മുംബൈ: ഏകദേശം ഒന്നരപതിറ്റാണ്ടായി മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും നിർധനരായ സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മലയാളികൂട്ടായ്‌മയായ നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ ഗ്രാമീണ വികസന പദ്ധതിക്ക് നാളെ തുടക്കം. താനെ ജില്ലയിലെ ഷഹാപൂർ താലൂക്കിൽപ്പെടുന്ന വെഹ്‌ലോലി(vehloli )ഗ്രാമത്തിലാണ് ഇത്തവണ നന്മയുടെ കരങ്ങൾ കൈത്താങ്ങാകുന്നത് .ആറ് ഘട്ടങ്ങളിലായി ഒരുവർഷം നീണ്ടുനിൽക്കുന്ന സഹായ പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുന്നത് ഗ്രാമത്തിലെ വിവിധ സ്‌കൂളിലെ 354 വിദ്യാർത്ഥികളാണ്. ഇവർക്കുള്ള പഠന സാമഗ്രികൾ വിതരണം ചെയ്‌തു കൊണ്ട് ഇന്ന് പദ്ധതിക്ക് സമാരംഭം കുറിക്കും .
സാക്ഷരതയിൽ വളരെ പിന്നോക്കം നിൽക്കുന്ന ഗ്രാമത്തിലെ കുട്ടികളുടെ ആരോഗ്യ,പഠന പുരോഗതിക്കൊപ്പം വിദ്യാലയങ്ങളിലെ പരിസ്ഥിതി നിലവാരം മെച്ചപ്പെടുത്തുക എന്നലക്ഷ്യം മുൻനിർത്തിയുമുള്ള പ്രവർത്തനങ്ങൾക്കാണ് സംഘടന തുടക്കം കുറിക്കുന്നതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി സുനിൽ രാജ് പറഞ്ഞു .
മുംബൈയിൽ നിന്നും ഏകദേശം 85 കിലോമീറ്റർ അകലമുള്ള ആദിവാസി ഗ്രാമമാണ് വെഹ്‌ലോലി. വിവിധ സ്‌കൂളിലായുള്ള 354 വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ പഠന സാമഗ്രികൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.രണ്ടാം ഘട്ടത്തിൽ കമ്പ്യുട്ടർ ,ചെടിനടൽ ,മഴ വെള്ള സംഭരണികൾ മറ്റ് സുരക്ഷാസംവിധാനങ്ങൾ എന്നിവ സ്‌കൂളുകൾക്ക് നൽകും. മൂന്നാoഘട്ടത്തിൽ സ്‌കൂളുകളുടെ പെയിന്റിങ് മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ , നാലാം ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും മറ്റും വിതരണം ചെയ്യും.അഞ്ചാം ഘട്ടത്തിൽ മരുന്നുകൾ,പോഷകാഹാരങ്ങൾ എന്നിവ നൽകും ,ആറാം ഘട്ടത്തിൽ വാട്ടർപ്യൂരിഫൈയർ (water purifier),ദീപാവലിക്കുള്ള മധുരപലഹാരങ്ങൾ എന്നിവ വിതരണം ചെയ്യും.ഇങ്ങനെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കാണ് നന്മയുടെ സന്നദ്ധ പ്രവർത്തകർ തുടക്കം കുറിക്കുന്നത്.
കല്യാൺ ആസ്ഥാനമായിട്ടുള്ള ‘നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ‘ ഈ വർഷം തന്നെ ‘നൻമ വിദ്യാഭ്യാസ സഹായ സംരംഭം’ പദ്ധതിയിലൂടെ നൂറോളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്നു.
2014ൽ പാൽഖർ ജില്ലയിലെ മൊക്കട താലൂക്കിലെ ആദിവാസി ഗ്രാമമായ ദണ്ടവൾ ഗാവ് ദത്തെടുത്തു കൊണ്ടാണ് ഗ്രാമീണ വികസനത്തിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് ‘ നന്മ ‘ തുടക്കമിടുന്നത് .ഒരു ഗ്രാമത്തിൻ്റെ വിദ്യാഭ്യാസ-ആരോഗ്യമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി പോഷകാഹാര സമൃദ്ധമായ ഭക്ഷണവും പഠനാവശ്യത്തിനായുള്ള പുസ്തങ്ങളും മറ്റുപകരണങ്ങളും നന്മയുടെ പ്രവർത്തകർ ഇവിടെ വിതരണം ചെയ്തു. ഗ്രാമവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, തിമിര ശസ്ത്രക്രിയ എന്നിവയും നടത്തികൊണ്ടിരുന്നു. 2016ൽ ഷഹാപൂർ താലൂക്കിലെ 8 ജില്ലാ പരിഷത്ത് സ്‌കൂളിലും , ഷഹാപൂർതാലൂക്കിൽ പ്പെടുന്ന പ്ലോട്പ്പാട ആദിവാസി ഗ്രാമത്തിലും 2018ൽ മുഞ്ചച്ചിമേട് ,2019 ൽ വികാസ്‌വാഡി ,2021 ൽ പൽഘർ ജില്ലയിലെ മോർഹണ്ട ,തുടങ്ങിയ ഗ്രാമങ്ങളിലും സമാനമായ സേവന പ്രവർത്തനങ്ങൾചെയ്‌തു.
മഹാരാഷ്ട്രയിലെ ആദിവാസി സമൂഹത്തിൻ്റെ വിദ്യാഭ്യാസവും ആരോഗ്യപരമായ പുരോഗമനവും ശാക്തീകരണവും ലക്ഷ്യമാക്കിയാണ് എല്ലാ പ്രവർത്തനങ്ങളും ചെയ്തുവരുന്നതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വo നൽകുന്ന സുനിൽ രാജ് പറഞ്ഞു.നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയ്തുവരുന്ന പ്രവർത്തനങ്ങൾ ഒരു ടീം വർക്കാണെന്നും സഹായ മനസ്കരായ കുറച്ചു സുഹൃത്തുക്കളുടെ പിന്തുണ എല്ലാ സേവന പ്രവർത്തനങ്ങളുടെയും പിന്നിലുണ്ടെന്നും അദ്ധേഹം പറഞ്ഞു. സമൂഹത്തിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട് കഴിയുന്ന നിർധനരായ ഗ്രാമവാസികളുടെ പുരോഗതിക്കുവേണ്ടി നന്മയുടെ പ്രവർത്തനങ്ങൾ വ്യപിപ്പിക്കാൻ സഹായ മനസ്ക്കരായവരുടെ സഹകരണം തുടർന്നും ആവശ്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു .
സുനിൽരാജിനോടൊപ്പം ദിവ്യ നായർ, മൃദുൽ പ്രഭാകർ ,നന്ദന…തുടങ്ങിയ സേവന തൽപ്പരതയുള്ള ഒരു സംഘം സന്നദ്ധ പ്രവർത്തകർ നന്മയിൽ അംഗങ്ങളായിട്ടുണ്ട് .
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JULY 4, 2026 – SATURDAY 4.30 P.M. | KAIRALI NEWS
