മലയാളം മിഷൻ സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ നാളെ
മലയാളം മിഷന്റെ സീനിയർ ഹയർ ഡിപ്ലോമയായ നീലക്കുറിഞ്ഞി പരീക്ഷ നാളെ (ജൂലൈ 5) നടക്കും. കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഭാഷാപഠന പദ്ധതിയുടെ അവസാനഘട്ടമായ ഈ പരീക്ഷ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പാണ് നടത്തുന്നത്.
മുംബൈയിലെ പരീക്ഷാകേന്ദ്രം ചെമ്പൂർ ആദർശ് വിദ്യാലയമാണ്. രാവിലെ 10 മണി മുതൽ 1.15 വരെ പരീക്ഷ നടക്കും. പരീക്ഷാർഥികൾ രാവിലെ 9.30-നകം പരീക്ഷാകേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
കേരള സർക്കാർ പത്താംതരം പരീക്ഷയ്ക്ക് തുല്യമായി അംഗീകരിച്ചിരിക്കുന്ന ഈ പരീക്ഷ വിജയിക്കുന്നവർക്ക് കേരള സർക്കാർ പി.എസ്.സി. ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകൾ എഴുതാനുള്ള യോഗ്യത ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഇത്തവണ ബഹ്റൈൻ, ഗോവ, ഗുജറാത്ത്, കുവൈത്ത്, പൂനെ, കർണാടക, തമിഴ്നാട്, ഡൽഹി, മുംബൈ എന്നീ ചാപ്റ്ററുകളിൽ നിന്നായി 120 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളിലും, കേരളത്തിന് പുറത്തായി മുംബൈ ഉൾപ്പെടെ ഒമ്പത് കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.
മുംബൈ ചാപ്റ്ററിൽ നിന്ന് ഏഴ് പഠിതാക്കളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പഠനകേന്ദ്രങ്ങളിലെ അധ്യാപകരുടെയും തിരുവനന്തപുരം മലയാളം മിഷൻ ഓഫീസിൽ നിന്നുള്ള വിദഗ്ധരുടെയും മുംബൈ ചാപ്റ്ററിലെ നീലക്കുറിഞ്ഞി അധ്യാപകരുടെയും തീവ്രപരിശീലനത്തിന് ശേഷമാണ് ഇവർ പരീക്ഷയ്ക്ക് തയ്യാറായിരിക്കുന്നത്.
2024-ലെ ആദ്യ നീലക്കുറിഞ്ഞി പരീക്ഷയിൽ മുംബൈയിൽ നിന്ന് പങ്കെടുത്ത 21 പേരും, 2025-ലെ പരീക്ഷയിൽ പങ്കെടുത്ത 19 പേരും ഉന്നത വിജയം നേടിയിരുന്നു. ഇത്തവണയും മികച്ച വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളം മിഷൻ പ്രവർത്തകർ.
മറുനാട്ടിൽ ജനിച്ചുവളർന്ന കുട്ടികൾ മലയാളഭാഷയിലെ ഏറ്റവും ഉയർന്ന പഠനഘട്ടമായ നീലക്കുറിഞ്ഞി പരീക്ഷ എഴുതുന്നത്, മുംബൈയിലെ മലയാളം മിഷന്റെ തുടക്കം മുതൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഭാഷാസ്നേഹികൾക്കും അഭിമാന നിമിഷമാണെന്ന് വിലയിരുത്തപ്പെടുന്നു.
മുംബൈ ചാപ്റ്ററിന്റെ മുൻ അധ്യക്ഷനും നോവലിസ്റ്റുമായ ബാലകൃഷ്ണൻ പരീക്ഷയെഴുതുന്ന എല്ലാ പഠിതാക്കൾക്കും ആശംസകൾ നേർന്നു. പരീക്ഷയ്ക്ക് അവരെ സജ്ജരാക്കിയ അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു.
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
