്തിയ ജോജോ തോമസ്, പിന്നീട് മുംബൈയിലെത്തി സ്വന്തം അധ്വാനത്തിലൂടെ വളർന്ന് ഇന്ന് രാജ്യത്തെ ഏറ്റവും സജീവമായ പ്രവാസി പ്രവർത്തകരിൽ ഒരാളായി മാറിയിരിക്കുന്നു.
കോവിഡ് മഹാമാരിയുടെ ഏറ്റവും കഠിനമായ ദിവസങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ ഇന്നും ആയിരക്കണക്കിന് പ്രവാസികളുടെ മനസ്സിലുണ്ട്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് സ്പെഷ്യൽ ട്രെയിൻ യാഥാർഥ്യമാക്കുന്നതിലും അനേകം മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹെല്പ് ഡസ്ക് ആയിരക്കണക്കിന് പ്രവാസി മലയാളികൾക്ക് തുണയായി.
ബോംബെ ഹൈ ബാർജ് ദുരന്തം നടന്നപ്പോൾ ദുരിതമനുഭവിച്ച കുടുംബങ്ങൾക്കൊപ്പം ദിവസങ്ങളോളം അദ്ദേഹം നിന്നു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ മുതൽ ബന്ധുക്കൾക്ക് കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും അദ്ദേഹം നടത്തിയ ഇടപെടൽ മനുഷ്യസ്നേഹത്തിന്റെ വലിയ ഉദാഹരണമായിരുന്നു.
യുക്രൈൻ യുദ്ധവും യമൻ പ്രതിസന്ധിയും ഉൾപ്പെടെ സംഘർഷങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സഹായം എത്തിക്കാനുള്ള ശ്രമങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടു.
ഔദ്യോഗിക പദവിയൊന്നുമില്ലാതെ ഇത്രയധികം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ ഒരാൾക്ക് ഒരു സർക്കാർ ഉത്തരവാദിത്തം ലഭിച്ചാൽ അതിന്റെ ഗുണം എത്രയോ മടങ്ങ് വർധിക്കുമെന്നത് സ്വാഭാവികമായ ചോദ്യമാണ്.
പ്രതിസന്ധികളിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ പ്രവർത്തനം. മഹാരാഷ്ട്രയിലെ സാമൂഹിക സംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാണ് ജോജോ തോമസ്.
മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ മലയാളികളുടെ ഓണപ്പൂക്കളത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് ഉയർത്തിയതും, മറാത്തി–മലയാളി സൗഹൃദത്തിന്റെ പുതിയ അധ്യായമായ “മറാത്തി മലയാളി എത്‌നിക് ഫെസ്റ്റിന്” നേതൃത്വം നൽകിയതും, സാമൂഹികവും സാംസ്കാരികവുമായി നിരവധി കാമ്പുള്ള ചരിത്ര മുഹൂർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.
ഇന്ന് മഹാരാഷ്ട്രയിൽ മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി സംഘടനകൾക്കിടയിലും വിദേശത്തുള്ള നിരവധി മലയാളികൾക്കിടയിലും നോർക്കയുടെ നേതൃത്വത്തിലേക്ക് ജോജോ തോമസിനെ പോലൊരു വ്യക്തിയെ കൊണ്ടുവരണമെന്ന അഭിപ്രായം ശക്തമാകുകയാണ്.
കേരളത്തിലെ ഏത് ജില്ലയിലേക്ക് പോയാലും, ഒരു പ്രതിസന്ധി ഘട്ടത്തിൽ ജോജോ തോമസിന്റെ സഹായം ലഭിച്ചുവെന്ന് പറയുന്ന ഒരാളെയെങ്കിലും കാണാൻ കഴിയുമെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെ അനുഭവം.
ലോകത്തിന്റെ ഏത് കോണിൽ നിന്നായാലും ഒരു മലയാളി സഹായത്തിനായി വിളിച്ചാൽ, അത് സ്വന്തം ആവശ്യമായി ഏറ്റെടുത്ത് അതിന്റെ പിന്നാലെ നടക്കുന്ന ഒരു പ്രവർത്തനശൈലിയാണ് ജോജോ തോമസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
നോർക്കയ്ക്ക് ഇന്ന് വേണ്ടത് പ്രവാസിയുടെ മനസ്സ് വായിക്കാൻ കഴിയുന്ന ഒരു നേതൃത്വത്തെയാണ്. പ്രവാസിയുടെ ഫോൺവിളി എടുക്കുന്ന, അവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നമായി കാണുന്ന, പ്രതിസന്ധി വന്നാൽ നേരിട്ട് എത്തുന്ന ഒരു നേതൃത്വം.
രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം, വർഷങ്ങളായി പ്രവാസികൾക്കൊപ്പം നിന്ന് പ്രവർത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നോർക്കയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ജോജോ തോമസിനെ പരിഗണിക്കണമെന്ന ആവശ്യം ഇന്ന് കൂടുതൽ ശക്തമാകുകയാണ്.

- നെല്ലൻ ജോയി, മുംബൈ
