എന്താണെന്നറിയില്ല, ഇപ്പോൾ കണ്ണനെ കാണാനുള്ള രാത്രി യാത്ര കുറവായിരിക്കുന്നു. ഭക്തി കുറഞ്ഞതാണോ അതോ കണ്ണന് എന്നെ മടുത്തതാണോ എന്നറിയില്ല. കണ്ണന് മടുത്താലും എനിക്ക് മടുക്കാൻ പറ്റില്ലല്ലോ. കണ്ണന് പതിനായിരക്കണക്കിന് ഭക്തർ വേറെയുമുണ്ട്, എനിക്കങ്ങനെയല്ലല്ലോ, സങ്കടം വരുമ്പോൾ ഓടിയെത്താൻ ഒരു കണ്ണനല്ലേ ഉള്ളു.
അങ്ങനെ ഇന്നലെ രാത്രി ഞാൻ എൻ്റെ മുഷിഞ്ഞ സങ്കടത്തിൻ്റെ ഭാണ്ഡവും കക്ഷത്തിങ്കൽ ഇടുക്കി ഗുരുപുരിയിലേക്ക് തിരിച്ചു. മഴവെള്ളം തളം കെട്ടി നിൽക്കുന്ന വഴികളിലൂടെ കൈയിൽ ഒരിലക്കീറുമായി ചാറ്റൽ മഴയെ മറച്ച് ഞാൻ നടന്നു.
എപ്പോഴാണ് ഗുരുവായൂർ എത്തിയതെന്നറിയില്ല. അമ്പല പരിസരത്ത് ചില സെക്യൂരിറ്റി ജീവനക്കാർ അധികാര ദണ്ഡുമായി കറങ്ങുന്നുണ്ട്. വാകച്ചാർത്ത് തൊഴുവാൻ കുറെയാളുകൾ തെക്കേനടയിൽ ഘടികാരസൂചിയുടെ ചലനവും കാതോർത്ത് നിൽക്കുന്നു. ചിലർ സീറ്റിലിരുന്ന് ഉറക്കം തൂങ്ങുന്നു. ക്ലോക്കിൻ്റെ ഒരോ മണിയടിയും നട തുറക്കാനുളള അറിയിപ്പാണെന്ന് ധരിച്ച് മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് എണീക്കുന്ന മറ്റു ചിലർ.
ആളൊഴിഞ്ഞ ദീപസ്തംഭത്തിനരികെ ഞാൻ കണ്ണൻ്റെ കാൽ ചിലങ്കയുടെ നാദം കാതോർത്ത് നിന്നു . നട അടച്ചിരിക്കുന്നു, കണ്ണൻ അകത്താണോ പുറത്താണോ, ഞാൻ വന്നത് അറിഞ്ഞു കാണില്ലേ. ചിന്തകളിൽ അലിഞ്ഞ് അങ്ങനെ നിൽക്കുമ്പോൾ നന്ദനത്തിലെ കുമ്പിടി “എന്താ കേശവാ” എന്ന് വിളിക്കും പോലെ ഒരു ശബ്ദം പുറകിൽ നിന്നും. തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ പുഞ്ചിരിയോടെ കണ്ണൻ.
ഹാവൂ, ആശ്വാസമായി, ഞാൻ കരുതി ഇവിടേക്കുള്ള വരവ് കുറഞ്ഞത് കാരണം കണ്ണൻ എന്നെ മറന്നു കാണുമെന്ന്. ഞാൻ തൊഴുകൈയോടെ പറഞ്ഞു.
അതെങ്ങനെ? ഭക്തർ എന്നെ മറന്നാലും എനിക്ക് ഭക്തരെ മറക്കാൻ പറ്റുമോ ? കണ്ണൻ ചോദിച്ചു.
ആളുകൾക്ക് ഭക്തി കുറയാനെന്താണ് കാരണം? ഞാൻ ചോദിച്ചു.
അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, പ്രാർത്ഥിച്ചിട്ടും ക്ഷേത്രത്തിൽ പോയിട്ടും ഒന്നും ശരിയാവുന്നില്ല എന്ന തോന്നൽ, രണ്ടാമത്തെ എല്ലാം ശരിയായാൽ ഓ, ഇത് എൻ്റെ അധ്വാനം കൊണ്ട് ശരിയായതാണ്. ഭഗവാനൊന്നും ഇതിൽ പങ്കില്ല എന്ന തോന്നൽ. ഒന്നും ശരിയായില്ലെങ്കിലും വിശ്വാസം കൈവിടാത്തവരും എല്ലാം ശരിയായാൽ താനെന്ന ഭാവം കാണിക്കാത്തവരുമാണ് യഥാർത്ഥ ഭക്തർ. അവരെ കുറച്ച് ബുദ്ധിമുട്ടിച്ചാലും ഞാൻ കൈ വിടില്ല. കണ്ണൻ പറഞ്ഞു
അയോധ്യയിൽ, ശബരിമലയിൽ എല്ലായിടത്തു നിന്നും കളവിൻ്റെ വാർത്തകൾ വരുന്നു. ഇവിടെ ഗുരുവായൂരിൽ കണ്ണൻ ഇങ്ങനെ എപ്പഴും കറങ്ങി നടക്കുന്നതു കൊണ്ടാണോ അത്തരം വാർത്തകൾ ഒന്നും വരാത്തത്.
എന്നെ നിങ്ങൾ വിളിക്കുന്നത് തന്നെ കള്ള കൃഷ്ണൻ എന്നല്ലേ, കള്ളൻ്റെ താമസസ്ഥലത്ത് വേറെ കള്ളൻ വരുമോ ? ഭഗവാൻ പൊട്ടിച്ചിരിച്ചു.
അയ്യോ, അത് ശരിക്കും കള്ളൻ എന്ന അർത്ഥത്തിലല്ല, ആ നോട്ടം, ആ പുഞ്ചിരി, ആ ഒളിച്ചു കളി അതിലൊക്കെയുള്ള കുസൃതിയാണ് കള്ളൻ എന്ന് വിളിക്കാൻ കാരണം. ഇനിയിപ്പോൾ വിളിച്ചാലും അതിലിത്ര നീരസപ്പെടാനൊന്നുമില്ല, വെണ്ണ മോഷ്ടിച്ചിട്ടില്ലേ, ഗോപികമാരുടെ വസ്ത്രം അപഹരിച്ചിട്ടില്ലേ, ഞാൻ കള്ളൻ പദത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.
കുട്ടിക്കാലത്ത് നീ സംസാരിച്ചിരുന്നില്ല, ജനിച്ച് മാസങ്ങൾ കഴിഞ്ഞാണ് കരയാൻ പോലും തുടങ്ങിയത്. എന്ന് വച്ച് നിന്നെ ഇപ്പോൾ ഊമരാജൻ എന്ന് വിളിക്കാമോ?
കണ്ണൻ്റെ മറു ചോദ്യം.
അത് പോട്ടെ, അയോധ്യയിൽ ഈ കളവിൻ്റെ വാർത്ത വന്ന ശേഷം ദർശനത്തിന് വരുന്ന ആളുകളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടത്രെ. ഭക്തർക്ക് വിശ്വാസം നഷ്ടപ്പെടുന്നു അല്ലേ അതിനർത്ഥം. ഞാൻ ചോദിച്ചു.
നിൻ്റെ അച്ഛൻ്റെ പേഴ്സ് ഒരാൾ മോഷ്ടിച്ചാൽ നിനക്ക് അച്ഛനോടുള്ള സ്നേഹവും വിശ്വാസവും നഷ്ടപ്പെടുമോ? കണ്ണൻ എന്നെ ഒറ്റ ചോദ്യത്തിൽ തോൽപ്പിച്ചു കളഞ്ഞു.
അതല്ല, ആളുകൾ ചിന്തിക്കുന്നത് ഭഗവാന് മോഷണം തടയാൻ പറ്റാത്തത് എന്താണെന്നാണ് ? ഞാൻ പറഞ്ഞു
അതല്ലേ എത്ര സൂക്ഷ്മതയോടെ കളവ് ചെയ്തിട്ടും അവരൊക്കെ പിടിക്കപ്പെടുന്നത്. കളവിനെ ഭഗവാൻ തന്നെ തടഞ്ഞാൽ ഇവർ കള്ളൻമാരാണെന്ന് ജനം അറിയില്ലല്ലോ. കളവ് നടത്തി പിടിക്കപ്പെടുമ്പോഴല്ലേ അവരുടെ യഥാർത്ഥ മുഖം ജനങ്ങളറിയൂ. ഭഗവാന് അതിനും ഉത്തരമുണ്ട്.
അയോധ്യാ പ്രശ്നം ഉന്നയിക്കാനൊന്നുമല്ല സത്യത്തിൽ ഞാൻ വന്നത്. കണ്ണനെ കണ്ടാൽ പറയാനുളളത് വിട്ട് പോകും.
നിനക്ക് പറയാനുള്ളത് നീ പറയും മുന്നെ ഞാനറിയുന്നത് കൊണ്ടല്ലേ ഞാൻ നിന്നെ വേറെ വിഷയത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത്.
അതെന്താ എൻ്റെ പ്രശ്നങ്ങൾ നിസ്സാരമായി തോന്നുന്നോ കണ്ണന്. ? ഞാൻ ചോദിച്ചു
വിശക്കുന്നവന് ഒരു കുമ്പിൾ കഞ്ഞി കിട്ടാത്തതാണ് വിഷമം, അംബാനിയെ പോലുള്ളവർക്ക് പ്രോഫിറ്റിൽ അൽപ്പം കുറവ് വന്നതായിരിക്കും വിഷമം. അതാണ് മനുഷ്യ മനസ്സ്. കണ്ണൻ പറഞ്ഞു.
നീ സമാധാനമായി പൊക്കോ, കർമ്മങ്ങളിൽ വിശ്വസിക്കൂ. ഞാനുമെൻ്റെ ദൗത്യങ്ങളിലേക്ക് തിരിയട്ടെ. അത്രയും പറഞ്ഞ് കണ്ണൻ കാർമേഘങ്ങൾ നിലാവിനെ മറച്ച അമ്പല പരിസരത്ത് മഴച്ചാറ്റലിലൂടെ എവിടേയോ ഓടി മറഞ്ഞു.
ഒഴുകി വന്ന മുളങ്കുഴൽ നാദത്തിൽ ലയിച്ച് വിയർപ്പിൽ കുതിർന്ന ഭാണ്ഡവും പേറി ഞാൻ തിരിച്ചു നടക്കുമ്പോൾ അമ്പലമണികൾ മുഴങ്ങി. മനസ്സിൽ ഒരു മയിൽപ്പീലി തുണ്ട് കാറ്റിലിളകിയാടി.
- രാജൻ കിണറ്റിങ്കര
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS
