More
    HomeArticleഇന്ത്യൻ ജനാധിപത്യത്തിന് നീതിപീഠത്തിന്റെ കൈത്താങ്ങ്… ഉയർത്തി പ്രതിഷ്ഠിക്കേണ്ട വിധി!!!

    ഇന്ത്യൻ ജനാധിപത്യത്തിന് നീതിപീഠത്തിന്റെ കൈത്താങ്ങ്… ഉയർത്തി പ്രതിഷ്ഠിക്കേണ്ട വിധി!!!

    Published on

    “മോദി മൂർദാബാദ്…”, “അമിത് ഷാ മൂർദാബാദ്…”, “ബി.ജെ.പി. സർക്കാർ മൂർദാബാദ്…” എന്ന് മുദ്രാവാക്യം വിളിച്ചതുകൊണ്ട് മാത്രം ഒരു പൗരനെ നാടുകടത്താനാകുമോ?

    ഈ ഒരു ചോദ്യത്തിന് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവിനൊപ്പമുള്ള മറുപടിയാണ് 2026 ജൂലൈ 2-ന് മുംബൈ ഹൈക്കോടതി നൽകിയത്!!!.

    “Saeed Ahmad Abdul Wahid Chaudhary v. State of Maharashtra & Another”
    (Writ Petition No. 1700 of 2026) കേസിൽ ജസ്റ്റിസ് മാധവ് ജംദാർ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഈ വിധി, കേസ് നടത്തിയ ഒരു വ്യക്തിയുടെയൊ, സംഘടനയുടെയോ നിയമവിജയം മാത്രമല്ല; മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ വിജയമാണ്!!

    സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ചാൽ നിങ്ങൾ അവർക്കെതിരെ കേസുകൾ ചുമത്തുന്നു. ഭരണകൂടം ജനങ്ങളെ സർക്കാരിന്റെ അടിമകളാക്കുകയാണോ?

    എസ്‌.ഡി.പി.ഐ. മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറിയായ സഈദ് അഹമ്മദ് അബ്ദുൽ വഹീദ് ചൗധരിക്കെതിരെ പൗരത്വ ഭേദഗതി നിയമം (CAA), ദേശീയ പൗരത്വ രജിസ്റ്റർ (NRC), ജ്ഞാൻവാപി മസ്ജിദ് വിവാദം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ മഹാരാഷ്ട്രയിൽ സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെയും, പൊതുയോഗങ്ങളുടെയും പേരിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

    അതിനെതുടർന്ന് മഹാരാഷ്ട്ര പൊലീസ് നിയമപ്രകാരം അദ്ദേഹത്തെ ഒരു വർഷത്തേക്ക് മുംബൈയും സമീപ പ്രദേശങ്ങളും വിട്ടുനിൽക്കാൻ നിർദേശിച്ചുകൊണ്ട് Externment Order പുറപ്പെടുവിച്ചു. ആ ഉത്തരവ് ഡിവിഷണൽ കമ്മീഷണറും ശരിവെച്ചു. ഈ ഓർഡറിനെതിരെയാണ് അദ്ദേഹം മുംബൈ ഹൈക്കോടതിയെ സമീപിച്ചത്!!

    കോടതിയിൽ സർക്കാർ ഹാജരാക്കിയ പ്രധാന വാദങ്ങളിലൊന്ന് ഹർജിക്കാരൻ “മോദി മൂർദാബാദ്”, “അമിത് ഷാ മൂർദാബാദ്”, “ബി.ജെ.പി. സർക്കാർ മൂർദാബാദ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നതായിരുന്നു!!!

    അതിന് ജസ്റ്റിസ് മാധവ് ജംദാർ ചോദിച്ച ചോദ്യം ജനാധിപത്യത്തിന്റെ കാതലായ ചോദ്യമായി!! “ഇത്തരം മുദ്രാവാക്യങ്ങൾ വിളിച്ചതുകൊണ്ട് മാത്രം ഒരാളെ നാടുകടത്താൻ എങ്ങനെ കഴിയും? പൗരന്മാർക്ക് സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് അവകാശമില്ലേ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം!!

    തുടർന്ന് കോടതി നടത്തിയ മറ്റൊരു നിരീക്ഷണം രാജ്യത്താകെ ശ്രദ്ധിക്കപ്പെട്ടു.

    “സർക്കാരിന്റെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ചാൽ നിങ്ങൾ അവർക്കെതിരെ കേസുകൾ ചുമത്തുന്നു. ഭരണകൂടം ജനങ്ങളെ സർക്കാരിന്റെ അടിമകളാക്കുകയാണോ?”

    അതോടൊപ്പം പൊലീസിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വത്തെക്കുറിച്ചും കോടതി നൽകിയ വ്യക്തമായ സന്ദേശം കൂടി കാണുക

    “പൊലീസ് പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ സേവകരല്ല; അവർ ജനങ്ങളുടെ സേവകരാണ് (Public Servants).” നിയമം നടപ്പാക്കുന്ന ഏജൻസികളുടെ കൂറ് അധികാരത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തോടല്ല, ഭരണഘടനയോടും നിയമത്തോടുമാകണം എന്ന ജനാധിപത്യ തത്വമാണ് ഈ ഒരു വാചകത്തിലൂടെ കോടതി ഓർമ്മിപ്പിച്ചത്.

    നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്രയും വ്യക്തവും സുശക്തവുമായ ഒരു കോടതി വിധി സർക്കാർ നയങ്ങൾക്കെതിരെ, അനീതിക്കെതിരെ പ്രതിക്ഷേധിക്കുന്നവർക്ക് തീർച്ചയായും ഉണർവ്വേകും എന്ന കാര്യത്തിൽ സംശയമില്ല.

    അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് കേട്ടിട്ടുണ്ടാകും എന്നാൽ ബോംബെ ഹൈക്കോടതിയുടെ ഈ വിധിയെ അപൂർവ്വങ്ങളിൽ അപൂർവ്വമായ വിധി എന്ന് വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു!!

    വാദത്തിനിടെ മഹാരാഷ്ട്രയിലെ രാഷ്ട്രീയ കൂറുമാറ്റങ്ങളെ പരാമർശിച്ച് കോടതി നടത്തിയ “കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ഒരു ‘വാഷിംഗ് മെഷീൻ’ ഇവിടെ ഉണ്ടല്ലോ” എന്ന വാക്കാലുള്ള നിരീക്ഷണവും രാജ്യത്ത് വലിയ ചർച്ചയായി. കോടതിയിലെ വാദത്തിനിടെയുള്ള വക്കാലുള്ള നിരീക്ഷണം ആണെങ്കിൽ പോലും രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന “വാഷിങ് മെഷീൻ” ആരോപണം കോടതിയും നിരീക്ഷിക്കുന്നു എന്ന് പൊതു ജനങ്ങൾക്ക് മനസിലായി.

    അവസാനം കോടതി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് പുറപ്പെടുവിച്ച Externment Order-ഉം അത് ശരിവെച്ച ഡിവിഷണൽ കമ്മീഷണറുടെ ഉത്തരവും റദ്ദാക്കി ഹർജി തീർപ്പാക്കി!!

    ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19(1)(a) രാജ്യത്തെ ഓരോ പൗരനും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.

    അനുച്ഛേദം 19(1)(b) സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശവും ഉറപ്പാക്കുന്നു.

    അപ്പോൾ തന്നെ അനുച്ഛേദം 19(2) പ്രകാരം യുക്തിസഹമായ നിയന്ത്രണങ്ങൾ പൗരൻമാർക്ക് ഏർപ്പെടുത്താൻ ഭരണകൂടത്തിന് അധികാരമുണ്ട്. എന്നാൽ സർക്കാരിനെ വിമർശിക്കുന്നതോ ഭരണനയങ്ങളെ ചോദ്യം ചെയ്യുന്നതോ മാത്രം ഒരാളെ കുറ്റവാളിയാക്കാനോ നാടുകടത്താനോ മതിയായ കാരണമല്ലെന്ന് ഈ വിധി വ്യക്തമാക്കുന്നു.

    അതോടൊപ്പം അനുച്ഛേദം 21 ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യവും അന്തസ്സോടെ ജീവിക്കാനുള്ള അവകാശവും ഇത്തരത്തിലുള്ള ഭരണനടപടികളിലൂടെ ഹനിക്കപ്പെടാൻ പാടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

    ഇവിടെ “ജനാധിപത്യത്തിൽ സർക്കാരും രാജ്യവും ഒന്നല്ല” എന്ന വ്യക്തമായ കാര്യവും നമ്മൾ മനസ്സിൽ ആക്കേണ്ടതുണ്ട്. ഒരു രാജ്യം എന്നത് സർക്കാരിനും മുകളിൽ നിൽക്കുന്ന വിശാല കാഴ്ചപ്പാടാണ്. രാജ്യത്തെ പ്രതിനിധീകരിക്കുന്നവർ താങ്കൾ തന്നെ രാജ്യം എന്നൊരു പ്രതീതി സൃഷ്ടിച്ചു ജനങ്ങളെ വിഡ്ഢികൾ ആകാൻ ശ്രമിക്കുന്ന പ്രവണത ഇന്ത്യയിൽ മാത്രമല്ല വലിയ ജനാധിപത്യ രാജ്യങ്ങളിൽ പോലും ഇന്ന് കാണുന്ന അപകടമാണ്.

    സർക്കാരിനെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതല്ല എന്നും, ഭരണനയങ്ങളെ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമല്ല എന്നും കോടതി പറഞ്ഞു വെയ്ക്കുകയാണ്!!!

    ജനാധിപത്യ രാജ്യത്ത് ഒരു പൗരന്റെ എതിർപ്പിനെയും പ്രതിഷേധത്തെയും ക്രിമിനൽവത്കരിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കും. അക്രമത്തിന് ആഹ്വാനം ചെയ്യുകയോ പൊതുസമാധാനം തകർക്കുകയോ ചെയ്യാത്തിടത്തോളം പ്രതിഷേധം ജനാധിപത്യത്തിന്റെ ജീവനാഡിയാണ്.

    ജനങ്ങളുടെ ശബ്ദത്തെ ഭയപ്പെടുന്ന ഭരണകൂടങ്ങളല്ല, ആ ശബ്ദത്തെ കേൾക്കുന്ന ജനാധിപത്യ സംവിധാനങ്ങളാണ് ശക്തമായ രാഷ്ട്രങ്ങളെ സൃഷ്ടിക്കുന്നത്.

    അതുകൊണ്ടുതന്നെ ബോംബെ ഹൈക്കോടതിയുടെ ഈ വിധി ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് എന്തെന്നാൽ എതിർപ്പ് രാജ്യദ്രോഹമല്ല.. അത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഒരു മൗലിക അവകാശമാണ് എന്ന് ഈ കോടതി വിധിച്ചിരിക്കുന്നു.

    • നെല്ലൻ ജോയി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...