വസായ്: മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണി ഗ്രില്ലിൽ അപകടകരമായി തൂങ്ങിക്കിടന്ന നാലുവയസ്സുകാരിയുടെ ജീവൻ, സമീപ കെട്ടിടത്തിലുണ്ടായിരുന്ന മലയാളി യുവാവിന്റെ സമയോചിത ഇടപെടലിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ നെടുമുടി ചേന്നങ്കരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ ബബിത് വൈജുവാണ് (19) സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ കുരുന്നിന് പുതുജീവൻ സമ്മാനിച്ചത്.
വസായ് വെസ്റ്റിലെ ദോസ്തിക്ക് സമീപമുള്ള ആനന്ദ് വില്ലയിലെ മൂന്നാം നിലയിൽ താമസിക്കുന്ന നിഹ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ സ്വദേശികളായ കൃഷ്ണജിത്ത്–സുമിഷ ദമ്പതികളുടെ മകളായ നിഹ, മാതാപിതാക്കൾ ഗൾഫിലായതിനാൽ മുത്തശ്ശിക്കും അമ്മാവനുമൊപ്പമാണ് വസായിൽ താമസിക്കുന്നത്. വൈകിട്ട് 5.30ഓടെ മുത്തശ്ശി കുട്ടിയെ ഫ്ലാറ്റിലാക്കി പുറത്തുപോയ സമയത്താണ് സംഭവം.
കെട്ടിടത്തിന് താഴെ സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുനിൽക്കുകയായിരുന്ന ബബിത്തിന്റെ ശ്രദ്ധയിലേക്ക് ആദ്യം അപകടസാഹചര്യം എത്തിച്ചത് സുഹൃത്തായിരുന്നു. ബാൽക്കണി ഗ്രില്ലിന്റെ വിടവിലൂടെ പുറത്തേക്ക് കടന്ന്, ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ കണ്ടതോടെ ബബിത്ത് ഒട്ടും സമയം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
ആദ്യം കുട്ടിയുടെ ഫ്ലാറ്റിലേക്ക് ഓടിയെത്തിയെങ്കിലും വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ താഴേക്ക് തിരിച്ചെത്തിയ ബബിത്ത് സമീപവീട്ടിൽ നിന്ന് ഒരു ബെഡ് ഷീറ്റ് സംഘടിപ്പിച്ചു. തുടർന്ന് സുഹൃത്ത് മിഥിലിന്റെ സഹായത്തോടെ കിടക്കവിരി താഴെ വിരിച്ചുപിടിച്ച ശേഷം കുട്ടിയോട് താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. ഒടുവിൽ പിടിവിട്ടു വീണ കുഞ്ഞിനെ ഇരുവരും ചേർന്ന് കിടക്കവിരിയിൽ സുരക്ഷിതമായി താങ്ങിപ്പിടിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ കുട്ടിയുടെ ഇടത് തോളെല്ലിന് പൊട്ടലേറ്റെങ്കിലും, വലിയൊരു ദുരന്തമാണ് ഒഴിവായത്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ബബിത്ത് പറഞ്ഞു: “അടിയന്തര സാഹചര്യങ്ങളിൽ ഒരു നിമിഷം പോലും പാഴാക്കരുത്. പലപ്പോഴും ആളുകൾ മടിച്ചു നിൽക്കുന്നതിനാലാണ് വലിയ അപകടങ്ങൾ സംഭവിക്കുന്നത്. മറ്റൊരാളുടെ ജീവൻ അപകടത്തിലാണെന്ന് കണ്ടാൽ വ്യക്തിപരമായ കാര്യങ്ങളൊന്നും നോക്കാതെ ഉടൻ ഇടപെടാൻ എല്ലാവരും തയ്യാറാകണം.”
സാഹസികമായി കുരുന്നിന്റെ ജീവൻ രക്ഷിച്ച ബബിത്തിനെ അദ്ദേഹം പഠിക്കുന്ന സെന്റ് ഗോൺസാലോ ഗാർസിയ കോളജ് പ്രത്യേക ചടങ്ങിൽ ആദരിച്ചു.
വസായ് അയ്യപ്പ സേവാ സമിതി കമ്മിറ്റി അംഗവും ബിജെപി പ്രവർത്തകനുമായ വൈജുവിന്റെയും ബിന്ദുവിന്റെയും മകനാണ് ബബിത്. അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ സമൂഹമാധ്യമങ്ങളിലും നാട്ടുകാരുടെയിടയിലും വ്യാപക പ്രശംസ നേടുകയാണ്.
